കേരളത്തിന്റെ ചവിട്ടുനാടകം ഫോട്ടോ ബ്രസല്‍സ് ഫെസ്റ്റിവെല്‍ വെബ്സൈറ്റില്‍ 10-ാമത് ബ്രസല്‍സ് ഫെസ്റ്റ് ജനുവരി 22 മുതല്‍ ഫെബ്രുവരി 22 വരെ

New Update
chavittunadakam
കൊച്ചി: ബെല്‍ജിയത്തിലെ ബ്രസല്‍സില്‍ ജനുവരി 22 മുതല്‍ ഫെബ്രുവരി 22 വരെ നടക്കുന്ന ഫോട്ടോ ബ്രസല്‍സ് ഫെസ്റ്റിവെല്‍ 10-ാം പതിപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ കേരളത്തിന്റെ ചവിട്ടുനാടകവും. തിളങ്ങുന്ന വസ്ത്രം ധരിച്ച ചവിട്ടുനാടക കഥാപാത്രത്തിന്റെ ചിത്രം ഫെസ്റ്റിവല്‍ വെബ്സൈറ്റിലെ രണ്ടാമത്തെ ഫോട്ടോയായിട്ടാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കേരളത്തിലെ ക്രിസ്ത്യന്‍ നൃത്തനാടക പാരമ്പര്യത്തെ ആഗോള ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ഇത് സഹായിക്കും. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന ഫോട്ടോഗ്രാഫിക് പരിപാടികളില്‍ ഒന്നാണ് ഫോട്ടോ ബ്രസല്‍സ് ഫെസ്റ്റിവെല്‍.

കേരള തീരത്തെ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ആഗോള സുഗന്ധവ്യഞ്ജന വ്യാപാരത്തിന്റെയും സാംസ്‌കാരിക കൂട്ടായ്മകളുടെയും കേന്ദ്രമായി അടയാളപ്പെടുത്തിയ മുസിരിസ് പൈതൃകത്തെയും കലകളെയും സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സംസ്ഥാന സംരംഭമായ കൊച്ചി മുസിരിസ് ഹെറിറ്റേജ് പ്രോജക്ടുമായി സഹകരിക്കുന്ന പ്രമുഖ ഫോട്ടോഗ്രാഫര്‍ കെ.ആര്‍ സുനിലിന്റേതാണ് ഫോട്ടോ ബ്രസല്‍സ് അവതരിപ്പിച്ച ചിത്രം.

തീരദേശത്തുനിന്നുള്ള ചവിട്ടുനാടക കലാകാരന്മാരെ അവരുടെ ദൈനംദിന ജീവിതത്തിന്റെ ചട്ടക്കൂടിനുള്ളില്‍ രേഖപ്പെടുത്തുന്ന സുനിലിന്റെ ഫോട്ടോഗ്രാഫിക് പരമ്പരയില്‍ നിന്നാണ് ബ്രസല്‍സ് ഫെസ്റ്റിവെല്‍ വെബ്‌സൈറ്റിലേക്ക് ചിത്രം തെരഞ്ഞെടുത്തിട്ടുള്ളത്. കൊച്ചിയിലെ കടല്‍ക്ഷോഭം ബാധിച്ച വീടുകള്‍ക്ക് മുന്നില്‍ നിര്‍ത്തിയാണ് കഥാപാത്ര വേഷത്തില്‍ കലാകാരന്മാരുടെ ഫോട്ടോ എടുത്തിട്ടുള്ളത്. ഇത് ഒരേസമയം നാടക കഥാപാത്രങ്ങളുടെ ഗാംഭീര്യവും യഥാര്‍ഥ ജീവിതത്തിലെ കഷ്ടതകളെയും പകര്‍ത്തി പാരിസ്ഥിതിക അനിശ്ചിതത്വവും സാംസ്‌കാരിക അതിജീവനവും ചര്‍ച്ച ചെയ്യുന്നു.

മുസിരിസ് ഹെറിറ്റേജ് പ്രോജക്ട്‌സ് ലിമിറ്റഡ് സംസ്ഥാന ടൂറിസം വകുപ്പുമായി സഹകരിച്ച് ഈ മാസം ആദ്യം കൊച്ചിയില്‍ സംഘടിപ്പിച്ച ആദ്യത്തെ അന്താരാഷ്ട്ര സ്പൈസ് റൂട്ട്‌സ് സമ്മേളനത്തില്‍ ഈ ചിത്ര പരമ്പര പ്രദര്‍ശിപ്പിച്ചിരുന്നു. ആഴി ആര്‍ക്കൈവ്‌സിനു വേണ്ടി റിയാസ് കോമു ക്യുറേറ്റ് ചെയ്താണ് ഈ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത്.

