വിദ്യാഭ്യാസ ടൂറിസത്തിന്റെ നവീന സാധ്യതകള്‍ മുന്നോട്ടുവച്ച് കേരളത്തിന്റെ മുസിരിസ് പദ്ധതി

New Update
Kerala Tourism

കൊച്ചി: ഇന്ത്യയിലും വിദേശത്തുമുള്ള അക്കാദമിക, സാംസ്‌കാരിക സ്ഥാപനങ്ങളുമായുള്ള സഹകരണത്തിലൂടെ വിദ്യാഭ്യാസ ടൂറിസത്തിന്റെ നവീന സാധ്യതകള്‍ മുന്നോട്ടുവച്ച് കേരളത്തിന്റെ മുസിരിസ് പദ്ധതി. മുസിരിസിനെക്കുറിച്ചുള്ള കേരള ടൂറിസത്തിന്റെ പദ്ധതി രാജ്യത്തെ വിനോദസഞ്ചാര മേഖലയില്‍ പുതിയ നാഴികക്കല്ലാണ്.

Advertisment

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും യുനെസ്‌കോയുടെയും പിന്തുണയോടെ ഇന്ത്യയിലെ ഏറ്റവും വലിയ പൈതൃക സംരക്ഷണ സംരംഭങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന മുസിരിസ് പൈതൃക പദ്ധതി ഹ്രസ്വകാല കോഴ്സുകള്‍ ആരംഭിക്കുന്നതിനായി ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയുമായി ധാരണാപത്രം ഒപ്പുവച്ചു. മഹാത്മാഗാന്ധി സര്‍വകലാശാലയുമായുള്ള മറ്റൊരു ധാരണാപത്രം അവസാന ഘട്ടത്തിലാണ്. പൈതൃക വ്യാഖ്യാനം, മ്യൂസിയം മാനേജ്മെന്റ്, കല, സാമൂഹികാധിഷ്ഠിത ടൂറിസം, സുസ്ഥിരത, പൈതൃക പഠനങ്ങള്‍ എന്നിവയിലെ പ്രത്യേക പദ്ധതികള്‍ക്ക് ധാരണാപത്രം വഴിയൊരുക്കും.

പദ്ധതിയിലൂടെ അന്താരാഷ്ട്ര സര്‍വകലാശാലകളുമായും സാംസ്‌കാരിക സ്ഥാപനങ്ങളുമായും സഹകരിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു. ഗവേഷണ അവസരങ്ങള്‍ സുഗമമാക്കാനും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. ഈ സംരംഭത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സെപ്റ്റംബറില്‍ ആരംഭിച്ച പ്രോഗ്രാമിന്റെ നാലാമത്തെ ബാച്ചും ഇതിനോടകം പൂര്‍ണ്ണമായും ബുക്ക് ചെയ്യപ്പെട്ടു.

ജനുവരിയില്‍ നടക്കാനിരിക്കുന്ന ഇന്റര്‍നാഷണല്‍ സ്പൈസ് റൂട്ട് ഹെറിറ്റേജ് സിമ്പോസിയമാണ് ഇതിലെ മറ്റൊരു പ്രധാന പരിപാടി. പുരാതന സമുദ്ര സുഗന്ധവ്യഞ്ജന ശൃംഖലയില്‍ മുസിരിസിന്റെ നിര്‍ണായക പങ്കിനെക്കുറിച്ച് ആഗോളതലത്തില്‍ ശ്രദ്ധ പതിപ്പിക്കാന്‍ ഇതിലൂടെ സാധിക്കും.

