കേരളത്തിലെ ജൂത വനിതാ സംഗീത പാരമ്പര്യം വിളിച്ചോതി  'കാര്‍കുഴലി' സംഗീത വിരുന്ന്  ശ്രദ്ധേയമായി

New Update
Karkuzhali
കൊച്ചി: കേരളത്തിലെ ജൂത വനിതകളുടെ സമ്പന്നമായ സംഗീത പാരമ്പര്യം വിളിച്ചോതുന്ന 'കാര്‍കുഴലി' പാട്ടുകളുടെ സംഗീതാവിഷ്കാരം അന്താരാഷ്ട്ര സ്പൈസ് റൂട്ട് കോണ്‍ഫറന്‍സിന്‍റെ ഭാഗമായി അരങ്ങേറി. മധ്യകേരളത്തില്‍ വാമൊഴിയായി പ്രചരിച്ചിരുന്ന ജൂതപ്പാട്ടുകളുടെ ശേഖരം പരേതനായ പ്രൊഫ. സ്കറിയ സക്കറിയയാണ് 'കാര്‍കുഴലി' എന്ന പേരില്‍ സമാഹരിച്ചത്.
Advertisment
 
മുസിരിസ് പൈതൃക പദ്ധതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത പിന്നണി ഗായിക രശ്മി സതീഷ് കാര്‍കുഴലിയിലെ പാട്ടുകള്‍ വേദിയില്‍ അവതരിപ്പിച്ചു. സമാഹാരത്തിന്‍റെ പുസ്തകരൂപം പറവൂര്‍ നഗരസഭാ അധ്യക്ഷന്‍ രമേശ് കുറുപ്പ് ചടങ്ങ് പ്രകാശനം ചെയ്തു. ബ്രിട്ടനിലെ ഗ്ലാസ്ഗോ സര്‍വ്വകലാശാലയില്‍ നിന്നുള്ള ഡോ. ഓഫിറ ഗംലിയേല്‍, മുസിരിസ് പ്രോജക്ട്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഷാരോണ്‍ വി., അന്താരാഷ്ട്ര സ്പൈസ് റൂട്ട് കോണ്‍ഫറന്‍സ് അക്കാദമിക് കണ്‍സള്‍ട്ടന്‍റ് പ്രൊഫ. എം.എച്ച്. ഇല്യാസ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ജൂത സംഗീത പാരമ്പര്യത്തെക്കുറിച്ച് ആധികാരിക പഠനം നടത്തിയ ഡോ. ഓഫിറ, ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. കേരളത്തിന്‍റെ ചരിത്രവും സംസ്കാരവും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്പൈസ് റൂട്ട് കോണ്‍ഫറന്‍സിന്‍റെ ഭാഗമായി ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത്. കാലത്തെ അതിജീവിച്ച ഈ പാട്ടുകള്‍ സംരക്ഷിക്കുന്നതിനോടൊപ്പം പുതിയ തലമുറയ്ക്ക് മുന്നില്‍ അവതരിപ്പിക്കുക എന്നതും ഇതിന്‍റെ ലക്ഷ്യമാണെന്ന് ഷാരോണ്‍ വി ചൂണ്ടിക്കാട്ടി.

നൂറ്റാണ്ടുകളായി കേരളത്തിലെ ജൂത സ്ത്രീകള്‍ തലമുറകളിലേക്ക് കൈമാറി സൂക്ഷിച്ചുപോന്ന ഈ വായ്പ്പാട്ടുകള്‍ കൊച്ചിയുടെ സാമൂഹിക ജീവിതത്തെയും പ്രകൃതിയെയും കുറിച്ചുള്ള കൃത്യമായ അടയാളപ്പെടുത്തലുകളാണ്. കൊച്ചിയിലെ സാധാരണക്കാരായ മനുഷ്യരുടെ ജീവിതം, പരിസ്ഥിതി, പക്ഷിമൃഗാദികള്‍, കൊതുകുകള്‍ തുടങ്ങിയവയെക്കുറിച്ച് വരെ അതിസൂക്ഷ്മമായ വിവരണങ്ങള്‍ ഈ പാട്ടുകളില്‍ ഉള്‍ക്കൊള്ളുന്നു എന്നത് ഇതിന്‍റെ സാംസ്കാരിക പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.
Advertisment