New Update
/sathyam/media/media_files/2025/06/18/uzmJ63wBrUSy0UOi5p90.jpg)
തിരുവനന്തപുരം: വ്യവസായ സംരംഭങ്ങളിലെ ആഗോള നിക്ഷേപങ്ങളും സഹകരണങ്ങളും തേടുന്നതിനും സംസ്ഥാനത്തിന്‍റെ നിക്ഷേപ സൗഹൃദ അന്തരീക്ഷം ആഗോള തലത്തില്‍ പരിചയപ്പെടുത്തുന്നതിനുമായി ജനുവരി 19 മുതല്‍ 23 വരെ സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിലേക്ക് (ഡബ്ല്യുഇഎഫ്) വ്യവസായ മന്ത്രി പി രാജീവിന്‍റെ നേതൃത്വത്തില്‍ ഔദ്യോഗിക ഉന്നതതല സംഘത്തെ കേരളം അയക്കും.
മന്ത്രിയെ കൂടാതെ സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, വ്യവസായ വാണിജ്യ അഡീഷണല്‍ ചീഫ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ (കെഎസ്ഐഡിസി) മാനേജിംഗ് ഡയറക്ടര്‍ പി. വിഷ്ണുരാജ് എന്നിവരും അഞ്ചംഗ സംഘത്തില്‍ ഉള്‍പ്പെടുന്നു.
കേരളത്തിന്‍റെ വ്യാവസായിക രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പരിവര്‍ത്തനാത്മക മാറ്റങ്ങള്‍ ദാവോസില്‍ പ്രദര്‍ശിപ്പിക്കുകയും 'ഉത്തരവാദിത്തമുള്ള നിക്ഷേപം, ഉത്തരവാദിത്തമുള്ള വ്യവസായം' എന്ന ബ്രാന്‍ഡ് ഇമേജ് ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ഇത് ഡബ്ല്യുഇഎഫ് 2026 ലെ 'എ സ്പിരിറ്റ് ഓഫ് ഡയലോഗ്' എന്ന പ്രമേയവുമായി പൊരുത്തപ്പെടുന്നതായിരിക്കും. ഹൈടെക്, വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളിലേക്ക് സംസ്ഥാനം മാറുന്നതിനെക്കുറിച്ചും ഇന്‍ഡസ്ട്രി 4.0 അനുസൃതമായ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനെക്കുറിച്ചും കേരള പ്രതിനിധി സംഘം ഉച്ചകോടിയില്‍ പരാമര്‍ശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡബ്ല്യുഇഎഫിലെ പങ്കാളിത്തം കേരളത്തിലെ വ്യവസായ, നിക്ഷേപ അന്തരീക്ഷത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഡബ്ല്യുഇഎഫിലെ പങ്കാളിത്തത്തെ തുടര്‍ന്നാണ് ഭാരത് ബയോടെക്കിന്‍റെ നിക്ഷേപം കേരളത്തിലേക്ക് വന്നത്. ഐകെജിഎസ് വഴി സംസ്ഥാനത്തേക്ക് വലിയ തോതില്‍ നിക്ഷേപം ആകര്‍ഷിക്കാനായതിലും ഡബ്ല്യുഇഎഫിലെ പങ്കാളിത്തം നിര്‍ണായകായി.
'നാഷണല്‍ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് 2024' ല്‍ മികച്ച നേട്ടം കൈവരിച്ച കേരളത്തിന് ദാവോസിലെ ഇന്ത്യ പവലിയനില്‍ പ്രത്യേക ഇടം നല്‍കിയിട്ടുണ്ട്. ആഗോള പങ്കാളികള്‍ക്ക് സംസ്ഥാനത്തിന്‍റെ വ്യാവസായിക നയ പരിഷ്കാരങ്ങളെക്കുറിച്ച് മനസ്സിലാക്കുവാനുള്ള കേന്ദ്രമായി ഇത് പ്രവര്‍ത്തിക്കും. വിജ്ഞാന സമ്പദ് വ്യവസ്ഥ, പരിസ്ഥിതി, ഇഎസ് ജി, ഹൈടെക്, ആധുനിക സാങ്കേതികവിദ്യാധിഷ്ഠിത വ്യവസായങ്ങള്‍ എന്നിവയിലായിരിക്കും കേരളം ശ്രദ്ധ കേന്ദ്രീകരിക്കുക.
