1.10 ലക്ഷം കോടി രൂപയോളം വരുന്ന വികസന പദ്ധതികള്‍. കേരളത്തിലെ അടിസ്ഥാന വികസനത്തില്‍ വിപ്ലവം സൃഷ്ടിച്ചു കിഫ്ബി. തകര്‍ന്നു കിടക്കുന്ന റോഡ് നിര്‍മാണം മുതല്‍ ആശുപത്രികളുടെ ആധുനിക വല്‍ക്കരണം വരെ

തകര്‍ന്നു കിടക്കുന്ന റോഡ് പുനർനിര്‍മാണം മുതല്‍ ആശുപത്രികളുടെ ആധുനിക വല്‍ക്കരണം വരെ കിഫബിയിലൂടെ സാധിച്ചു.

New Update
Untitled

കോട്ടയം: കേരളത്തിലെ അടിസ്ഥാന വികസനത്തില്‍ വിപ്ലവം സൃഷ്ടിച്ചു കിഫ്ബി. കഴിഞ്ഞ ദിവസം അനുവദിച്ച പദ്ധതികള്‍ കൂടി കണക്കിലെടുത്താല്‍ ഒരു ലക്ഷം കോടിക്കു മുകളില്‍ കിഫ്ബി അനുവദിച്ചു കഴിഞ്ഞു.

Advertisment

ഇതുവരെ 98,836.83 കോടി രൂപയുടെ 1237 പദ്ധതികള്‍ക്ക് കിഫ്ബി അംഗീകാരം നല്‍കിയിട്ടുണ്ട്. തത്വത്തില്‍ അംഗീകാരം നല്‍കിയ പദ്ധതികളുടെ തുകകൂടി കണക്കിലെടുക്കുമ്പോള്‍ ഇത് 1.10 ലക്ഷം കോടി രൂപയോളം വരും. 38,000 കോടി ഇതിനോടകം ചെലവഴിച്ചു.


ഇതില്‍ 25,000 കോടിയുടേത് പൂര്‍ത്തീകരിച്ച പദ്ധതികളാണ്. തകര്‍ന്നു കിടക്കുന്ന റോഡ് പുനർനിര്‍മാണം മുതല്‍ ആശുപത്രികളുടെ ആധുനിക വല്‍ക്കരണം വരെ കിഫബിയിലൂടെ സാധിച്ചു.

കിഫ്ബിയുടെ കരുത്തില്‍ വൈദ്യുതി പ്രതിസന്ധിയെ പുറത്തുനിര്‍ത്താനും പവര്‍കട്ട് ഇല്ലാതെ വൈദ്യുതി എത്തിക്കാനും കേരളത്തിന് സാധിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍ മാത്രം 1250 കോടിയുടെ വികസനമാണ് കിഫ്ബിയിലൂടെ നടപ്പാക്കിയത്.


അടിസ്ഥാന സൗകര്യ വികസനത്തിനായി സംസ്ഥാനത്തെ റോഡുകള്‍, പാലങ്ങള്‍, ഐ. ടി, വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ള വിതരണം, ഇറിഗേഷന്‍, ഗതാഗതം, ടൂറിസം, കായികം, വിദ്യാഭ്യാസം, ഊര്‍ജ്ജം തുടങ്ങിയ വിവിധ മേഖലകളിലെ പദ്ധതികള്‍ക്ക് കിഫ്ബി അംഗീകാരം നല്‍കിയിട്ടുണ്ട്.


 ഭാവിവികസനം ലക്ഷ്യമിട്ട് 8770 കോടി രൂപയുടെ 25 പദ്ധതികള്‍ക്കുകൂടി കിഫ്ബി  അനുമതി കഴിഞ്ഞ ദിവസം നല്‍കി. ശബരി റെയില്‍ പാതയ്ക്ക് 1900 കോടി, കേശവദാസപുരം മുതല്‍ അങ്കമാലി വരെയുള്ള എംസി റോഡ് നാലുവരിപ്പാതയാക്കാന്‍ 5217 കോടി രൂപ എന്നിവ ഉള്‍പ്പെടെയാണിത്.

സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ നടപ്പിലാക്കാനാണ് കിഫ്ബി (കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്) രൂപീകരിച്ചത്. കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് നിയമം അനുസരിച്ച് 1999 നവംബര്‍ 11നാണ് കിഫ്ബി ആരംഭിച്ചത്.


എല്‍ഡിഎഫ് സര്‍ക്കാര്‍ 2016ല്‍ അധികാരമേറ്റെടുത്തപ്പോള്‍ കിഫ്ബിയുടെ ചട്ടങ്ങള്‍ പരിഷ്‌ക്കരിച്ചു. സാമ്പത്തിക മേഖലയിലെ മാന്ദ്യത്തെ ഫലപ്രദമായി പ്രതിരോധിക്കുക സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുക എന്നിവയായിരുന്നു ലക്ഷ്യങ്ങള്‍.

2016-17ലെ ബജറ്റ് പ്രസംഗത്തില്‍ രണ്ടാം മാന്ദ്യവിരുദ്ധ പാക്കേജിനെക്കുറിച്ച് പറയുന്ന ഭാഗത്താണ് ധനമന്ത്രി ടി.എം. തോമസ് ഐസക് കിഫ്ബിയെക്കുറിച്ചു പരാമര്‍ശിച്ചത്. ബജറ്റിലെ പ്രഖ്യാപനം ഇങ്ങനെ: കിഫ്ബി ആക്ടിന്റെ ചട്ടങ്ങള്‍ പരിഷ്‌ക്കരിക്കും.

ഇതുവഴി സെബിയും ആര്‍ബിഐയും അംഗീകരിച്ചിട്ടുള്ള നൂതന ധനസമാഹരണ മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കിഫ്ബിയെ സജ്ജമാക്കും. പിന്നീട് മാറ്റങ്ങളോടെ കേരളത്തിന്റെ വികസന പാതയില്‍ കിഫ്ബി നട്ടെല്ലായി മാറുകയായിരുന്നു.

ഭാവിയിലെ രണ്ടു ദശാബ്ദത്തെയെങ്കിലും വര്‍ഷംതോറുമുള്ള വരുമാനവും (സര്‍ക്കാരിന്റെ നികുതി വിഹിതവും ആദായദാന പ്രോജക്ടുകളുടെ തിരിച്ചടവും) ബാധ്യതകളും (വായ്പകളുടെ തിരിച്ചടവും കരാറുകാരുടെ ബില്ലുകള്‍ക്കു നല്‍കാനുള്ള തുകയും) നിരന്തരം താരതമ്യപ്പെടുത്തികൊണ്ടാണ് കിഫ്ബി പ്രോജക്ടുകള്‍ അനുവദിക്കുന്നത്. ഒരുവര്‍ഷം പോലും ബാധ്യതകള്‍ വരുമാനത്തേക്കാള്‍ അധികരിക്കില്ലെന്ന് ഉറപ്പുവരുത്തുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.

Advertisment