/sathyam/media/media_files/2025/02/07/0xIfDR8NH9ZKVt0iDFDr.jpg)
കൊച്ചി: സംസ്ഥാനത്തുടനീളം ഇന്റര്‍നെറ്റ് കണക്ഷനുകള്‍ നല്‍കി ഡിജിറ്റല്‍ ഡിവൈഡിന് ബദലായി കെഫോണ്‍. ഇൻ്റർനെറ്റ് എന്നത് ഒഴിവാക്കാൻ പറ്റാത്ത ഒരു അഭിവാജ്യ ഘടകമായി മാറിക്കഴിഞ്ഞ സാഹചര്യത്തിൽ കേരളത്തിൻ്റെ മുഖമുദ്രയായി മാറിയിരിക്കുകയാണ് കെഫോൺ.
ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം വിപണിയായ ഇന്ത്യയിലെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നേടിയ ആദ്യ സംസ്ഥാനമായി കേരളം മാറിയതിൽ കെഫോണിന്റെ പങ്ക് വളരെ വലുതാണ്. പഠനം, ജോലി തുടങ്ങിയ എല്ലാ മേഖലകളും ഡിജിറ്റലൈസ് ആയി മാറിക്കഴിഞ്ഞു.
വസ്ത്രം, ആഹാരം, പാർപ്പിടം എന്നിവ പോലെ തന്നെ അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് ഇൻ്റർനെറ്റും. എന്നാൽ പല ഉൾനാടൻ പ്രദേശങ്ങളിലും മലയോര മേഖലകളിലും ഇൻ്റർനെറ്റ് കണക്ഷനുകൾ എത്തിക്കാൻ ഇന്നും ബുദ്ധിമുട്ടാണ്.
മാത്രവുമല്ല, സ്വകാര്യ ഇൻ്റർനെറ്റിൻ്റെ നിരക്കും ഒരു വെല്ലുവിളിയായി തുടരുകയാണ്. ഈയൊരു സാഹചര്യം മറികടക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് പദ്ധതിയാണ് കെഫോൺ.
ഇൻ്റർനെറ്റ് ലഭ്യത ഏതൊരു പൗരൻ്റെയും അടിസ്ഥാന ആവശ്യമായി പ്രഖ്യാപിച്ചുകൊണ്ടാണ് കേരള സർക്കാർ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. എല്ലാവർക്കും കുറഞ്ഞ നിര്ക്കിൽ ഇൻ്റർനെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി, ഇന്ന് 1,37,000 ലധികം കണക്ഷനുകൾ ജനങ്ങളിലേക്ക് എത്തിച്ചുക്കൊണ്ടിരിക്കുകയാണ്.
2023 ൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ച പദ്ധതി വളരെ കുറഞ്ഞ കാലയളവുകൊണ്ട് തന്നെ ജനപ്രിയമായി മാറിക്കഴിഞ്ഞു എന്നതിന്റെ തെളിവാണ് ഈ അഭിമാനകരമായ നേട്ടം സൂചിപ്പിക്കുന്നത്.
സാധാരണക്കാര്‍ക്കും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്കും ഏറ്റവും കുറഞ്ഞ ചെലവില്‍ മികച്ച ഇന്റര്‍നെറ്റ് ഒരുക്കാന്‍ സാധിച്ചു എന്നുള്ളത് ശ്രദ്ധേയമാണ്. മാത്രമല്ല തമിഴ്നാട് ഉൾപ്പടെയുള്ള ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളും കേരളത്തിൻ്റെ ഈ മാതൃക പിന്തുടർന്ന് തങ്ങളുടെ ജനങ്ങൾക്ക് ഹൈ സ്പീഡ് ഇൻ്റർനെറ്റ് ലഭ്യമാക്കാൻ ഉള്ള പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്.
ഇതിന്റെ ഭാഗമായി തമിഴ്‌നാട് ഫൈബർ നെറ്റ് കോർപ്പറേഷൻ (ടാൻഫിനെറ്റ്) പ്രതിനിധികൾ കെഫോൺ ഓഫീസിൽ സന്ദർശനം നടത്തുകയും അധികൃതരുമായി വിശദമായ ചർച്ചകൾ നടത്തുകയും ചെയ്തു.