മുസിരിസ് ഹെറിറ്റേജ് പദ്ധതിക്ക് കീഴില്‍ പൈതൃക കെട്ടിട പുനരുദ്ധാരണം മുതല്‍ ആധുനിക അടിസ്ഥാനസൗകര്യ വികസനം വരെയുള്ള 108 പദ്ധതികള്‍ ഇതിനകം പൂര്‍ത്തിയായി. മുസിരിസിനെ ലോകമെമ്പാടുമുള്ള നാഗരികതകളുമായി ബന്ധിപ്പിക്കുന്ന ശ്രദ്ധേയമായ തെളിവുകള്‍ ഖനനത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, വാസ്തുവിദ്യാ പ്രൊഫഷണലുകള്‍, ഗവേഷണ പണ്ഡിതന്മാർ, ചരിത്ര പഠിതാക്കള്‍ എന്നിവര്‍ക്കായുള്ള പരിപാടികളും തയ്യാറാക്കി. കേരളത്തിലെ പുരാതന വ്യവസായങ്ങള്‍, ചുമര്‍ ചിത്രകല, കരകൗശല വിദഗ്ധരുടെ വാസ്തുവിദ്യാ ജ്ഞാനം, തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട പാചക- കാര്‍ഷിക അറിവുകള്‍ എന്നിവയിലേക്കുള്ള ആഴത്തിലുള്ള പ്രവേശനം ഇത് സാധ്യമാക്കുന്നു.

ഒരു ദിവസം മുതല്‍ പത്ത് ദിവസം വരെ നീണ്ടുനില്‍ക്കുന്ന ഫാം ടൂറുകള്‍, ബോട്ടിംഗ്, ഹെറിറ്റേജ് വാക്ക്, വര്‍ക്ക്‌ഷോപ്പുകള്‍, പുരാവസ്തുശാസ്ത്രത്തിലെയും കലകളിലെയും വിദഗ്ധ സെഷനുകള്‍ എന്നിവയില്‍ പങ്കെടുക്കാന്‍ പദ്ധതിയിലൂടെ അവസരമുണ്ടാകും. ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമുകളില്‍ ചേരുന്നവര്‍ക്ക് ഔദ്യോഗിക മുസിരിസ് പ്രോജക്ട് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും. ഇത് അവരുടെ പഠനത്തിന് അക്കാദമിക് മൂല്യം വര്‍ധിപ്പിക്കാന്‍ ഉപകരിക്കും.

മുസിരിസ് പദ്ധതി പൈതൃക സംരക്ഷണം മാത്രമല്ല ലക്ഷ്യമിടുന്നതെന്നും സര്‍ഗാത്മകതയുടെയും കലയുടെയും സാംസ്‌കാരിക പഠനത്തിലെ മികവിന്റെയും കേന്ദ്രമാക്കി മുസിരിസിനെ മാറ്റുക എന്നതു കൂടിയാണെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. വിപുലമായ ഹെറിറ്റേജ് ഇടനാഴികളിലൂടെ പൈതൃക സംരക്ഷണത്തിന്റെ പുതിയ മാതൃകകള്‍ തീര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസിരിസിന്റെ വര്‍ധിച്ചുവരുന്ന ആഗോള അംഗീകാരം അറിവും സൃഷ്ടിപരവുമായ സമ്പദ്വ്യവസ്ഥയാകുക എന്ന കേരളത്തിന്റെ ദര്‍ശനത്തിന്റെ സ്ഥിരീകരണമാണ്. കൊച്ചി നഗരത്തില്‍ നിന്നും വിമാനത്താവളത്തില്‍ നിന്നും ഒരു മണിക്കൂര്‍ മാത്രം അകലെയുള്ള വൈപ്പിന്‍, പറവൂര്‍ മുതല്‍ കൊടുങ്ങല്ലൂര്‍ വരെ വ്യാപിച്ചുകിടക്കുന്ന ഈ പ്രദേശം ഒരു പ്രധാന ടൂറിസം ലക്ഷ്യസ്ഥാനമായും പൈതൃക പഠനത്തിനുള്ള കേന്ദ്രമായും അതിവേഗം മാറിക്കൊണ്ടിരിക്കുന്നു.

പ്രോഗ്രാം, ഇന്റേണ്‍ഷിപ്പ് അന്വേഷണങ്ങള്‍ക്കായി ബന്ധപ്പെടുക: റീമ എം.എസ്, റിസര്‍ച്ച് അസിസ്റ്റന്റ്, മുസിരിസ് പ്രോജക്ട്‌സ് ലിമിറ്റഡ്
ഇമെയില്‍:muzirisinternship@gmail.com | muziris@keralatourism.org
ഫോണ്‍: +91 7902262781
Advertisment