/sathyam/media/media_files/2024/12/04/aEoDyEJfM7oBE9mKokRN.jpg)
കേരള ടൂറിസത്തിന്റെ നവീകരിച്ച വെബ്സൈറ്റ് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പുറത്തിറക്കുന്നു. ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍, ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) വിഷ്ണുരാജ് പി എന്നിവര്‍ സമീപം.
തിരുവനന്തപുരം: അത്യാധുനിക രീതിയില്‍ പുനര്‍രൂപകല്‍പ്പന ചെയ്ത കേരള ടൂറിസത്തിന്റെ വെബ്‌സൈറ്റ് (www.keralatourism.org) ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പുറത്തിറക്കി. 20-ലധികം ഭാഷകളില്‍ കേരളത്തിന്റെ അതുല്യമായ ടൂറിസം ആകര്‍ഷണങ്ങളും ഉത്പന്നങ്ങളും ഉള്‍ക്കൊള്ളുന്ന സമഗ്ര ഡിജിറ്റല്‍ ഗൈഡാണിത്.
നവീകരിച്ച വെബ്‌സൈറ്റ് കേരള ടൂറിസത്തിന് പുതിയ ചുവടുവയ്പാണെന്നും ടൂറിസം മേഖലയിലെ മത്സരം നേരിടുന്നതില്‍ ഇത് പ്രയോജനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ടൂറിസം മേഖലയില്‍ കേരളം മത്സരിക്കുന്നത് മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളോടല്ല, ടൂറിസം വ്യവസായത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന നാലോ അഞ്ചോ പ്രധാന രാജ്യങ്ങളോടാണ്. ഈ പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തിയുള്ള ടൂറിസം പ്രവര്‍ത്തനത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് തിരിച്ചറിഞ്ഞാണ് വെബ്‌സൈറ്റ് നവീകരിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
അത്യാധുനികവും ആകര്‍ഷകവുമായ രീതിയില്‍ നവീകരിച്ച വെബ്‌സൈറ്റ് ഉപഭോക്തൃസൗഹൃദ രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങള്‍, പുതിയ ടൂറിസം ഉത്പന്നങ്ങള്‍, പദ്ധതികള്‍, ഹോട്ടലുകള്‍, ഭക്ഷണം, ഉത്സവങ്ങള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവയെ കുറിച്ചുള്ള വിവരണങ്ങളും ചിത്രങ്ങളും വീഡിയോകളും വെബ്‌സൈറ്റിലുണ്ട്. ഇതുവഴി കൂടുതല്‍ ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനായേക്കും.
2023-24 കാലഘട്ടത്തില്‍ മാത്രം ഒരു കോടിയോളം സന്ദര്‍ശകര്‍ കേരള ടൂറിസം വെബ്‌സൈറ്റിനുണ്ട്. രണ്ട് കോടിയിലേറെ പേജ് വ്യൂസും രേഖപ്പെടുത്തി. സൈറ്റിലെ വിഡിയോകള്‍ക്ക് നിരവധി സന്ദര്‍ശകരുണ്ട്. ലോകത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിലുള്ള കേരളത്തിന്റെ സ്ഥാനം ഒന്നുകൂടി ഉറപ്പിക്കാന്‍ വെബ്‌സൈറ്റ് സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍, ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) വിഷ്ണുരാജ് പി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.