"കണക്റ്റിംഗ് ദി അൺകണക്ട്" എന്ന ആശയത്തിലൂടെ സംസ്ഥാനത്തെ ആദിവാസി മേഖലകളിലേക്കും ദൂരപ്രദേശങ്ങളിലേക്കും ഇൻ്റർനെറ്റ് ലഭ്യമാക്കുക എന്ന ആശയവും കെഫോൺ മുന്നോട്ടു വെക്കുന്നു.
എല്ലാവർക്കും ഇൻറർനെറ്റ്’ എന്ന ലക്ഷ്യത്തിലൂടെ സംസ്ഥാനത്തിന്റെ സമഗ്ര ഡിജിറ്റലൈസേഷനാണ് പദ്ധതി ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കണക്ഷനുകൾ നൽകിയിരിക്കുന്നത് മലപ്പുറം ജില്ലയിലാണ്.
മറ്റു ജില്ലകളിലും പദ്ധതി വേഗത്തിൽ വ്യാപിപ്പിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരുന്നു. ആദിവാസി മേഖലകളായ അട്ടപ്പാടി, പേര്യ-34 തിരുവനന്തപുരം കോട്ടൂരിലെ ചോനംപാറ, വാലിപ്പാറ തുടങ്ങിയ മേഖലകളിൽ എല്ലാം കെഫോൺ കണക്ഷൻ എത്തിച്ചിട്ടുണ്ട്.
ഇൻ്റർനെറ്റിൻ്റെ അഭാവം മൂലം ബുദ്ധിമുട്ടനുഭവിച്ചിരുന്ന ഈ പ്രദേശങ്ങളിലെ ജനങ്ങൾക്ക് കെഫോൺ കണക്ഷൻ ആശ്വാസമാണ്. 2026 ആവുമ്പോഴേക്കും രണ്ടര ലക്ഷം കണക്ഷനുകൾ പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
കെഫോൺ വഴി സംസ്ഥനത്തിന്റെ ഡിജിറ്റൽ ഭാവിയെ വാർത്തെടുക്കുന്നത് വലിയൊരു ലക്ഷ്യമായി മാറിക്കഴിഞ്ഞു. നഗരങ്ങളിലെതു പോലെത്തന്നെ ഗ്രാമങ്ങളിലും കേരളത്തിലെ ഓരോ വീടുകളിലും സുഗമമായി ഇൻ്റർനെറ്റ് എത്തിക്കുന്നതിൽ മാതൃകയാണ്.
സാധാരണ ജനങ്ങളുടെ ജീവിത നിലാവാരം ഉയർത്തികൊണ്ട് വരുവാൻ ഇതുവഴി സർക്കാരിന് സാധിച്ചു. സമ്പൂർണമായി കേരളത്തെ ഇന്ത്യയിലെ ആദ്യ പൂർണ ഡിജിറ്റൽ സംസ്ഥാനമായി മാറ്റുക എന്നതായിരുന്നു കെഫോണിൻ്റെ ആദ്യ ലക്ഷ്യം.
ഇതുവഴി സർക്കാർ ഓഫീസുകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പൊതുമേഖലാ സ്ഥാപനങ്ങളെയും ഫൈബർ നെറ്റ്വർക്കിലൂടെ ബന്ധിപ്പിക്കുക മാത്രമല്ല, സ്വകാര്യ കമ്പനികൾക്ക് എത്തിപെടാൻ കഴിയാത്ത പ്രദേശങ്ങളിലേക്കും ഇൻ്റർനെറ്റ് എത്തിക്കാൻ കെഫോണിന് കഴിഞ്ഞു.
വിദ്യാഭ്യാസ മേഖലയിലും കെ-ഫോണിന്റെ സേവനങ്ങൾ ലഭ്യമാക്കുന്നതിന് സർക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. ഇതിലൂടെ കുട്ടികളിൽ ഡിജിറ്റൽ ലോകത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുകയും, അവരുടെ സ്വാഭാവിക കൗതുകങ്ങളെ വളർത്താനുള്ള അനുയോജ്യമായ പരിസ്ഥിതി ഒരുക്കുകയും ചെയ്യുന്നു.
