/sathyam/media/media_files/2025/09/05/1494579-sujith-police-2025-09-05-08-58-45.webp)
തൃശൂർ: യൂത്ത് കോൺഗ്രസ് നേതാവ് വി.എസ് സുജിത്തിനെ ക്രൂരമായി മർദിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ചത് ലളിതമായ നടപടി മാത്രമാണ്. ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചുവെന്ന് കഴിഞ്ഞ ദിവസം തൃശൂർ ഡിഐജി ഹരിശങ്കർ പറഞ്ഞിരുന്നു. എന്നാൽ എന്താണ് നടപടിയെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചെങ്കിലും അത് പരിശോധിക്കണം എന്ന് പറഞ്ഞു അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു.
പൊലീസിൽ സ്റ്റേഷനിൽവെച്ച് നടന്ന അതിക്രൂരമായ മർദനത്തെ ലളിതവത്കരിക്കുന്ന റിപ്പോർട്ടാണ് ഡിഐജി ഡിജിപിക്ക് നൽകിയത്. കൈകൊണ്ട് ഇടിച്ചു എന്ന കുറ്റം മാത്രമേ ചെയ്തിട്ടുള്ളൂവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കുറ്റാരോപിതരെ സ്ഥലംമാറ്റിയെന്നും ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ സമീപ സ്റ്റേഷനിലേക്കുള്ള സ്ഥലംമാറ്റം ശിക്ഷാനടപടിയായി കണക്കാക്കാനാവില്ലെന്ന വിമർശനമുണ്ട്.
കോടതി പ്രതിചേർത്ത സിപിഒ ശശിധരനെതിരെ പൊലീസ് അച്ചടക്ക നടപടി സ്വീകരിച്ചിട്ടുമില്ല. പ്രതിചേർത്തതിൽ മൂന്നുപേർക്കെതിരെ മാത്രമാണ് നടപടി സ്വീകരിച്ചത്. സുജിത്തിനെ മർദിക്കുന്ന ദൃശ്യങ്ങളിൽ ശശിധരൻ ഇല്ലെന്ന പേരിലാണ് അദ്ദേഹത്തെ ഒഴിവാക്കിയത്. എന്നാൽ ഈ വാദം തള്ളുന്നതാണ് പുറത്തുവന്ന ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ അന്വേഷണ റിപ്പോർട്ട്.
സുജിത്തിനെ പോലീസ് സ്റ്റേഷനിൽ എത്തിക്കുമ്പോൾ ശശിധരൻ പുറത്തുനിന്ന് കയറിവരുന്നത് സിസിടിവി ദൃശ്യത്തിൽ വ്യക്തമെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ജിഡി ചാർജിൽ ഉണ്ടായിരുന്ന ശശിധരൻ പുറത്തുനിന്ന് വന്നതിനാൽ സുജിത്തിനെ ദേഹോപദ്രവം ഏൽപ്പിച്ചു എന്ന കാര്യം സംഭവിക്കാൻ സാധ്യതയുള്ളതാണെന്നാണ് അന്വേഷണ റിപ്പോർട്ടിലെ നിഗമനം. അന്വേഷണ റിപ്പോർട്ട് നിലനിൽക്കെയാണ് ശശിധരനെതിരായ നടപടി ഒഴിവാക്കിയത്.
യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ് സുജത്തിനെ അകാരണമായി പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. 2023 ഏപ്രിൽ അഞ്ചിനാണ് സുജിത്തിനെ പൊലീസ് മർദിച്ചത്. എസ്‌ഐ നുഹ്മാൻ, സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവരയാരിന്നു സുജിത്തിനെ മർദിച്ചത്.