ക്രിമിനല്‍ കേസില്‍ പ്രതികളായാല്‍ ഇനി അഡ്മിഷന്‍ ഇല്ല. പ്രവേശനം നേടുന്നവര്‍ സത്യവാങ്മൂലം നല്‍കണമെന്നും കോളജുകള്‍ക്ക് കേരള യൂനിവേഴ്സിറ്റി വിസിയുടെ സര്‍ക്കുലര്‍. നടപടിയില്‍ പ്രതിഷേധമറിയിച്ച് എസ്എഫ്‌ഐ

New Update
kerala university

തിരുവനന്തപുരം: ക്രിമിനല്‍ കേസില്‍ പ്രതികളായാല്‍ അഡ്മിഷന്‍ ഇല്ലെന്ന തീരുമാനവുമായി കേരള വി സി മുന്നോട്ട്. വിഷയത്തില്‍ കോളജുകള്‍ക്ക് വിസി മോഹന്‍ കുന്നുമ്മല്‍ സര്‍ക്കുലര്‍ അയച്ചിരിക്കുകയാണ്. 

Advertisment

പ്രവേശനം നേടുന്നവര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന് സത്യവാങ്മൂലം നല്‍കണമെന്നും സര്‍ക്കുലറിലുണ്ട്. സത്യവാങ്മൂലം ലംഘിച്ച് കേസില്‍ പ്രതികളായാല്‍ നടപടി എടുക്കാം. സത്യവാങ്മൂലത്തില്‍ നാല് ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 


കോളേജുകളില്‍ നിന്ന് ഡീബാര്‍ ചെയ്യപ്പെട്ടിട്ടുണ്ടോ ? ക്രിമിനല്‍ കേസുകളില്‍ പ്രതികളാണോ ? സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമ കേസുകളിലോ ക്രിമിനല്‍ കേസുകളിലോ ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ ? പരീക്ഷ ക്രമക്കേടില്‍ പെട്ടിട്ടുണ്ടോ ? എന്നിവയാണവ. 


ഈ ചോദ്യങ്ങള്‍ക്ക് പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ മറുപടി നല്‍കണം. സര്‍ക്കുലര്‍ ലംഘിച്ചാല്‍ നടപടി കോളജ് കൗണ്‍സിലിന് തീരുമാനിക്കാമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

അതേ സമയം, നടപടിയില്‍ പ്രതിഷേധമറിയിച്ച് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് രംഗത്തെത്തി.

ചരിത്ര നിഷേധ ഉത്തരവുകള്‍ പൊതുജനങ്ങള്‍ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുമെന്ന് എസ്എഫ്‌ഐ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. വൈസ് ചാന്‍സലറുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്നും പി എസ് സഞ്ജീവ് പറഞ്ഞു.

Advertisment