കൂടാതെ, പഠനപ്രവർത്തനങ്ങൾ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനും ഈ പദ്ധതി നിർണായകമായി സഹായിക്കുന്നുണ്ട്. സ്കൂളുകളിലെത്താൻ കഴിയാത്ത സാഹചര്യങ്ങളിലും ഓൺലൈൻ ക്ലാസുകൾ ലഭ്യമാക്കുന്നതിലൂടെ വിദ്യാർത്ഥികൾക്ക് പഠനത്തിൽ ഇടവേള വരാതെ പഠനം തുടരാൻ ഈ സംവിധാനം സഹായകമാകുന്നു..
കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ സജ്ജമാക്കിയ നെറ്റുവര്‍ക്ക് ഓപ്പറേറ്റിങ്ങ് സെന്ററാണ് കെഫോണിന്റെ തലച്ചോര്‍. ഇവിടെ നിന്നും 375 കെ.എസ്.ഇ.ബി സബ് സ്റ്റേഷനുകളിലായുള്ള പോയിന്റ് ഓഫ് പ്രസന്‍സ് (POP) കേന്ദ്രങ്ങള്‍ വഴിയാണ് കേരളത്തിലുടനീളമുള്ള വിവിധ സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും ഇന്റര്‍നെറ്റ് ലഭ്യമാകുന്നത്.
നെറ്റുവര്‍ക്ക് ഓപ്പറേറ്റിംഗ് സെന്ററില്‍ (NOC) നിന്ന് 14 കോര്‍ പോപ്പ് കേന്ദ്രങ്ങളിലേക്കും അവിടെ നിന്ന് 94 റിങ്ങ് അഗ്രിഗേഷന്‍ നെറ്റുവര്‍ക്ക് വഴി 186 പ്രീ അഗ്രിഗേഷന്‍ റിങ്ങ് നെറ്റുവര്‍ക്കിലേക്കും അവിടെ നിന്ന് 81 സ്പര്‍ കേബിള്‍ കണക്ഷന്‍ കേന്ദ്രങ്ങളിലേക്കും വിന്യസിച്ചിരുക്കുന്ന വിപുലമായ നെറ്റുവര്‍ക്ക് സിസ്റ്റം വഴിയാണ് കെഫോണ്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്നത്. ഈ നെറ്റുവര്‍ക്കിന്റെ സാധ്യതകളെല്ലാം പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കെ ഫോണ്‍ നടത്തുന്നുണ്ട്.
സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളിലെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ കെഫോണിൻ്റെ വരവോടെ സാധിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ 27000 ത്തിലധികം സർക്കാർ സ്ഥാപനങ്ങളിൽ കെഫോൺ കണക്ഷനാണ് നൽകിയിരിക്കുന്നത്.
വിവിധ സര്‍ക്കാര്‍ വകുപ്പ് ഓഫീസുകള്‍ക്ക് പുറമേ സംസ്ഥാനത്തെ ആരോഗ്യ, വിദ്യാഭ്യാസ, വ്യവസായ, ധനകാര്യ മേഖലകളിലെ വിവിധ മുന്‍നിര സ്ഥാപനങ്ങള്‍, സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങി വ്യത്യസ്ത മേഖലകളില്‍ മികച്ച സേവനം കെ ഫോണ്‍ നല്‍കി വരുന്നു.
കേരളത്തിന്റെ ഡിജിറ്റൽ ഭാവിയെ തന്നെ മാറ്റിമറിച്ച സംസ്ഥാനത്തിന്റെ സ്വന്തം കെഫോൺ ഇന്ന് മുഴുവൻ കേരളത്തിലും ജനപ്രീതി നേടി വിജയകരമായി മുന്നേറുകയാണ്. എല്ലാവർക്കും കുറഞ്ഞ ചിലവിൽ സുതാര്യവും വേഗതയേറിയതുമായ ഇന്റർനെറ്റ് നൽകുകയെന്ന ലക്ഷ്യത്തിലേക്ക് കെ-ഫോൺ ദ്രുതഗതിയിൽ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്നു.
ഒ ടി ടി സേവനങ്ങൾ ആരംഭിച്ചതോടെ വിനോദ മേഖലയിലും കെഫോൺ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ആരംഭിച്ച് ഒരു മാസത്തിനുള്ളിൽ തന്നെ ഏകദേശം 300 ലധികം സബ്‌സ്‌ക്രിപ്ഷനുകൾ ആക്ടിവേറ്റ് ചെയ്യാൻ കഴിഞ്ഞു എന്നത് ഒരു വലിയ നേട്ടമാണ്.
