തിരുവനന്തപുരം: വിജ്ഞാനാധിഷ്ഠിത വ്യവസായത്തിന്‍റെ ലോകത്തിലെ തന്നെ മികച്ച കേന്ദ്രമായി കേരളം വളര്‍ന്നു കൊണ്ടിരിക്കുകയാണെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ഇതിനാവശ്യമായ സംരംഭക ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ പേലോഡ് ഹോസ്റ്റിംഗ് ഉപഗ്രഹമായ 'നിള' വിജയകരമായി വിക്ഷേപിച്ച ടെക്നോപാര്‍ക്കിലെ ഉപഗ്രഹ നിര്‍മ്മാണ കമ്പനിയായ ഹെക്സ്20 യെ അഭിനന്ദിക്കാന്‍ ചേര്‍ന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ടെക്നോപാര്‍ക്ക് ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി ആണ് പരിപാടി സംഘടിപ്പിച്ചത്. പ്രതിധ്വനി എക്സിക്യുട്ടീവ് അംഗമായ അനൂബ് ടി മുരളി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രതിധ്വനി പ്രസിഡന്‍റ് വിഷ്ണു രാജേന്ദ്രന്‍, സ്റ്റേറ്റ് കണ്‍വീനര്‍ രാജീവ് കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
റോബോട്ടിക്സ്, എഐ, ബ്ലോക്ക് ചെയിന്‍, മെഷീന്‍ ലേണിംഗ്, എയ്റോസ്പേസ് ടെക് തുടങ്ങിയ സാങ്കേതികവിദ്യകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ ആഗോളനിലവാരത്തിലുള്ളതാണെന്നും മന്ത്രി പറഞ്ഞു. ടെക്നോപാര്‍ക്കില്‍ നിന്ന് ഒരു സ്റ്റാര്‍ട്ടപ്പായി ആരംഭിച്ച ഹെക്സ്20 എയ്റോസ്പേസ് വ്യവസായത്തില്‍ കേരളത്തില്‍ നിന്നുള്ള ആദ്യ സംരംഭമായിരിക്കും. ഇതിന് പിന്നാലെ എയ്റോസ്പേസ് വ്യവസായവുമായി ബന്ധപ്പെട്ട നിരവധി കമ്പനികള്‍ ഉയര്‍ന്നുവരും.
സംസ്ഥാനത്തെ സംരംഭക ആവാസവ്യവസ്ഥയുടെ വളര്‍ച്ചയില്‍ സര്‍ക്കാരിനും വലിയ പങ്കുണ്ട്. രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് ഉടന്‍ ആരംഭിക്കും. ഡിജിറ്റല്‍ സര്‍വകലാശാല, ബ്ലോക്ക്ചെയിന്‍ പരിശീലന അക്കാദമി എന്നിവയും ഇവിടെയുണ്ട്. സ്കൂള്‍ സിലബസില്‍ എഐ ഉള്‍പ്പെടുത്തിയ ആദ്യ സംസ്ഥാനം കേരളമാണ്. ഓട്ടോമോട്ടീവ് സാങ്കേതികവിദ്യയുടെ പ്രധാന ആഗോള കേന്ദ്രമായി തിരുവനന്തപുരം മാറിക്കഴിഞ്ഞു. അത്യാധുനിക സാങ്കേതികവിദ്യയില്‍ നൈപുണ്യമുള്ളവരുടെ ടാലന്‍റ്പൂളും സംസ്ഥാനത്തുണ്ട്.
ദേശീയ പാത വികസനത്തോടെ ഗ്രാമ- നഗരമെന്ന വിഭജനമില്ലാതെയാകും. വിഴിഞ്ഞം തുറമുഖം പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുന്നതോടെ അസംസ്കൃത വസ്തുക്കളുടെ ശേഖരണം മുതല്‍ ഉത്പാദനവും വിതരണവും വരെയുള്ള ലോജിസ്റ്റിക്സ് കൂടുതല്‍ പ്രായോഗികമാകും. വ്യവസായമേഖലയുടെ വളര്‍ച്ചയ്ക്ക് ഇത് ആക്കം കൂട്ടും. അന്താരാഷ്ട്ര കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കേരളം മികച്ച ആവാസവ്യവസ്ഥയാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.