/sathyam/media/media_files/2025/02/04/3b12upC5P6IMx0cAjPRK.jpg)
കൊച്ചി: സംസ്ഥാനത്തിന്റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള സമ്പന്നമായ ആഗോള സമുദ്ര പൈതൃകത്തെ അടയാളപ്പെടുത്തുന്ന പ്രഥമ അന്താരാഷ്ട്ര സ്പൈസ് റൂട്ട് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങി കേരളം. സംസ്ഥാന ടൂറിസം വകുപ്പുമായി സഹകരിച്ച് മുസിരിസ് ഹെറിറ്റേജ് പ്രോജക്റ്റ് സംഘടിപ്പിക്കുന്ന ത്രിദിന സമ്മേളനം 2026 ജനുവരി 6 മുതല്‍ 8 വരെ എറണാകുളം ബോള്‍ഗാട്ടി പാലസില്‍ നടക്കും.
പുരാതന സുഗന്ധവ്യഞ്ജന വിനിമയ പാതകളെ സമകാലിക ആഗോള ചര്‍ച്ചകളുമായി ബന്ധിപ്പിക്കുന്ന ബൗദ്ധിക, സാംസ്‌കാരിക വേദിയായിട്ടാണ് അന്താരാഷ്ട്ര സ്പൈസ് റൂട്ട് സമ്മേളനത്തെ വിഭാവനം ചെയ്തിരിക്കുന്നത്. കേരളത്തെ ഒരു സ്‌പൈസസ് ലക്ഷ്യസ്ഥാനം എന്നതിലുപരി ലോക പൈതൃകത്തിന്റെയും സമുദ്ര നാഗരികതയുടെയും സംഗമസ്ഥാനമായി സ്ഥാപിക്കാനും ഈ വിനിമയ സാധ്യതയെ പുനരുജ്ജീവിപ്പിക്കാനും സമ്മേളനം ലക്ഷ്യമിടുന്നു.
22 രാജ്യങ്ങളില്‍ നിന്നുള്ള 38 വിശിഷ്ട പ്രതിനിധികള്‍ സമ്മേളനത്തിന്റെ ഭാഗമാകും. പ്രമുഖ അക്കാദമിഷ്യന്മാര്‍, ചരിത്രകാരന്മാര്‍, പ്രശസ്ത പുരാവസ്തു ഗവേഷകര്‍, നയതന്ത്രജ്ഞര്‍, നയരൂപീകരണ വിദഗ്ധര്‍, ടൂറിസം മേഖലയിലെ പ്രഗത്ഭര്‍, പ്രശസ്ത കലാകാരന്മാര്‍, സാംസ്‌കാരിക പരിശീലകര്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സ്‌പൈസ് റൂട്ടുകളെ വ്യാപാര ഇടനാഴി എന്നതിലുപരി ഭൂഖണ്ഡങ്ങളിലുടനീളമുള്ള സമൂഹങ്ങളെ രൂപപ്പെടുത്തിയ വിശാലവും പരസ്പരബന്ധിതവുമായ സാംസ്‌കാരിക ആവാസവ്യവസ്ഥയായി പര്യവേഷണം ചെയ്യുന്ന കാഴ്ചപ്പാടുകള്‍ അവര്‍ മുന്നോട്ടുവയ്ക്കും.
