തിരുവനന്തപുരം: ഡിജിറ്റല്‍ ഗവേര്‍ണന്‍സില്‍ കേരളത്തിലെ ഫയല്‍ നീക്കത്തിന് അതി വേഗം. തദ്ദേശ സ്ഥാപനങ്ങളിലെ ഫയല്‍ നീക്കം ചടുലമാക്കി ഡിജിറ്റല്‍ ഗവേര്‍ണന്‍സിന്റെ മുഖമായ കെസ്മാര്‍ട്ട്. ഓഫീസ് സമയത്തിന് ശേഷം കേരളത്തിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ 7,25,902 ഫയലുകളും അവധി ദിനങ്ങളില്‍ ആകെ 1,49,553 ഫയലുകളും തീര്‍പ്പാക്കി.
മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളുമുള്‍പ്പെടുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ കെസ്മാര്‍ട്ട് നടപ്പാക്കി ഒരു വര്‍ഷം പിന്നിടുമ്പോഴുള്ള കണക്കുകളാണിത്. ആകെ 30.58 ലക്ഷം ഫയലുകളാണ് കെസ്മാര്‍ട്ടില്‍ കൈകാര്യം ചെയ്തത്. ഇതില്‍ 23 ലക്ഷത്തിലധികം ഫയലുകള്‍ തീര്‍പ്പാക്കി (75.6 ശതമാനം). ഇതില്‍ 4,72,250 ഫയലുകള്‍ ഒരു മണിക്കൂറിനകവും 9,12,845 ഫയലുകള്‍ 24 മണിക്കൂറിനകവുമാണ് തീര്‍പ്പാക്കിയത്.
ഏറ്റവും വേഗത്തില്‍ ജനന സര്‍ട്ടിഫിക്കേറ്റ് നല്‍കിയത് ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയാണ് (6.45 മിനുട്ട്). ഏറ്റവും വേഗം മരണ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് തിരുവനന്തപുരം കോര്‍പ്പറേഷനും (8.54 മിനുട്ട്) ഏറ്റവും വേഗം വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ഗുരുവായൂര്‍ മുനിസിപ്പാലിറ്റിയുമാണ് (23.56 മിനുട്ട്).
കെസ്മാര്‍ട്ട് മുഖേനെ 1,708.74 കോടി രൂപയാണ് ഇതിനോടകം ലഭിച്ചത്. ആകെ 41.48 ലക്ഷം സാമ്പത്തിക ഇടപാടുകള്‍ കെ സ്മാര്‍ട്ട് മുഖേനെ നടന്നു. 70,040 കെട്ടിടങ്ങളാണ് കെസ്മാര്‍ട്ട് വഴി അപേക്ഷ നല്‍കി നിര്‍മിച്ചത്. ഒറ്റ അപേക്ഷ വഴി 340 ഡോര്‍ നമ്പര്‍ വരെ കെസ്മാര്‍ട്ടിലൂടെ അനുവദിച്ചിട്ടുണ്ട്. 16,73,639 ബില്‍ഡിങ്ങ് സര്‍ട്ടിഫിക്കറ്റുകളാണ് കെസ്മാര്‍ട്ട് വഴി അനുവദിച്ചത്. ഇതിനോടകം 12.95 ലക്ഷം യൂസര്‍ അക്കൗണ്ടുകള്‍ കെസ്മാര്‍ട്ട് സേവനകങ്ങള്‍ക്കായി ഉണ്ടാക്കി ഉപയോഗിക്കുന്നുണ്ട്. 18,160 സ്ഥാപനങ്ങള്‍ കെസ്മാര്‍ട്ടില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ദിവസങ്ങളും മാസങ്ങളുമെടുത്തിരുന്ന ഫയല്‍ നീക്കം സെക്കന്റുകളും മിനുട്ടുകളുമായി ചുരുങ്ങിയതും ഒട്ടേറെ അപേക്ഷകള്‍ നല്‍കേണ്ട സേവനങ്ങള്‍ പലതും ഒറ്റ അപേക്ഷയിലൂടെ ലഭ്യമാകുന്നതും കെസ്മാര്‍ട്ട് വഴി വന്ന മാറ്റമാണെന്ന് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സന്തോഷ് ബാബു ഐ.എ.എസ് പറഞ്ഞു.
സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസില്‍ ഓരോ ഫയലിന് പിറകേയും സമയം കളയേണ്ടിയിരുന്ന സാഹചര്യം മാറിയെന്നും സാധാരണക്കാര്‍ക്ക് ഓഫീസുകളെ ആശ്രയിക്കാതെ സേവനം ലഭ്യമാകുന്ന തരത്തിലേക്ക് കേരളത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കെസ്മാര്‍ട്ടിലൂടെ മാറി.
അപേക്ഷകള്‍ അപ്രൂവല്‍ ലഭിക്കുന്ന നിമിഷം തന്നെ വാട്‌സാപ്പില്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകുന്ന തരത്തിലാണ് കെസ്മാര്‍ട്ട് പ്രവര്‍ത്തിക്കുന്നതെന്നും പഞ്ചായത്തുകളില്‍ കൂടി സേവനം നല്‍കുന്നതോടെ എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങളും കൂടുതല്‍ സുഗമമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.