കോട്ടയം: അപ്രതീക്ഷിത നീക്കത്തിലൂടെ ജോര്‍ജ് കുര്യന്‍ കേന്ദ്ര മന്ത്രി സ്ഥനത്തേക്കെത്തുമ്പോള്‍ ബി.ജെ.പി ലക്ഷ്യം വെക്കുന്നത് ക്രൈസ്തവ സഭയെ ചേര്‍ത്തു നിര്‍ത്താന്‍. കഴിഞ്ഞ കുറെക്കാലമായി കേരളത്തില്‍ വേരുറപ്പിക്കാന്‍ ക്രൈസ്തവ സമുദായ പിന്തുണ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. ഇതിന്റെ തുടര്‍ച്ചയെന്നോണമാണു ജോര്‍ജ് കുര്യന്റെ കേന്ദ്ര മന്ത്രി സ്ഥാനവും വിലയിരുത്തപ്പെടുന്നത്. തെരഞ്ഞെടുപ്പ് മത്സര രംഗത്തോ, ഫലം അറിഞ്ഞ ശേഷം പരിഗണിക്കുന്നവരുടെ പേരുകളിലോ പോലും പറഞ്ഞു കേള്‍ക്കാതിരുന്ന പേരായിരുന്നു ജോര്‍ജ് കുര്യന്റേത്.
എന്നാല്‍, ദേശീയ നേതൃത്വവുമായുള്ള ഊഷ്മള ബന്ധവും ബി.ജെ.പിയുടെ ന്യൂനപക്ഷ സ്‌നേഹവും മന്ത്രി സ്ഥാനത്തെ ജോര്‍ജിലേക്ക് അടുപ്പിച്ചു. തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തില്‍ ക്രിസ്ത്യന്‍ സമൂഹത്തിന്റെ പിന്തുണയും നിര്‍ണായകമായെന്ന വിലയിരുത്തലും ബി.ജെ.പിക്കുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ ജോർജ് കുര്യൻ ഡല്‍ഹിയില്‍ എത്തിയതും പോലും ആരുടെയും ശ്രദ്ധയില്‍ എത്തിയില്ല. മോഡി അധികാരമേല്‍ക്കുന്നതുമായി ബന്ധപ്പെട്ടു കേരളത്തില്‍ നിന്നു ക്ഷണിക്കപ്പെട്ട 150 ബി.ജെ.പി. നേതാക്കളില്‍ ഒരാള്‍ മാത്രമായാണു കരുതിയിരുന്നത്. ജനസംഘം കാലം മുതല്‍ രാഷ്ട്രീയത്തില്‍ സജീവമായ ജോര്‍ജ് കുര്യന്‍ വിമര്‍ശന ശരങ്ങള്‍ ഏറ്റുവാങ്ങിയപ്പോഴും ബി.ജെ.പിയ്‌ക്കൊപ്പം ചേര്‍ന്നു നിന്നയാളാണ്. അമിതമായ അവകാശ വാദമോ, ആക്രോശമോ ഇല്ലാതെ എതിരാളികളെ വിമര്‍ശിക്കുകയും പാര്‍ട്ടി താത്പര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു ചാനല്‍ ചര്‍ച്ചകളിലൂടെ മലയാളികള്‍ക്കു സുപരിചിതനുമാണ്.
മണിപ്പൂര്‍ വിഷയം കത്തിക്കയറിയ നാളുകളില്‍ പാര്‍ട്ടിയ്ക്കു പ്രതിരോധം തീര്‍ത്തുള്ള പക്വമായ ജോര്‍ജിന്റെ വാക്കുകള്‍ ദേശീയ നേതൃത്വത്തിന്റെയും ശ്രദ്ധയില്‍പ്പെട്ടിരുന്നു. അല്‍ഫോന്‍സ് കണ്ണന്താനത്തിലൂടെ ലക്ഷ്യമിട്ടതു പോലെ, ക്രിസ്ത്യന്‍ സമൂഹത്തിനു ബി.ജെ.പിയോടുള്ള അകല്‍ച്ച കുറയ്ക്കുകയെന്ന ലക്ഷ്യവും ബി.ജെ.പി. കേന്ദ്ര നേതൃത്വം ജോര്‍ജിന്റെ മന്ത്രി പദവിയിലൂടെ ലക്ഷ്യമാക്കുന്നുണ്ട്.
ബി.ജെ.പി ക്രിസ്ത്യന്‍ വിരുദ്ധ പാര്‍ട്ടിയെന്ന ആരോപണം ഉന്നയിച്ചപ്പോള്‍ എല്ലാം ശക്തമായി പ്രതിരോധം തീര്‍ക്കാന്‍ ജോര്‍ജിനു കഴിഞ്ഞിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ അദ്ദേഹത്തിന്റെ കേന്ദ്ര മന്ത്രി സ്ഥാനം ഉറപ്പിക്കുന്നതിന് കാരണമായി. കേരളത്തിലെ ക്രൈസ്തവ മത നേതാക്കളോട് അടുത്ത ബന്ധം പുലര്‍ത്തുന്ന ജോര്‍ജു കുര്യനിലൂടെ ബി.ജെ.പിക്ക് സമുദായവുമായി കൂടുതല്‍ അടുക്കാന്‍ സാധിക്കും. ഇതിലൂടെ സംസ്ഥാനത്ത് പാര്‍ട്ടിക്ക് വലിയ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നും ബി.ജെ.പി. വിശ്വസിക്കുന്നു.