കേരളത്തിന്റെ പൈതൃക ടൂറിസം മേഖലയില്‍ അന്താരാഷ്ട്ര സ്പൈസ് റൂട്ട് സമ്മേളനം ഒരു പുതിയ ഘട്ടമാണെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിന്റെ ആഗോള സമുദ്ര വിനിമയ ചരിത്രവും സാധ്യതകളും അടയാളപ്പെടുത്താന്‍ ഇതിലൂടെ സാധിക്കും. ഹെറിറ്റേജ് ടൂറിസം ഇന്ന് 600 ബില്യണ്‍ യുഎസ് ഡോളറിന്റെ ആഗോള വിപണിയെ പ്രതിനിധീകരിക്കുന്ന മേഖലയാണ്. സ്പൈസ് റൂട്ട്സ് കേരളത്തിന് ശക്തവും ആധികാരികവുമായ അവസരങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. കേരളത്തിന്റെ സമുദ്ര ചരിത്ര ബന്ധങ്ങളെ പുനര്‍വിചിന്തനം ചെയ്യുന്നതിലൂടെ ലോകമെമ്പാടുമുള്ള പൈതൃക കേന്ദ്രീകൃത മേഖലയ്ക്ക് ചരിത്രം, സംസ്‌കാരം, പാരമ്പര്യം എന്നിവയില്‍ വേരൂന്നിയ ആഴത്തിലുള്ള അനുഭവങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ആകര്‍ഷകമായ ലക്ഷ്യസ്ഥാനമായി കേരളത്തെ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ഉയര്‍ന്ന മൂല്യമുള്ളതും അനുഭവവേദ്യവും സാംസ്‌കാരികമായി ആഴത്തിലുള്ളതുമായ യാത്രകള്‍ക്കുള്ള വര്‍ദ്ധിച്ചുവരുന്ന ആഗോള ആവശ്യം പ്രയോജനപ്പെടുത്താനുള്ള കേരളത്തിന്റെ ഉദ്ദേശ്യത്തെ സമ്മേളനം സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുഗന്ധവ്യഞ്ജന വ്യാപാര മേഖലയിലെ സമുദ്ര ചരിത്രത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ജീവിതത്തെ കുറിച്ച് സമ്മേളനം ചര്‍ച്ചചെയ്യും. പ്രധാന വിഷയാധിഷ്ഠിത സെഷനുകളില്‍ ഇവ പരിശോധിക്കും. സമുദ്ര വ്യാപാരത്താല്‍ രൂപപ്പെട്ട ഭാഷാ, സാംസ്‌കാരിക വിനിമയം, കുടിയേറ്റം, അറിവ്, വിശ്വാസം, തത്വചിന്ത: സമുദ്ര മേഖലയിലൂടെ വ്യാപിച്ച ശാസ്ത്രം, വൈദ്യശാസ്ത്രം, വിശ്വാസ വ്യവസ്ഥകള്‍, ബൗദ്ധിക പാരമ്പര്യങ്ങള്‍, കൊളോണിയലിസവും പൈതൃകങ്ങളും: മാരിടൈം കൊളോണിയലിസത്തിന്റെ സാംസ്‌കാരികവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കല്‍, സമുദ്ര സാങ്കേതികവിദ്യകളും ലോജിസ്റ്റിക്‌സും: സമുദ്രപാതകളിലൂടെയുള്ള സാധനങ്ങളുടെയും ആശയങ്ങളുടെയും നവീകരണങ്ങളുടെയും കൈമാറ്റത്തിന്റെ ചരിത്രം തുടങ്ങിയ വിഷയങ്ങളില്‍ സമ്മേളനത്തില്‍ ചര്‍ച്ചകള്‍ നടക്കും.
മുസിരിസ് അനുഭവം, സമകാലിക കലാ ഇടപെടല്‍, പാരമ്പര്യ കലകളുടെ ആസ്വാദനം തുടങ്ങിയവ ഉള്‍പ്പെടുന്ന കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിലേക്കുള്ള യാത്രയിലും സമ്മേളനത്തിലെ പ്രതിനിധികള്‍ ഭാഗമാകും. പുരാതന സമുദ്ര പാതകളുടെ ഭാഗമായ മുസിരിസ് പൈതൃക പാതയിലൂടെയുള്ള യാത്ര, ഏഷ്യയിലെ ഏറ്റവും സ്വാധീനമുള്ള ആഗോള കലാ വേദികളിലൊന്നായ കൊച്ചി-മുസിരിസ് ബിനാലെയിലേക്കുള്ള സന്ദര്‍ശനം, കേരള ജൂത ഗാനങ്ങളുടെ ആലാപനം, ലാറ്റിന്‍-ക്രിസ്ത്യന്‍ ക്ലാസിക്കല്‍ നൃത്തനാടകമായ ചവിട്ടുനാടകത്തിന്റെ അവതരണം എന്നിവയാണ് ഇതിന്റെ ഭാഗമായി നടക്കുന്ന പരിപാടികള്‍.
പണ്ഡിതന്മാര്‍, പൈതൃക പ്രൊഫഷണലുകള്‍, ടൂറിസം പങ്കാളികള്‍, സാംസ്‌കാരിക-കലാ പരിശീലകര്‍, വിദ്യാര്‍ത്ഥികള്‍, ആഗോള പൈതൃക പ്രേമികള്‍ എന്നിവര്‍ക്ക് അന്താരാഷ്ട്ര സ്പൈസ് റൂട്ട് സമ്മേളനത്തിന്റെ ഭാഗമാകാം. സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി https://www.keralatourism.org/muzsiris എന്ന പോര്‍ട്ടലിലോ മുസിരിസ് ഹെറിറ്റേജ് പ്രോജക്റ്റുമായോ ബന്ധപ്പെടുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us