സാങ്കേതികവിദ്യ, നൈപുണ്യം, പരിസ്ഥിതി അനുകൂല വ്യവസായ രീതികള്‍ എന്നിവ സംയോജിപ്പിച്ച് സാമ്പത്തികനേട്ടം ഉണ്ടാക്കുന്നതിനായി നിക്ഷേപിക്കുന്നത് എങ്ങനെയെന്ന് ദാവോസില്‍ എടുത്തുകാണിക്കുമെന്ന് മന്ത്രി പറഞ്ഞു. സാമ്പത്തിക വികസനം പാരിസ്ഥിതിക സംവേദനക്ഷമതയുമായി സന്തുലിതമാക്കുക എന്നതാണ് കേരളം മുന്നോട്ടുവയ്ക്കുന്ന പ്രധാന ലക്ഷ്യമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
വ്യാവസായിക സൗഹൃദ അന്തരീക്ഷം, കാലാവസ്ഥാ-പരിസ്ഥിതി അനുകൂല ഘടകങ്ങള്‍, അനുകൂലമായ സര്‍ക്കാര്‍ നയങ്ങള്‍, മികച്ച ഡിജിറ്റല്‍ സാക്ഷരതയുള്ള പ്രൊഫഷണലുകള്‍, ഉയര്‍ന്ന ജീവിത നിലവാരം എന്നിവയിലൂടെ കേരളം നിക്ഷേപത്തിന് അനുയോജ്യമായ സ്ഥലമായി മാറിക്കഴിഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയില്‍ കൊച്ചിയില്‍ നടന്ന ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയില്‍ 449 കമ്പനികളില്‍ നിന്ന് 1.80 ലക്ഷം കോടി രൂപയുടെ താല്‍പ്പര്യ പത്രങ്ങള്‍ സംസ്ഥാനത്തിന് ലഭിച്ചു. ഡൈനിമേറ്റഡ് (ഇറ്റലി), അദാനി ലോജിസ്റ്റിക്സ് തുടങ്ങിയ ആഗോള ഭീമന്മാരുടേത് ഉള്‍പ്പെടെ 100-ല്‍ അധികം പദ്ധതികളില്‍ ഇതിനകം നിര്‍മ്മാണം ആരംഭിച്ചു.
സംസ്ഥാന സര്‍ക്കാര്‍ 22 മുന്‍ഗണനാ മേഖലകളെ തിരിച്ചറിഞ്ഞുകൊണ്ട് നിക്ഷേപ അവസരങ്ങള്‍ക്കും പ്രോത്സാഹനത്തിനുമായി വ്യവസായ നയം ലളിതമാക്കിയിട്ടുണ്ട്. എയ്റോസ്പേസ്, പ്രതിരോധം, റോബോട്ടിക്സ്, ആയുര്‍വേദം, ഇലക്ട്രിക് വാഹനങ്ങള്‍, ഗ്രഫീന്‍, ഹൈടെക് കൃഷി, ലോജിസ്റ്റിക്സ് ആന്‍ഡ് പാക്കേജിംഗ്, നാനോ ടെക്നോളജി, ഫാര്‍മസ്യൂട്ടിക്കല്‍സ്; പുനരുപയോഗ ഊര്‍ജ്ജം, റീട്ടെയില്‍ മേഖല, ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി, ത്രിഡി പ്രിന്‍റിംഗ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
സുസ്ഥിരവും ധാര്‍മ്മികവുമായ വ്യവസായ ഡെസ്റ്റിനേഷന്‍ എന്ന തലത്തിലേക്ക് കേരളത്തിന്‍റെ വ്യാവസായിക ആവാസവ്യവസ്ഥയെ വ്യവസായ വകുപ്പ് വിജയകരമായി പരിവര്‍ത്തനം ചെയ്തു. എല്ലാ സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളും ജില്ലാ വ്യവസായ കേന്ദ്രങ്ങളും ഏകീകൃത ഇഎസ് ജികേന്ദ്രീകൃത ഐഡന്‍റിറ്റി സ്വീകരിച്ച് പുനര്‍നാമകരണം ചെയ്തിട്ടുണ്ട്. 1000 എംഎസ്എംഇകളെ 100 കോടി രൂപയുടെ വിറ്റുവരവുള്ള സംരംഭങ്ങളാക്കി മാറ്റാന്‍ ലക്ഷ്യമിട്ടുള്ള 'മിഷന്‍ 1000' വിജയകരമായി നടപ്പിലാക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു.
എഐ, സ്പേസ് ടെക്നോളജി, ലൈഫ് സയന്‍സസ് തുടങ്ങി ഉയര്‍ന്ന മൂല്യമുള്ളതും മലിനീകരണമില്ലാത്തതുമായ വ്യവസായങ്ങളെ ആകര്‍ഷിക്കുന്നതിനായി അത്തരം ബ്രാന്‍ഡിംഗ് പ്രദര്‍ശിപ്പിക്കാന്‍ ഡബ്ല്യുഇഎഫ് 2026 ലെ പ്രതിനിധി സംഘം പദ്ധതിയിടുന്നുണ്ട്.