ഇതുവഴി സാധാരണക്കാർക്ക് വളരെ കുറഞ്ഞ നിരക്കിൽ വിനോദം, ഇൻ്റർനെറ്റ് തുടങ്ങിയവ ലഭ്യമാകുന്നു. നിലവിൽ 1500 ലധികം ഉപഭോക്താക്കൾക്ക് 444 രൂപ മുതലുള്ള സ്റ്റാർ, വൈബ്, വൈബ് പ്ലസ്, അമേസ്, അമേസ് പ്ലസ് എന്നിങ്ങനെ അഞ്ചു പാക്കേജുകളാണ് ഒടിടിക്കായി ഉള്ളത്. ഇവയെല്ലാംതന്നെ ഒരു മാസം, മൂന്ന് മാസം, ആറ് മാസം, ഒരു വർഷം എന്നിങ്ങനെയുള്ള വിവിധ പാക്കേജുകളായും ലഭ്യമാക്കിയിട്ടുണ്ട്.
പ്രമുഖ ഓ ടി ടി പ്ലാറ്റുഫോമുകളായ ആമസോൺ പ്രൈം ലൈറ്റ്, ജിയോ ഹോട്ട്സ്റ്റാർ, സോണി ലീവ്, സീ ഫൈവ് മുതലായവ ഉൾപ്പെടുന്നതാണ് കെഫോൺ ഓ ടി ടി.
കെഫോണിൻ്റെ ഗുണമേന്മ ഉറപ്പാക്കാനായി അടുത്തിടെ നടത്തിയ മെറ്റാ കാഷിംഗ് വളരെ ശ്രദ്ധേയമായി മാറിയിരുന്നു.
കൊച്ചിയിലെ നെറ്റ്‌വർക്ക് ഓപ്പറേഷൻ സെന്ററിൽ സ്ഥാപിച്ച ഈ സംവിധാനം ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ മെറ്റാ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള അക്സസ്സ് കൂടുതൽ വേഗത്തിൽ ലഭ്യമാക്കുകയും മികച്ച വീഡിയോ ക്വാളിറ്റിയും സ്മൂത്ത് സ്ട്രീമിംഗും ഉറപ്പാക്കുകയും ചെയ്യുന്നു.
ഈ അപ്‌ഗ്രേഡിലൂടെ നെറ്റ്‌വർക്ക് ട്രാഫിക് കൂടുതൽ കാര്യക്ഷമമായി നിയന്ത്രിക്കാനും, ഡാറ്റാ ഉപഭോഗം ഉയരുന്ന സാഹചര്യത്തിലും ഉയർന്ന സേവന നിലവാരം നിലനിർത്തുവാനും കെഫോണിനു സാധ്യമാകും.
കെഫോണിൻ്റെ അടുത്ത പടിയായി കേരളത്തിലെ പ്രധാന ടെക് പാര്‍ക്കുകളായ ടെക്നോപാർക്ക്, ഇൻഫോപാർക്ക്, സൈബർപാർക്ക് എന്നിവിടങ്ങളിൽ ഹൈസ്പീഡ് ഇന്റർനെറ്റ് നൽകുന്നതിനായി കെഫോൺ പ്രാഥമിക ചര്‍ച്ചകള്‍ തുടങ്ങികഴിഞ്ഞു.
പദ്ധതി നടപ്പിലാകുന്നതോടെ കേരളത്തിലെ ഡിജിറ്റല്‍ അടിസ്ഥാനസൗകര്യം ശക്തിപ്പെടുത്തുന്നതിനോടൊപ്പം ടെക് പാര്‍ക്കുകളിലെ കമ്പനികൾക്ക് 99.5% അപ്പ് ടൈം, സ്ഥിരത, ഹൈ സ്പീഡ് എന്നിവയോടുകൂടി സുരക്ഷിതമായ ഇന്റര്നെറ് കണക്റ്റിവിറ്റി ലഭ്യമാകും.