കൊച്ചിയിലെ ലാറ്റിന്‍ കത്തോലിക്കാ സമൂഹത്തിലെ പാരമ്പര്യ കലാരൂപമാണ് ചവിട്ടുനാടകം. യൂറോപ്യന്‍ കൊളോണിയല്‍ ഭരണത്തിന്റെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്കുള്ള കടന്നുകയറ്റത്തിന്റെ ആദ്യഘട്ടത്തില്‍ സുഗന്ധവ്യഞ്ജന നഗരമായ കൊച്ചിയില്‍ എത്തിയ പോര്‍ച്ചുഗീസുകാരുടെ ഉള്‍പ്പെടെയുള്ള സാംസ്‌കാരിക സ്വാധീനങ്ങള്‍ക്ക് കൊച്ചി പ്രശസ്തമാണ്.

പതിനേഴാം നൂറ്റാണ്ടില്‍ വികസിച്ച ചവിട്ടുനാടകം ഇന്ത്യന്‍ നൃത്ത, ആയോധനകലാ പാരമ്പര്യങ്ങളെ യൂറോപ്യന്‍ ഓപ്പറ തിയേറ്ററുമായി സമന്വയിപ്പിക്കുന്നു. ബൈബിള്‍ കഥകള്‍, വിശുദ്ധന്മാര്‍, യൂറോപ്യന്‍ രാജാക്കന്മാരുടെ ചരിത്രം എന്നിവയുള്‍പ്പെടെയുള്ള ക്രിസ്തീയ ആശയങ്ങള്‍ ഇത് വിവരിക്കുന്നു. സംഗീതം, നൃത്തം, അഭിനയം, സംഭാഷണം എന്നിവയുടെ മിശ്രിതമാണിത്. ഗാനത്തിലൂടെ കഥ വികസിക്കുമ്പോള്‍ ചവിട്ടുനാടകത്തിന് അവതരണവേഗം കൈവരുന്നു.

മട്ടാഞ്ചേരിയിലെ കൂനന്‍കുരിശിലെത്തിയ തമിഴ്നാട് സ്വദേശിയായ ചിന്നതമ്പി അണ്ണാവി ഈ കലാരൂപത്തിനായി തമിഴില്‍ ആദ്യ നാടകം എഴുതി. ബ്രസീന നാടകം, ഔസേഫ് നാടകം, കത്രീന നാടകം, സാന്റിക്ലോസ് നാടകം, കാള്‍മാന്‍ നാടകം, ജ്ഞാനസുന്ദരി എന്നിവ ജനപ്രിയ നാടകങ്ങളില്‍ ചിലതാണ്.

ആയോധനകലകളില്‍ വൈദഗ്ധ്യമുള്ള കലാകാരന്മാര്‍ക്ക് മാത്രമേ ചവിട്ടുനാടകം അവതരിപ്പിക്കാന്‍ കഴിയൂ. കാരണം കഥാപാത്രങ്ങള്‍ താളത്തിനും സംഗീതത്തിനും സംഭാഷണത്തിനും അനുസൃതമായി വേദിയില്‍ വേഗത്തില്‍ ചുവടുവച്ച് കയറേണ്ടതുണ്ട്. പല കഥാപാത്രങ്ങളും യൂറോപ്യന്‍ രാജാക്കന്മാരായതിനാല്‍ അവരുടെ തിളങ്ങുന്ന വേഷവിധാനങ്ങള്‍ കിരീടം, ചെങ്കോല്‍, രത്‌നങ്ങള്‍ പതിച്ച ആഭരണങ്ങള്‍ എന്നിവയാല്‍ സമ്പന്നമാണ്. വാളുകളും പരിചയുകളുമായിട്ടാണ് യോദ്ധാക്കള്‍ വേദിയില്‍ വരുന്നത്.

ലാറ്റിന്‍ കത്തോലിക്കാ സഭയുടെ രക്ഷാകര്‍തൃത്വത്തോടെയാണ് കൊച്ചിയിലും പരിസരത്തുമുള്ള ചവിട്ടുനാടക സംഘങ്ങള്‍ ഈ കലയില്‍ ഏര്‍പ്പെടുന്നത്. ഈ മാസം ആദ്യം നടന്ന അന്താരാഷ്ട്ര സ്പൈസ് റൂട്ട്‌സ് സമ്മേളനത്തില്‍ പ്രതിനിധികള്‍ക്ക് മുന്നില്‍ ചവിട്ടുനാടകം അവതരിപ്പിച്ചിരുന്നു.

കേരളത്തില്‍ ഒട്ടേറെ പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുള്ള കെ.ആര്‍ സുനിലിന്റെ ചിത്രങ്ങള്‍ ബ്രസല്‍സിലെ മൊഡെസ്റ്റി പെര്‍ഡ്രിയോലെ ഗാലറി, കൊല്‍ക്കത്തയിലെ ബിര്‍ള അക്കാദമി ഓഫ് ആര്‍ട്ട് ആന്‍ഡ് കള്‍ച്ചര്‍, മുംബൈയിലെ സാക്ഷി ഗാലറി, യുഎസ്എയിലെ നെബ്രാസ്‌കയിലെ അസംബ്ലേജ് ആര്‍ട്ട് ഓഫ് ഇന്ത്യ റിഡക്‌സ് തുടങ്ങിയ സ്ഥലങ്ങളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
Advertisment
Advertisment