/sathyam/media/media_files/2025/11/17/vc-2025-11-17-19-58-17.jpg)
തിരുവനന്തപുരം: കേരള സർവകലാശാലയിൽ തനിക്ക് സുരക്ഷയില്ലെന്ന് ചൂണ്ടിക്കാട്ടി നാളെ ചേരാനിരുന്ന സിൻഡിക്കേറ്റ് യോഗം മാറ്റിവച്ച് വൈസ്ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ.
തനിക്ക് സുരക്ഷയൊരുക്കുന്നതിൽ പോലീസ് നിഷ്‍ക്രിയത്വം കാട്ടുന്നെന്നും സെനറ്റ് യോഗത്തിനിടെ തന്നെ തടഞ്ഞുവച്ചവർക്കെതിരേ പരാതി നൽകിയിട്ടും കേസെടുക്കുന്നില്ലെന്നും ഗവർണർക്കും ഡിജിപിക്കും കത്ത് നൽകിയ ശേഷമാണ് സിൻഡിക്കേറ്റ് യോഗം നടത്താനാവില്ലെന്ന് വി.സി പ്രഖ്യാപിച്ചത്. ഇതോടെ സർക്കാരും വി.സിയും തമ്മിലുള്ള പോര് കടുക്കും.
കഴിഞ്ഞ 12ന് ചേർന്ന സെനറ്റ് യോഗത്തിലെ അനിഷ്ട സംഭവങ്ങളാണ് വി.സിയെ ചൊടിപ്പിച്ചത്. സെനറ്റ് മൂന്നര മണിക്കൂർ ബഹളത്തിൽ മുങ്ങി. ഇടത് അംഗങ്ങൾ പ്ലക്കാർഡുകളുമായി വി.സിക്ക് നേരെയും പ്രതിഷേധിച്ചു.
വി.സി രാജി വയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു അവരുടെ പ്രതിഷേധം. സിപിഎം സെനറ്റ് അംഗങ്ങൾ വിസിയെ ഉപരോധിച്ചു. ബഹളം മണിക്കൂറുകളോളം നീണ്ടതോടെ വിസി സെനറ്റ് യോഗം പിരിച്ചുവിടുകയായിരുന്നു.
പുറത്തിറങ്ങിയ വി.സി ഡോ.മോഹനൻ കുന്നുമ്മേലിനെ എസ്.എഫ്.ഐക്കാർ തടഞ്ഞുവച്ചു. വി.സിയുടെ കാറിൽ ഇടിക്കുകയും ചെയ്തു. പൊലീസ് സ്ഥലത്തുണ്ടായിട്ടും സമരക്കാരെ നീക്കിയില്ല. ഈ സമയത്ത് ഉന്നത ഉദ്യോഗസ്ഥരൊന്നും സ്ഥലത്തുണ്ടായിരുന്നില്ല.
/filters:format(webp)/sathyam/media/media_files/2025/11/17/x-2025-11-17-19-52-39.jpg)
അരമണിക്കൂർ കാറിൽ കാത്തിരുന്നിട്ടും സമരക്കാരെ പൊലീസ് നീക്കുന്നില്ലെന്ന് മനസിലാക്കിയ വി.സി ഗവർണർ ആർ.വി ആർലേക്കറെ ഫോണിൽ ബന്ധപ്പെട്ടു. ഗവർണർ ഡിജിപിയെ വിളിച്ച് നിർദ്ദേശം നൽകിയതോടെ, ഉന്നത പൊലീസുദ്യോഗസ്ഥർ സർവകലാശാലയിലെത്തി സമരക്കാരെ നീക്കം ചെയ്തു.
ഇതോടെയാണ് വി.സിക്ക് സർകവകലാശാലാ ആസ്ഥാനത്തിന് പുറത്തിറങ്ങാനായത്. ഇതാണ് സുരക്ഷിതത്വമില്ലെന്ന വി.സിയുടെ വാദത്തിന് ആധാരമായ സംഭവം.
വി.സിക്കെതിരെയുണ്ടായ അതിക്രമത്തിൽ ഡി.ജി.പിക്ക് സർവകലാശാല പരാതി നൽകിയിട്ടും കേസെടുത്തിട്ടില്ല. അക്രമം നോക്കിനിന്ന പോലീസുകാർക്കെതിരെയും നടപടിയില്ല.
തനിക്ക് സുരക്ഷ നൽകുന്നതിൽ പൊലീസ് നിഷ്ക്രിയത്വം പാലിക്കുന്നതായും യൂണിവേഴ്സിറ്റി അധികൃതർക്കും ജീവനക്കാർക്കും സംരക്ഷണം നൽകണമെന്ന ഹൈക്കോടതി ഉത്തരവ് ലംഘിക്കപ്പെട്ടതായും ഗവർണർക്കുള്ള കത്തിൽ വി.സി ചൂണ്ടിക്കാട്ടി.
സുരക്ഷയില്ലാത്തതിനാലാണ് നാളത്തെ സിൻഡിക്കേറ്റ് യോഗം മാറ്റിവയ്ക്കുന്നതെന്ന് അറിയിച്ച് ഡി.ജി.പിക്ക് രജിസ്ട്രാർ കത്ത് നൽകി.
സർവകലാശാലയിൽ സമാധാന അന്തരീക്ഷവും തനിക്ക് സുരക്ഷയും ഉറപ്പുവരുത്തിയ ശേഷമേ സിൻഡിക്കേറ്റ് യോഗം ചേരാനാവൂ എന്ന നിലപാടിലാണ് വൈസ് ചാൻസലർ.
സസ്പെൻഷനിലുള്ള രജിസ്ട്രാർ ഡോ.അനിൽകുമാറിനെ തിരിച്ചെടുക്കുന്നതിന് കഴിഞ്ഞ സിൻഡിക്കേറ്റ് യോഗം പ്രമേയം പാസാക്കിയിരുന്നെങ്കിലും വി.സി ഇത് അംഗീകരിച്ചില്ല. പകരം പ്രമേയം ഗവർണറുടെ പരിഗണനയ്ക്ക് അയച്ചു. ഇതിൽ ഇതുവരെ തീരുമാനമായിട്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us