കൊല്ലം : സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച കൊട്ടാരക്കര, കൊല്ലം ഐ ടി പാര്‍ക്കുകളുടെ നിര്‍മാണം കിഫ്ബി ഏറ്റെടുക്കും. രണ്ട് ഐ ടി പാര്‍ക്ക് പദ്ധതികള്‍ക്കും കഴിഞ്ഞ ദിവസം ചേര്‍ന്ന കിഫ്ബി ജനറല്‍ ബോഡി യോഗം അംഗീകാരം നല്‍കി. 160 കോടി രൂപ ഇതിനായി കിഫ്ബി അനുവദിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.
കൊട്ടാരക്കര ഐ ടി പാര്‍ക്കിനായി 80 കോടി രൂപയുടെ പദ്ധതിക്കാണ് അംഗീകാരമായത്. നഗരമധ്യത്തില്‍ രവിനഗറിലെ കല്ലട ജലസേചന പദ്ധതി ആസ്ഥാനത്തിന്റെ ഭാഗമായി അധികമുള്ള ഭൂമിയിലാണ് ഐ ടി പാര്‍ക്ക് സ്ഥാപിക്കുന്നത്. കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലെപ്പ്മെന്റ് കോര്‍പറേഷന്‍ (കിഡ്ക്) ആണ് പദ്ധതി നിര്‍വഹണ ഏജന്‍സി.
കിഡ്ക് തയ്യാറാക്കിയ വിശദ പദ്ധതിരേഖ അനുസരിച്ചാണ് പദ്ധതിക്ക് കിഫ്ബി അംഗീകാരം നല്‍കിയത്. വികേന്ദ്രീകൃത ഐ ടി വികസനം ലക്ഷ്യമിട്ട് 2022- 23ല്‍ സംസ്ഥാന ബജറ്റില്‍ ഐ ടി ഇടനാഴികള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കൊട്ടാരക്കരയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഐ ടി പാര്‍ക്ക് സ്ഥാപിക്കുന്നത്.