ഇതിലൂടെ ഡാറ്റാ - ഇൻറ്റൻസീവ് പ്രോസസ്സുകൾ, വീഡിയോ കോൺഫറൻസിംഗ്, മറ്റ് പ്രധാന ഡിജിറ്റൽ സേവനങ്ങൾ എന്നിവ കൂടുതൽ എളുപ്പത്തിൽ സാധ്യമാകും.
ആരോഗ്യ കേന്ദ്രങ്ങൾ, ലൈബ്രറികൾ തുടങ്ങിയ ഇടങ്ങളിലേക്കും കണക്ഷൻ വ്യാപിപ്പിച്ചതോടെ നഗരസഭ തലത്തിലും കെഫോണിന്റെ സാന്നിധ്യം വർദ്ധിച്ചു. സംസ്ഥാനത്തിൻറെ ഡിജിറ്റൽ വളർച്ചയിൽ കെഫോൺ വഹിച്ച പങ്ക് വളരെ പ്രാധാന്യമർഹിക്കുന്നതാണ്.
ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കെഫോൺ കണക്ഷൻ ലഭിച്ചതോടെ ആരോഗ്യ സേവനങ്ങൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും നൽകാൻ കഴിഞ്ഞു. ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും രോഗികളെ നേരിട്ട് കാണാതെ തന്നെ പരിശോധിക്കാനും നിർദേശങ്ങൾ നൽകാനും കഴിയുന്നതിനാൽ റിമോട്ട് കൗൺസലിംഗ് എളുപ്പമായി.
രോഗികളുടെ മെഡിക്കൽ റിപ്പോർട്ടുകൾ, പരിശോധനാഫലങ്ങൾ, എന്നിവ ഡിജിറ്റലായി സൂക്ഷിക്കപ്പെടുന്നതിനാൽ, ആവശ്യമായ വിവരങ്ങൾ എപ്പോൾ വേണമെകിലും എളുപ്പത്തിൽ ലഭ്യമാകുന്നു.
ഇതോടെ അടിയന്തര രോഗനിർണയം വേഗത്തിൽ നടത്താൻ സാധിക്കുന്നു.ഈ സംവിധാനങ്ങളുടെ ഫലമായി രോഗികൾക്ക് ആവശ്യമായ ചികിത്സയും സേവനങ്ങളും ശരിയായ സമയത്ത്, തടസ്സമില്ലാതെ, കൂടുതൽ കൃത്യതയോടെ ലഭ്യമാക്കാൻ സഹായകമായി.
കേരളത്തിന്റെ എല്ലാ ജില്ലകളിലേക്കും അതിവേഗത്തിലാണ് കെഫോണിൻ്റെ വ്യാപനം .10 kV ട്രാൻസ്മിഷൻ ലൈനുകളിലൂടെ സ്ഥാപിച്ച 2,600 കിലോമീറ്റർ ഒപ്റ്റിക്കൽ ഗ്രൗണ്ട് വയർ കേബിളുകൾ ഉൾപ്പെടെ, സംസ്ഥാനത്തുടനീളം 32,000 കിലോമീറ്ററിലധികം ഫൈബർ കേബിൾ ഇതിനോടകം സ്ഥാപിച്ചു കഴിഞ്ഞു. മറ്റ് സ്വകാര്യ ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാരെ താരതമ്യം ചെയുമ്പോൾ ഏറ്റവും വലിയ നെറ്റ്‌വർക്ക് കെഫോണിനാണ്.
രാജ്യത്തെവിടെയും ഇന്റർനെറ്റ് സേവനം നൽകാനുള്ള ഐഎസ്എപി (ISP) ലൈസൻസ്, ഐപി ഇൻഫ്രാസ്ട്രക്ചർ ലൈസൻസ്, കൂടാതെ നാഷണൽ ലോങ്ങ് ഡിസ്റ്റൻസ്സ് (NLD) ലൈസൻസ് കൂടി നേടിയതോടെ കെഫോണിന് വിശാലമായ ഇന്ത്യൻ ബ്രോഡ്ബാൻഡ് വിപണിയിലേക്ക് പ്രവേശിക്കുന്നതിനുള്ള വേദിയൊരുങ്ങിരിക്കുകയാണ്. ഇതോടെ രാജ്യത്തെവിടെയും കെ ഫോൺ മുഖേന ഇന്റർനെറ്റ് സേവനം നൽകാനാകും.
