മലപ്പുറം: സി.പി.എം സ്വതന്ത്രനായിരുന്ന പി.വി.അൻവർ എം.എൽ.എ അഴിച്ചുവിട്ട രാഷ്ട്രീയ കൊടുങ്കാറ്റ് ജില്ലയിലും സംസ്ഥാനത്തും വലിയ കോളിളക്കം സൃഷ്ടിക്കുന്നതിനിടെ മുസ്ളീം ലീഗിൽ പുതിയ വിവാദം.
അൻവറിൻെറ ആദ്യ പൊതുയോഗം നടന്ന നിലമ്പൂരിലെ ചന്തക്കുന്നിൽ തീപ്പൊരി നേതാവ് കെ.എം. ഷാജിയെ പങ്കെടുപ്പിച്ച് കൊണ്ട് നടത്താൻ നിശ്ചയിച്ച പൊതുയോഗം മാറ്റിവെച്ചതാണ് പാർട്ടിയുടെ തട്ടകമായ മലപ്പുറത്ത് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.
പി.വി.അൻവർ ഉന്നയിച്ച പരാതികളുടെ പശ്ചാത്തലത്തിലാണ് ചന്തക്കുന്നിൽ ഇന്ന് വൈകിട്ട് 5ന് രാഷ്ട്രീയ വിശദീകരണയോഗം സംഘടിപ്പിച്ചത്. നിലമ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു യോഗം സംഘടിപ്പിച്ചത്.
സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും വലിയ പ്രചരണവും നടത്തിയിരുന്നു. എന്നാൽ ഇന്ന് രാവിലെയോടെ യോഗം മാറ്റിവെച്ചതായി അറിയിപ്പ് വരികയായിരുന്നു. മുസ്ളീം ലീഗ് നേതൃത്വം ഇടപെട്ട് അനുമതി നിഷേധിച്ചതോടെയാണ് രാഷ്ട്രീയ വിശദീകരണയോഗത്തിൽ നിന്ന് മണ്ഡലം കമ്മിറ്റി പിൻവാങ്ങിയത്.
പരിപാടി റദ്ദാക്കിയത് ലീഗിനുളളിൽ വലിയ വിവാദമായിരിക്കുകയായിരുന്നു.കെ.എം ഷാജിയുടെ പരിപാടി നേതൃത്വം മുടക്കിയെന്നാണ് പാർട്ടിയ്ക്കുളളിൽ ഉയരുന്ന ആരോപണം. പാർട്ടി നേതൃത്വത്തിന് എതിരെ പാർട്ടിയുടെ സൈബർ ഗ്രൂപ്പുകളിൽ വൻവിമർശനമാണ് ഉയരുന്നത്.
പരിപാടി റദ്ദാക്കിയത് ഇടതുപക്ഷവുമായി പാർട്ടി നേതൃത്വത്തിൻെറ ഒത്തുതീർപ്പിന്റെ ഭാഗമാണെന്നാണ് വിമർശനം.ഇതുതന്നെയാണ് പി.വി.അൻവർ ചൂണ്ടിക്കാട്ടിയെ രാഷ്ട്രീയ നേതൃത്വങ്ങൾക്കിടയിലെ അവിശുദ്ധ കൂട്ടുകെട്ടെന്നും സൈബർ ഗ്രൂപ്പുകളിൽ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്.
പ്രശ്നങ്ങളും പ്രതിസന്ധിയും വരുമ്പോഴെല്ലാം പരസ്പരം കൈകോർക്കുന്ന മുസ്ളിം ലീഗിലെയും സി.പി.എമ്മിലെയും കോൺഗ്രസിലെയും നേതാക്കളെയും ചൂണ്ടിക്കാട്ടി കൊണ്ടാണ് അൻവർ അവിശുദ്ധ സഖ്യം എന്ന് പറയുന്നത്.
അൻവർ സൃഷ്ടിച്ച പ്രതിസന്ധിയിൽ ആടിയുലയുന്ന സി.പി.എം നേതൃത്വത്തിലെ ഉന്നതനെ സഹായിക്കാൻ ലീഗ് നേതൃത്വത്തിലെ ചിലർ സഹായഹസ്തം നീട്ടിയതിൻെറ തെളിവാണ് ചന്തക്കുന്നിലെ പൊതുയോഗം മാറ്റിവെച്ചത് എന്നാണ് പ്രവർത്തകരുടെ വിമർശനം.
'' രാഷ്ട്രീയം പറയുന്നവരുണ്ട് ലീഗിൽ. പറഞ്ഞുകൊണ്ടേയിരിക്കുന്നവരുമുണ്ട് ലീഗിൽ. എന്നാൽ അത്തരം ശബ്ദങ്ങൾ പുറത്ത് കേൾക്കാത്ത വിധം അവരെ ഒതുക്കുന്നതാണ് ലീഗിൻെറ സമീപകാല ചരിത്രം. പാർട്ടിക്കതീതമായ നെക്സസ് പ്രവർത്തിക്കുന്നുണ്ടെന്ന് ലീഗ് രാഷ്ട്രീയം നിരീക്ഷിക്കുന്നവർക്കെല്ലാം നേരത്തെ അറിയുന്ന യാഥാർത്ഥ്യമാണ്.
പി.വി.അൻവർ ആ വാർത്തക്ക് സ്ഥിരീകരണം നൽകിയെന്ന് മാത്രം. ചന്തക്കുന്നിൽ തടിച്ചുകൂടിയ മനുഷ്യർ ചോപ്പും പച്ചയും നീലയും ഒക്കെയാണ്. പക്ഷേ അവർ യാഥാർത്ഥ്യം മനസിലാക്കുന്ന രാഷ്ട്രീയ പ്രബുദ്ധതയുളളവരാണ്.
