തിരുവനന്തപുരം: സംസ്ഥാനത്തെ ഐടി മേഖലയെ ആവേശത്തിലാഴ്ത്തി ഏറ്റവും വലിയ ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് ടെക്നോപാര്‍ക്കില്‍ തുടക്കം. ടെക്നോപാര്‍ക്കിലെ ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി, യൂഡി പ്രമോഷന്‍സ്, റാവിസ് ഹോട്ടല്‍സ് എന്നിവയുമായി സഹകരിച്ചാണ് ടൂര്‍ണമെന്‍റ് സംഘടിപ്പിച്ചിരിക്കുന്നത്.
ഒക്ടോബര്‍ വരെ നീണ്ടുനില്‍ക്കുന്ന സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്‍റായ 'റാവിസ് പ്രതിധ്വനി സെവന്‍സ്-സീസണ്‍ 8' ഇന്ത്യന്‍ ബീച്ച് ഫുട്ബോള്‍ ക്യാപ്റ്റന്‍ റോഹിത് യേശുദാസ് ഉദ്ഘാടനം ചെയ്തു.
/filters:format(webp)/sathyam/media/media_files/2025/07/19/ravizjhghyg-2025-07-19-15-40-47.jpg)
കോവളം ലീല റാവിസ് ജനറല്‍ മാനേജര്‍ അയ്യപ്പന്‍ നല്ലപെരുമാള്‍, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ പ്രേം കമാല്‍, മാര്‍ക്കറ്റിംഗ് ആന്‍ഡ് സ്പെഷ്യല്‍ പ്രോജക്ട്സ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ശരത്ത് മഠത്തില്‍, യൂഡി ബിസിനസ് ഡെവലപ്മെന്‍റ് മാനേജര്‍ സുര്‍ജിത്ത്, പ്രതിധ്വനി സെവന്‍സ് ജനറല്‍ കണ്‍വീനര്‍ വിപിന്‍ കെ വി, സ്പോര്‍ട്സ് ഫോറം കണ്‍വീനര്‍ രജിത് വി പി, പ്രതിധ്വനി സെക്രട്ടറി വിനീത് ചന്ദ്രന്‍, പ്രസിഡന്‍റ് വിഷ്ണു രാജേന്ദ്രന്‍, വൈസ് പ്രസിഡന്‍റ് സനീഷ് കെ പി, ടൂര്‍ണമെന്‍റ് ജോയിന്‍റ് കണ്‍വീനര്‍ അജ്മല്‍ ഷക്കീര്‍, സംസ്ഥാന കണ്‍വീനര്‍ രാജീവ് കൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
മുന്‍ ജേതാക്കളില്‍ നിന്ന് ട്രോഫി കൈമാറല്‍, പങ്കെടുക്കുന്ന ടീമുകളുടെ ബൈക്ക് റാലി, ജേഴ്സി അനാച്ഛാദനം എന്നിവയും ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്നു.
90 ലധികം കമ്പനികളില്‍ നിന്നുള്ള 101 ടീമുകളില്‍ നിന്നായി 2500 ജീവനക്കാര്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്‍റില്‍ 164 മത്സരങ്ങളാണ് നടക്കുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ ടെക്നോപാര്‍ക്ക് ഗ്രൗണ്ടിലാണ് മത്സരം. ലീഗ് റൗണ്ടിന് ശേഷം നോക്കൗട്ട് മത്സരങ്ങളും തുടര്‍ന്ന് സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങളും പ്രവൃത്തി ദിനങ്ങളില്‍ നടക്കും.
ഫൈനലില്‍ വിജയിക്കുന്നവര്‍ക്ക് 25,000 രൂപയും എവര്‍റോളിംഗ് ട്രോഫിയും കൊല്ലം റാവിസ് അഷ്ടമുടി റിസോര്‍ട്ടില്‍ ഒരു ദിവസത്തെ താമസവും സമ്മാനമായി ലഭിക്കും. റാവിസ് ഹോട്ടല്‍സും യൂഡി പ്രമോഷന്‍സും ചേര്‍ന്നാണ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നത്. മികച്ച കളിക്കാരന്‍, മികച്ച ഗോള്‍ കീപ്പര്‍, ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം എന്നിവര്‍ക്ക് പ്രത്യേക സമ്മാനം ഉണ്ടായിരിക്കും.
/filters:format(webp)/sathyam/media/media_files/2024/11/01/iZE3RkgQEvmPcU2BD6l8.jpg)
ഓരോ മത്സരത്തിലും യൂഡെയും സഞ്ചി ബാഗ്സും ചേര്‍ന്ന് പ്ലെയര്‍ ഓഫ് ദി മാച്ച് ട്രോഫി നല്‍കും. കൂടാതെ പ്രേക്ഷകര്‍ക്ക് സമ്മാനങ്ങള്‍ നേടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. വനിതകള്‍ക്കായി ഫൈവ്-എ-സൈഡ് ടൂര്‍ണമെന്‍റും ഇതിന്‍റെ ഭാഗമായി നടക്കും.
ടൂര്‍ണമെന്‍റില്‍ അഞ്ച് തവണ ഇന്‍ഫോസിസും രണ്ട് തവണ യുഎസ്ടി ഗ്ലോബലും ആയിരുന്നു ജേതാക്കള്‍.