സമഗ്രമായ പദ്ധതികളോടെയും തുടർ വികസന ലക്ഷ്യങ്ങളോടെയുമുള്ള പ്രവർത്തനമാണ് കെഫോൺ കാഴ്ചവയ്ക്കുന്നത്. 2025-ലെ തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തപ്പെടുന്ന ഭരണപരമായ ഒരുക്കങ്ങളുടെ ഭാഗമായിട്ടാണ് വയനാട്, ഇടുക്കി, കാസർഗോഡ് എന്നീ ജില്ലകളിലെ സിവിൽ സ്റ്റേഷനുകൾക്ക് കെ-ഫോൺ മുഖേന താൽക്കാലിക ലീസ് കണക്ഷൻ ലഭ്യമാക്കിയിരിക്കുന്നത്.
കെൽട്രോൺ വഴി സജ്ജീകരിച്ചിരിക്കുന്ന ഈ സേവനങ്ങൾ തദ്ദേശ തിരഞ്ഞെടുപ്പിന്റെ സുതാര്യവും കാര്യക്ഷമവുമായ നടത്തിപ്പിനെ പിന്തുണയ്ക്കുന്ന ഒരു പ്രധാന അടിസ്ഥാനസൗകര്യ സഹായമായാണ് കണക്കാക്കുന്നത്.
തെരഞ്ഞെടുപ്പ് സംബന്ധമായ വിവരശേഖരണം, നിരീക്ഷണം, വോട്ടർ ലിസ്റ്റ് അപ്ഡേറ്റുകൾ, ഡേറ്റാ കൈമാറ്റം, വിവിധ തിരഞ്ഞെടുപ്പ് നിയന്ത്രണ സംവിധാനങ്ങളിലേക്കുള്ള സുരക്ഷിതമായ ആക്സസ് തുടങ്ങിയ ആവശ്യങ്ങൾക്കായി ഉയർന്ന വിശ്വാസ്യതയും കുറഞ്ഞ വൈകല്യവും ഉള്ള കണക്റ്റിവിറ്റി അത്യാവശ്യമാണ്. ഈ ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് കെഫോൺ താൽക്കാലിക ലീസ് കണക്ഷനുകൾ നൽകിയത്.
എങ്ങനെയെടുക്കാം കെഫോണ്‍ കണക്ഷന്‍ ?
മൂന്ന് രീതിയില്‍ കെഫോണ്‍ കണക്ഷന്‍ ലഭ്യമാകും.
1. 18005704466 എന്ന ടോള്‍ ഫ്രീ നമ്പരില്‍ വിളിച്ച് കണക്ഷനായി അപേക്ഷിക്കാം.
2. പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പ് സ്റ്റോറില്‍ നിന്നോ EnteKFON ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഫോണ്‍ നമ്പരും പേരും നല്‍കി രജിസ്റ്റര്‍ ചെയ്ത് കണക്ഷനായി അപേക്ഷിക്കാം.
3. www.kfon.in എന്ന കെഫോണ്‍ വെബ്സൈറ്റ് സന്ദര്‍ശിച്ച ശേഷം രജിസ്റ്റര്‍ ഐക്കണില്‍ ക്ലിക്ക് ചെയ്ത് സബ്സ്‌ക്രൈബര്‍ രജിസ്റ്റര്‍ എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്ത ശേഷം പേരും മൊബൈല്‍ ഫോണ്‍ നമ്പരും കെ.എസ്.ഇ.ബി കണ്‍സ്യൂമര്‍ നമ്പര്‍, വിലാസം തുടങ്ങിയവ നല്‍കി കണക്ഷനായി അപേക്ഷിക്കാം.
കെ ഫോൺ പ്ലാനുകളെയും ഓഫറുകളേയും കുറിച്ച് കൂടുതൽ അറിയുവാൻ കെ ഫോൺ ഔദ്യോഗിക വെബ്‌സൈറ്റായ https://kfon.in/ൽ സന്ദർശിക്കുകയോ 90616 04466 എന്ന വാട്‌സ്ആപ്പ് നമ്പരിൽ KFON Plans എന്ന് ടൈപ്പ് ചെയ്ത് മെസേജ് ചെയ്തോ കെ ഫോൺ പ്ലാനുകൾ അറിയാനാവും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us