കോട്ടയം: കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങള്‍ക്ക് 2023 ഫെബ്രുവരിക്കു ശേഷം പെന്‍ഷന്‍ നല്‍കിയിട്ടുണ്ടോ എന്നതു സംബന്ധിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ടു സമര്‍പ്പിക്കണമെന്നു മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ്. കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ക്കാണു കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്.
2024 ഏപ്രില്‍ 1 നു ശേഷം മാത്രമേ പെന്‍ഷന്‍ വിതരണം പുനഃസ്ഥാപിക്കാന്‍ കഴിയുകയുള്ളുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു കമ്മീഷന്‍ നടപടി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. കേരള കെട്ടിട നിര്‍മാണ തെഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
ബോര്‍ഡില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും തനത് ഫണ്ടില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ബോര്‍ഡിനു കെട്ടിട ഉടമകളില്‍ നിന്നും പിരിച്ചെടുക്കുന്ന ബില്‍ഡിങ് സെസ് മാത്രമാണ് ഏക വരുമാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഒന്നര വര്‍ഷത്തോളം വരുമാനം ഗണ്യമായി കുറഞ്ഞതാണു പെന്‍ഷന്‍ മുടങ്ങാന്‍ കാരണമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. പെന്‍ഷന്‍ മാത്രം വിതരണം ചെയ്യാന്‍ ഒരു മാസം 60 കോടി രൂപ വേണ്ടി വരുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
2024 ഏപ്രില്‍ 1 മുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍ വഴി സെസ് പിരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതു വഴി കുടിശിക നല്‍കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടിലുണ്ട്. പാലാ സ്വദേശി വര്‍ഗീസ് സമര്‍പ്പിച്ച പരാതിയിലാണു നടപടി.