കണ്ണൂര്‍ : ഉളിയില്‍ പടിക്കച്ചാലില്‍ സഹദമന്‍സിലില്‍ ഖദീജയെ(28) കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം.
ഖദീജയുടെ സഹോദരങ്ങളായ കെഎന്‍ ഇസ്മായില്‍, കെഎന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്.
രണ്ടാം വിവാഹം കഴിക്കുന്ന വിരോധത്തില്‍ ഖദീജയെ പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് കോടതി കണ്ടെത്തിയിരുന്നു.
അന്തിമ വാദത്തില്‍ ഖദീജയുടെ ദുരഭിമാനക്കൊല അല്ലെന്ന് പ്രതിഭാഗം വാദിച്ചിരുന്നു. എന്നാല്‍ ഇത് ദുരഭിമാനക്കൊല ആണെന്നും വധശിക്ഷ നല്‍കണമെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.
2012 ഡിസംബര്‍ 12 -ന് ഉച്ചയ്ക്കാണ് കേസിന്നാസ്പദമായ സംഭവം. ഖദീജയെ കൊലപ്പെടുത്തുകയും രണ്ടാം ഭര്‍ത്താവ് ഷാഹുല്‍ ഹമീദിനെ ഗുരുതരമായി ആക്രമിക്കുകയും ചെയ്യുകയായിരുന്നു.
ആദ്യം വിവാഹം ചെയ്തയാളെ ത്വലാഖ് നടത്തിയ ശേഷമായിരുന്നു പ്രതികള്‍ രണ്ടാം വിവാഹത്തിനെന്ന വ്യാജേന ഖദീജയെയും രണ്ടാം ഭര്‍ത്താവ് കോഴിക്കോട് ഫറൂക്ക് സ്വദേശി ഷാഹുല്‍ ഹമീദിനെയും വിളിച്ചുവരുത്തിയത്. തുടര്‍ന്ന് ഖദീജയെ കൊലപ്പെടുത്തുകയും ഷാഹുല്‍ ഹമീദിനെ ആക്രമിക്കുകയുമായിരുന്നു.
കേസില്‍ 13 വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്. അഡീഷനല്‍ ജില്ലാ കോടതി (ഒന്ന്) ജഡ്ജ് ഫിലിപ്പ് തോമസാണ് വിധി പ്രഖ്യാപിച്ചത്. വിധി കേള്‍ക്കുന്നതിനായി ഖദീജയുടെ ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പെടെ നിരവധിയാളുകള്‍ കോടതി വളപ്പിലെത്തിയിരുന്നു.
വ്യാഴാഴ്ച്ച വൈകിട്ട് മൂന്ന് മണിയോടെയാണ് വിധി പ്രഖ്യാപനം. കേസിലെ നാല് പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടിരുന്നു.