/sathyam/media/media_files/2025/04/11/abraham-pinarayi-260306.jpg)
തിരുവനന്തപുരം: മകൾക്കെതിരായ മാസപ്പടി കേസിലെ എസ്.എഫ്.ഐ.ഒ അന്വേഷണം പ്രോസിക്യൂഷനിൽ എത്തുന്നതിൻെറ അങ്കലാപ്പിനിടയിൽ ഓഫീസിലെ പ്രധാനി കെ.എം.എബ്രഹാമിന് എതിരെ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചത് മുഖ്യമന്ത്രിക്ക് പുതിയ തലവേദനയായി.
കാബിനറ്റ് റാങ്കോടെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി പദവി വഹിക്കുന്നയാളാണ് കെ.എം.എബ്രഹാം. കാബിനറ്റ് റാങ്കുളള ഉദ്യോഗസ്ഥനായത് കൊണ്ടുതന്നെ മന്ത്രിമാർ സി.ബി.ഐ അന്വേഷണം നേരിടുന്നതിന് തുല്യമായ സാഹചര്യമാണ് സർക്കാർ നേരിടുന്നത്.
കാബിനറ്റ് റാങ്കുളള ഉദ്യോഗസ്ഥൻ എന്നതിന് പുറമേ, ഒന്നും രണ്ടും പിണറായി സർക്കാരുകളുടെ മുഖമായ കിഫ്ബിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമാണ് കെ.എം.എബ്രഹാം.
മുഖ്യമന്ത്രിയുടെ ഓഫീസിലെ സർവശക്തനായി വാണരുളുന്ന എബ്രഹാം സി.ബി.ഐ അന്വേഷണം നേരിടുന്ന സാഹചര്യത്തിൽ സർക്കാരും എന്ത് നിലപാട് എടുക്കുമെന്നാണ് അറിയാനുളളത്.
മകൾ ഉൾപ്പെട്ട മാസപ്പടി കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് പ്രഖ്യാപിച്ചിട്ടുളളത് പോലെ കെ.എം.എബ്രഹാമിന് എതിരായ സി.ബി.ഐ അന്വേഷണത്തെ പ്രതിരോധിക്കാൻ മുഖ്യമന്ത്രി തയാറാകുമോ എന്നാണ് രാഷ്ട്രീയവൃത്തങ്ങൾ ഉറ്റുനോക്കുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതൻ സി.ബി.ഐ അന്വേഷണം നേരിടുന്നയാളാണെന്നത് ഇടത് സർക്കാരിന് ഭൂഷണമല്ലെന്ന പ്രതികരണങ്ങൾ മുന്നണി നേതാക്കൾ തന്നെ രഹസ്യമായി പറയുന്നുണ്ട്.
കെ.എം.എബ്രഹാമിന് എതിരെ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത് വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ച കേസിലാണ് എന്നതും നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.
അഴിമതി വിരുദ്ധ നിയമത്തിൻെറ പരിധിയിൽ വരുന്ന ആക്ഷേപങ്ങളുളളതിനാൽ അത്തരമൊരാളെ മുഖ്യമന്ത്രിയുടെ ഓഫീസിലെ നിർണായക സ്ഥാനത്ത് ഇരുത്തുന്നത് ശരിയാണോ എന്ന ചോദ്യവും ഇടത് മുന്നണിയിൽ നിന്നുളള നേതാക്കളിൽ നിന്ന് ഉയരുന്നുണ്ട്.
സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കേണ്ടെന്ന് കരുതി പരസ്യമായി പറയാൻ തയാറാകുന്നില്ലെന്ന് മാത്രം. കെഎം എബ്രഹാമിനെതിരായ സിബിഐ അന്വേഷണ ഉത്തരവിൽ മുഖ്യമന്ത്രി ഭരിക്കുന്ന വിജിലന്‍സിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിട്ടുമുണ്ട്.അതും മുഖ്യമന്ത്രിക്ക് രാഷ്ട്രീയമായി ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്.
വരുമാനത്തിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന പരാതിയിന്മേലുളള അന്വേഷണത്തിൽ സ്വത്ത് സമ്പാദന കാലയളവ് ശരിയായി പരിശോധിക്കാന്‍ വിജിലന്‍സിന് കഴിഞ്ഞിട്ടില്ലെന്നാണ് കോടതി വിമർശിച്ചത്.
