അതിദരിദ്രരില്ലാത്ത കേരളം: ചേർത്തുപിടിച്ചതിന് നന്ദി പറഞ്ഞ് റോയിയും കുടുംബവും

New Update
ROY CHIRAYIL POVERTY ALLEVIATION  31-10-25

കോട്ടയം: 'ജോലി ചെയ്യാൻ ആരോഗ്യമില്ലെങ്കിലും ബുദ്ധിമുട്ടുകളില്ലാതെ ജീവിതം മുന്നോട്ടു പോകുന്നു. അതിന് നന്ദി പറയേണ്ടത് സർക്കാരിനോടാണ്.'  ആയാംകുടി ചിറയിൽ വീട്ടിൽ റോയിയുടെ വാക്കുകളിൽ നിറയുന്നത് അതിദുരിതകാലം താണ്ടിയതിന്റെ ആശ്വാസമാണ്.

Advertisment

കേരളത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി ഇന്ന് പ്രഖ്യാപിക്കുമ്പോൾ പദ്ധതി വഴി പ്രതീക്ഷയുടെ വഴിയിലേക്ക് ചുവടുവച്ച കുടുംബങ്ങളിലൊന്നാണ് റോയിയുടേത്.

കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലെ 17-ാം വാർഡിലാണ് 56 വയസുകാരനായ റോയി ഭാര്യ നാൻസിക്കും പ്ലസ്ടു വിദ്യാർഥിനിയായ മകൾ കെസിയയ്ക്കുമൊപ്പം  താമസിക്കുന്നത്. മുൻപ്  ഓട്ടോറിക്ഷാ ഓടിച്ച് കുടുംബം പുലർത്തിയിരുന്ന ഇദ്ദേഹം മൂന്നു വർഷത്തിലധികമായി വൃക്കസംബന്ധമായ അസുഖങ്ങൾമൂലം അവശനാണ്.

മകളുടെ പഠനാവിശ്യങ്ങൾക്കു പോലും പണം കണ്ടെത്താൻ  ബുദ്ധിമുട്ടിയിരുന്ന ഘട്ടത്തിലാണ് സംസ്ഥാന സർക്കാർ അതിദാരിദ്ര്യ നിർമാർജ്ജന പദ്ധതി(ഇപിഇപി) പ്രഖ്യാപിക്കുന്നതും കുടുംബം പട്ടികയിൽ ഉൾപ്പെടുന്നതും. ജീർണ്ണിച്ച് നിലംപൊത്താറായ വീട്ടിലായിരുന്നു അന്ന് താമസം.


ലൈഫ് പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റിൽ ഇല്ലാതിരുന്ന കുടുംബത്തെ ഇപിഇപി പദ്ധതിയുടെ ഭാഗമായി ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തുകയും വീട് നിർമിക്കുന്നതിന് സർക്കാർ ധനസഹായം നൽകുകയും ചെയ്തു. ഒരു കൊച്ചു വീടെന്ന കുടുംബത്തിന്റെ ദീർഘനാളത്തെ സ്വപ്നം അങ്ങനെ യാഥാർഥ്യമായി.

ചികിത്സ മുടങ്ങാതിരുന്നതും സർക്കാരിന്റെ കരുതൽകൊണ്ടാണെന്ന് റോയി പറഞ്ഞു. കടുത്തുരുത്തി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ മുഖേന മരുന്നുകൾ എത്തിക്കുന്നുണ്ട്. മെഡിക്കൽ ഓഫീസർ ഉൾപ്പെടുന്ന നേതൃത്വത്തിലുളള സംഘം എല്ലാ മാസവും വീട്ടിലെത്തി പരിശോധന നടത്തുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി സൗജന്യമായി ഇൻസുലിൻ കുത്തിവെയ്പും ലഭിക്കുന്നുണ്ട്.

മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ ആഴ്ചയിൽ മൂന്നു ദിവസം ഡയാലിസിസ് നടത്തണം. ഇതിനായി  സർക്കാർ ആരോഗ്യവകുപ്പ് മുഖേന  48000 രൂപ ആശുപത്രിക്ക് കൈമാറിയിട്ടുള്ളതിനാൽ ഡയലാസിസ് മുടങ്ങാറില്ല.  

കുടുംബത്തിനാവശ്യമായ ഭക്ഷ്യവസ്തുക്കൾ കൃത്യമായി വീട്ടിലെത്തിച്ചു നൽകുന്നുമുണ്ട്. മകളുടെ പഠനോപകരണങ്ങൾ ഉൾപ്പെടെയുള്ള സഹായവും ലഭ്യമാക്കിയെന്നും റോയി പറഞ്ഞു. സ്വകാര്യ കമ്പനിയിൽ ജോലിക്കു പോകുന്ന ഭാര്യക്കു കിട്ടുന്ന തുശ്ചമായ ശമ്പളം മാത്രമാണ് കുടുംബത്തിന്റെ വരുമാനം. 

Advertisment