കമ്പനികള്‍ ഇഎസ് ജി പാലിക്കുന്നതിനായി ആഗോളതലത്തില്‍ വലിയ സമ്മര്‍ദ്ദം നേരിടുന്നുണ്ടെന്ന് പി.രാജീവ് പറഞ്ഞു. കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതിലൂടെ നിക്ഷേപകര്‍ക്ക് അന്താരാഷ്ട്ര സുസ്ഥിരതാ മാനദണ്ഡങ്ങള്‍ പാലിക്കാനും ട്രാന്‍സ്പരന്‍റ് ഫീഡ്ബാക്ക്-ലിങ്ക്ഡ് റെഗുലേറ്ററി സിസ്റ്റത്തില്‍ (ബിആര്‍എപി 2024) നിന്ന് പ്രയോജനം നേടാനും ഉല്‍പ്പന്നങ്ങള്‍ക്ക് 'ഗ്രീന്‍ പ്രീമിയം' നേടാനുമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക് തുടങ്ങിയ ഐടി പാര്‍ക്കുകളെ പ്രയോജനപ്പെടുത്തി കേരളം ഇന്ത്യയിലെ ഗ്ലോബല്‍ കേപ്പബിലിറ്റി സെന്‍ററുകളുടെ (ജിസിസി) പ്രധാന കേന്ദ്രമായി വളര്‍ന്നുവരുന്നു. ഇന്‍ഫോപാര്‍ക്ക് ഫേസ്-3 ലെ രാജ്യത്തെ ആദ്യത്തെ എഐ ടൗണ്‍ഷിപ്പ്, ആഗോള സ്ഥാപനങ്ങളെ ആകര്‍ഷിക്കുന്നതിനായി വരാനിരിക്കുന്ന ജിസിസി നയം എന്നിവയുള്‍പ്പെടെയുള്ള പ്രധാന വികസനങ്ങളിലൂടെയാണിത്. കൊച്ചി, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളെ നവീകരണത്തിനും നിക്ഷേപത്തിനുമുള്ള പ്രധാന ലക്ഷ്യസ്ഥാനങ്ങളായി ഇത് സ്ഥാപിച്ചിട്ടുണ്ട്.
കേരളത്തിന്‍റെ സവിശേഷമായ ഭൂമിശാസ്ത്രം ലോജിസ്റ്റിക്സിനും വികേന്ദ്രീകൃത വ്യാവസായിക വളര്‍ച്ചയ്ക്കും സഹായിക്കുന്നതാണ് എന്നതാണ് മറ്റൊരു അനുകൂല ഘടകം. 100% ഡിജിറ്റല്‍ സാക്ഷരതയും കെ-ഫോണ്‍ ഹൈസ്പീഡ് ഇന്‍റര്‍നെറ്റും ഉള്‍പ്പെടെ ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍ സംസ്ഥാനത്തിന്‍റെ എല്ലാ കോണുകളിലും ലഭ്യമാണെന്നത് കേരളത്തെ ഒറ്റ വികസിത നഗരമാക്കി മാറ്റുന്നു.
അടുത്തിടെ സമര്‍പ്പിച്ച കേരള അര്‍ബന്‍ പോളിസി കമ്മീഷന്‍ (കെയുപിസി) റിപ്പോര്‍ട്ട് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ 'നഗര കാബിനറ്റുകള്‍'ക്ക് വഴിയൊരുക്കി. ഇത് കാലാവസ്ഥാ-സ്മാര്‍ട്ട് സോണിംഗും മെട്രോപൊളിറ്റന്‍ തലത്തിലുള്ള ഭരണവും സാധ്യമാക്കുന്നു. ഇത് സംസ്ഥാനത്തെ ഇന്ത്യയിലെ സുസ്ഥിര നഗരവല്‍ക്കരണത്തിനുള്ള ദിശാസൂചിയാക്കി മാറ്റുന്നു.
2035 ആകുമ്പോഴേക്കും കേരളത്തിലെ ജനസംഖ്യയുടെ 90 ശതമാനത്തിലധികവും നഗരവല്‍ക്കരിക്കപ്പെട്ട ക്ലസ്റ്ററുകളില്‍ താമസിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് നിക്ഷേപകര്‍ക്ക് ഏകീകൃത വിപണിയും പ്രൊഫഷണല്‍ ജീവനക്കാരെയും ഉറപ്പാക്കുന്നു. അര്‍ബന്‍-ഗ്രേഡ് കണക്റ്റിവിറ്റി, വൈദ്യുതി, അതിവേഗ ഇന്‍റര്‍നെറ്റ് എന്നിവയുടെ സഹായത്തോടെ നിക്ഷേപകര്‍ക്ക് നഗരപ്രാന്തങ്ങളിലോ ഗ്രാമപ്രദേശങ്ങളിലോ നിര്‍മ്മാണ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ കഴിയും.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us