കേസുമായി ബന്ധപ്പെട്ട വസ്തുതകള്‍ ശരിയാംവണ്ണം അവതരിപ്പിക്കുന്നതില്‍ വിജിലന്‍സ് അഭിഭാഷകന് വീഴ്ചപറ്റിയതായും ഹൈകോടതി ചൂണ്ടിക്കാട്ടി.
പൊതുപ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കലിൻെറ ഹർജിയിലാണ് ജസ്റ്റിസ് കെ.ബാബുവിന്റെ ബെഞ്ചാണ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
കെ.എം.എബ്രഹാമിന്റെ സ്വാധീനത്തിലായിരുന്നു വിജിലൻസിന്റെ പ്രാഥമികാന്വേഷണം നടന്നതെന്നും ഹൈക്കോടതി കുറ്റപ്പെടുത്തിയിട്ടുണ്ട്.ഇതും മുഖ്യമന്ത്രിയെ കടുത്ത പ്രതിരോധത്തിലാക്കുന്നതാണ്.
ജേക്കബ് തോമസ് വിജിലൻസിൻെറ തലപ്പത്ത് ഉണ്ടായിരുന്നപ്പോൾ കെ.എം.എബ്രഹാമിന് എതിരായ പരാതി അന്വേഷിക്കാൻ നടപടി എടുത്തത് വൻവിവാദമായിരുന്നു.
തിരുവനന്തപുരം ജഗതിയിലെ ഐ.എ.എസ് ഫ്ലാറ്റ് സമുച്ചയത്തിലെ കെ.എം.എബ്രഹാമിൻെറ ഫ്ളാറ്റ് അളക്കാൻ വിജിലൻസ് സംഘം എത്തിയതിൽ പ്രകോപിതനായ കെ.എം.എബ്രഹാം, ജേക്കബ് തോമസിനെതിരെ മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു.
സി.പി.എം നേതാവായിരുന്ന ഇ.പി.ജയരാജൻെറ മന്ത്രിസ്ഥാനത്ത് നിന്നുളള രാജിക്ക് ഇടയാക്കിയ വിജിലൻസ് നടപടിയിൽ തന്നെ തലപുകഞ്ഞിരുന്ന മുഖ്യമന്ത്രി ഇതോടെ ജേക്കബ് തോമസിനെ വിജിലൻസിൽ നിന്ന് നീക്കി.
എന്നാൽ വർഷങ്ങൾക്കിപ്പുറം അതേ സ്വഭാവമുളള പരാതിയിൽ കെ.എം.എബ്രഹാമിന് എതിരെ ഹൈകോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുമ്പോൾ അത് ജേക്കബ് തോമസിനും ചിരിക്കാം.
ജേക്കബ് തോമസ് വിജിലൻസിൽ നിന്ന് മാറിയശേഷം വിജിലൻസിൻെറ അന്വേഷണത്തിൽ വന്ന പാളിച്ചകളാണ് ഹൈകോടതി ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
2014 - 2015 കാലത്തെ എബ്രഹാമിൻെറ സ്വത്ത് സമ്പാദനം അന്വേഷണത്തില്‍ വിജിലന്‍സ് ഉള്‍പ്പെടുത്തിയിട്ടില്ല എന്നതും കൊല്ലം നഗരത്തിലെ കടപ്പാക്കടയിലുളള ഷോപ്പിങ്ങ് കോംപ്ലക്‌സിന്റെ വരുമാനം അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയില്ല തുടങ്ങിയവ പരാമർശിച്ച് കൊണ്ടാണ് ഹൈകോടതി വിജിലൻസിൻെറ വീഴ്ചകൾ എണ്ണിപ്പറയുന്നത്.
ഷോപ്പിങ്ങ് കോംപ്ലക്‌സ് നിര്‍മ്മാണത്തിന് പണം കൈമാറിയതിലും അന്വേഷണം നടത്തിയില്ല. സ്വത്ത് സമ്പാദന കാലയളവ് ശരിയായി പരിശോധിക്കാന്‍ വിജിലന്‍സിനായില്ല. വിജിലന്‍സ് ഇക്കാര്യങ്ങള്‍ ഒഴിവാക്കാന്‍ പാടില്ലാത്തതാണെന്നും ഹൈകോടതി ഉത്തരവിൽ എടുത്ത് പറയുന്നുണ്ട്.