/sathyam/media/media_files/2025/09/19/satheesan-shine-2025-09-19-18-13-50.png)
കൊച്ചി: സി.പി.എം നേതാവും എറണാകുളത്തെ മുൻ ലോക്‌സഭാ സ്ഥാനാർത്ഥിയുമായ കെ.ജെ ഷൈനെതിരായ സൈബറാക്രമണത്തിൽ കേസെടുത്ത് പൊലീസ്.
എറണാകുളം റൂറൽ സൈബർ പൊലീസാണ് ഇന്ന് കേസെടുത്തത്. സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു എന്നതിനു പുറമെ ഐടി ആക്ടിലെ വകുപ്പുകൾ കൂടി ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
പ്രാദേശിക കോൺഗ്രസ് നേതാവ് സി.കെ.ഗോപാലകൃഷ്ണൻ, യുട്യൂബ് ചാനൽ ഉടമ കെ.എം.ഷാജഹാൻ എന്നിവരെയാണ് എഫ്.ഐ.ആറിൽ പ്രതി ചേർത്തിരിക്കുന്നത്.
ഐ.ടി ആക്ട് 67, ബി.എൻ.എസ് 78, 79, 3 (5), പൊലീസ് ആക്ട് 120(o) എന്നീ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഈ മാസം 14 മുതൽ 18 വരെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങി വിവിധ സമൂഹ മാധ്യമങ്ങളിലൂടെയും യുട്യൂബ് ചാനലുകളിലൂടെയും പരാതിക്കാരിയെ അപമാനിക്കാനും മാനഹാനിയും വിഷമവും ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ,
പരാതിക്കാരിയുടെ ചിത്രവും പേരും വച്ച് ലൈംഗിക ചുവയുള്ള പരാമർശങ്ങൾ അടക്കമുള്ള പോസ്റ്റുകൾ പ്രസിദ്ധീകരിച്ചെന്നും എഫ്.ഐ.ആറിൽ പറയുന്നു.
തനിക്കെതിരെ വ്യാപകമായി സൈബർ ആക്രമണവും അപവാദ പ്രചാരണവും നടക്കുന്നുവെന്നു കാട്ടി ഇന്നലെ ഷൈൻ മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി, വനിതാ കമ്മിഷൻ തുടങ്ങിയവർക്ക് പരാതി നൽകിയിരുന്നു.
ഇന്ന് ഉച്ചയ്ക്ക് പറവൂരിലുള്ള ഷൈനിന്റെ വീട്ടിലെത്തിയ എറണാകുളം റൂറൽ സൈബർ പൊലീസ് ഷൈനിൽനിന്ന് വിശദമായ മൊഴിയെടുത്ത ശേഷമാണ് കേസ് റജിസ്റ്റർ ചെയ്തത്.
തനിക്കെതിരെ അപവാദം പ്രചരിപ്പിക്കുന്ന സമൂഹമാധ്യമങ്ങളുടെ ലിങ്കുകൾ, സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളുടെ സ്‌ക്രീൻഷോട്ടുകൾ തുടങ്ങിയവ അടക്കം ഷൈൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയിരുന്നു.
വിഷയത്തിൽ പ്രതിപക്ഷനേതാവിനെ പ്രതിക്കൂട്ടിലാക്കാൻ സി.പി.എം നീക്കം തുടങ്ങി. തങ്ങൾക്കെതിരെ പറവൂർ എം.എൽ.എ വി.ഡി സതീശൻ അറിയാതെ ഇത്തരം കാര്യങ്ങളൊന്നും സംഭവിക്കില്ലെന്ന് ഷൈനും ഭർത്താവ് ഡൈന്യൂസ് തോമസും നേരത്തേ പ്രതികരിച്ചിരുന്നു. ഇത് ഏറ്റെടുത്താണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ രംഗത്ത് വന്നിട്ടുള്ളത്.
ഒരു ബോംബ് പൊട്ടുമെന്ന് സതീശൻ പറഞ്ഞിരുന്നുവെന്നും അത് ഇത്തരത്തിലുള്ള ആരോപണത്തിന്റെ രൂപത്തിലാവാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തനിക്കെതിരായ സി.പി.എം നീക്കം തിരിച്ചറിഞ്ഞ സതീശൻ ഇക്കാര്യങ്ങൾ നിഷേധിച്ചിട്ടുണ്ട്.
സി.പി.എമ്മിലെ ആഭ്യന്തര പ്രശ്‌നങ്ങളാണ് ഇക്കാര്യങ്ങൾ പുറത്ത് വരാൻ കാരണമായതെന്നുാണ് അദ്ദേഹത്തിന്റെ നിലപാട്.
ജനപ്രതിനിധി ആയതുകൊണ്ട് മാത്രം പ്രതിപക്ഷ നേതാവിനെ ബോധപൂർവ്വം ഈ വിഷയത്തിലേക്ക് വലിച്ചിഴയ്ക്കാനാണ് സി.പി.എം നേതൃത്വം ശ്രമിക്കുന്നതെന്ന് എറണാകുളം ഡി.സി.സി അദ്ധ്യക്ഷൻ മുഹമ്മദ് ഷിയാസ് പറഞ്ഞു.
''സിപിഎം ഗൂഢാലോചനയിൽ പുറത്തു വന്ന ആരോപണം പാർട്ടിയിലെ അധികാര രാഷ്ട്രീയത്തിന്റെ പരിണതഫലമാണ്. എക്കാലവും ആർക്കും ഒന്നും ഒളിച്ചു വയ്ക്കാനാകില്ലെന്ന സത്യം സി.പി.എമ്മിന് നന്നായി അറിയാം.
അതിന്റെ പേരിൽ കോൺഗ്രസി ന്റെയും പ്രതിപക്ഷ നേതാവിന്റെയും മേൽ മെക്കിട്ട് കയറാൻ വരേണ്ടന്നും ഷിയാസ് പറഞ്ഞു.