രാഷ്ട്രീയം പറയാതെ , രാഷ്ട്രീയം പ്രവർത്തിക്കാതെ, ചാരിറ്റി വോട്ട് നേടിത്തരുമെന്ന ധാരണ തിരുത്തണം. പുതിയ തലമുറ ചിന്തിക്കാൻ അത് ആവശ്യമാണ്'' ലീഗ് സൈബർ ഗ്രൂപ്പിൽ ഒരു പ്രവർത്തകൻ കുറിച്ചു.
പാർട്ടി നേതൃത്വത്തിൻെറ ആജ്ഞാനുവർത്തികളായി പ്രാദേശിക നേതാക്കളും പ്രവർത്തകരും മാറുന്നതിലുളള അതൃപ്തിയും ലീഗിനുളളിൽ നുരയുന്നുണ്ട്. '' ഏറ്റവും കൂടുതൽ അടിമകൾ ഉളള പാർട്ടി ഒന്ന് അത് സി.പി.എം ആണ്.
രണ്ടാമത് അടിമകൾ കൂടുതലുളള പാർട്ടി ഞാനും നിങ്ങളുമടക്കം ഉൾക്കൊളളുന്ന മുസ്ലീം ലീഗ് പാർട്ടിയാണ്. ഈ അടിമകൾ നിറയുന്ന പാർട്ടി കൊണ്ട് പാർട്ടിക്ക് ഒരുപാട് ഗുണമുണ്ട്. എന്നാൽ അതൊരു വൈറസായി പാർട്ടിയെ നശിപ്പിക്കുന്നത് പാർട്ടി അറിയുമ്പോഴേക്കും തറ അടക്കം ചിതലരിച്ച് പോയിരിക്കും...
മുസ്സീം ലീഗിലെ അടിമകളായ അണികൾ പാർട്ടി ഒരു ചാരിറ്റി ഓർഗനൈസേഷൻ മാത്രമായി ചുരുങ്ങിയതിൽ തൃപ്തരാണ്. പാണക്കാടിന്ന് ഉത്തരവ് വരുന്നു അടിമകൾ ഇറങ്ങുന്നു..പണം പിരിക്കുന്നു. ഇത് ഇങ്ങനെ കുറെക്കാലമായി , ലീഗ് രാഷ്ട്രീയമായി നിർജീവമാകാൻ തുടങ്ങിയിട്ട്'' സൈബർ ഗ്രൂപ്പിലെ മറ്റൊരംഗം വിമർശിച്ചു.
മലപ്പുറത്തെ കളളക്കടത്തിൻെറ കേന്ദ്രമായും ഏറ്റവും കൂടുതൽ കേസുകൾ ഉണ്ടാകുന്ന സ്ഥലമായും ചിത്രീകരിക്കാൻ സർക്കാരും പൊലീസും ശ്രമിക്കുമ്പോൾ ലീഗ് നേതൃത്വം കർശന സമീപനം സ്വീകരിക്കാത്തതിലും പാർട്ടിക്കകത്ത് വലിയ തോതിൽ വിമർശനം ഉയരുന്നുണ്ട്.
ലീഗ് നേതൃത്വം സമുദായത്തെയും ജനങ്ങളെയും ബാധിക്കുന്ന അടിസ്ഥാന വിഷയങ്ങളിൽ സി.പി.എമ്മുമായി ഒത്തുതീർപ്പ് ചെയ്യുന്നു എന്നും വിമർശനമുണ്ട്.
' മലപ്പുറത്തെ ക്രൈം റേറ്റ് കൂട്ടാൻ പൊലിസ് ശ്രമിക്കുമ്പോൾ...മുസ്ളിങ്ങൾക്ക് നീതി നൽകാതിരിക്കാൻ പൊലീസ് ഗൂഢാലോചന നടത്തുമ്പോൾ , മുസ്ളീം വെറുപ്പ് പടർത്തുമ്പോൾ, പേരിനൊരു സമരവും ,വഴിപാടുപോലുളള പ്രസ്താവനകളും കൊണ്ട് നേരിട്ടാൽ മതിയോ, ബൈത്തുറഹ്മ നല്ലതാണ് , വൈറ്റ് ഗാർഡ് അസാധാരണമായ സേവനം കാഴ്ചവെയ്ക്കുന്നുണ്ട്.
നൂറോ ഇരുന്നൂറോ വീടുകൾ ദുരന്തബാധിതർക്ക് നൽകുന്നതും അഭിനന്ദനാർഹം ആണ്.ലീഗ് ചോദിച്ചാൽ വാരിക്കോരി തരാൻ കേരളം തയാറുമാണ്. എന്നാൽ കൃത്യമായ കാഴ്ചപ്പാടോടെ രൂപീകൃതമായ രാഷ്ട്രീയ പ്രസ്ഥാനം റൊമാൻെറികലൈസ് ചെയ്ത് ചാരിറ്റി മാത്രം മുഖമുദ്രയാക്കിയാൽ സ്ഥാപിക്കപ്പെട്ട മഹാന്മാരുടെ സ്വപ്നങ്ങളെ തച്ചുടക്കുന്നതല്ലേ. എന്തുകൊണ്ട് ലീഗ് രാഷ്ട്രീയം പറയുന്നില്ല'' കെ.എം.സി.സി സൈബർ സോൺ ഗ്ളോബൽ എന്ന പേരുളള വാട്സാപ്പ് ഗ്രൂപ്പിൽ ഒരംഗം വിമർശിച്ചു.
നിലമ്പൂർ ചന്തക്കുന്നിലെ കെ.എം.ഷാജിയുടെ രാഷ്ട്രീയ പൊതുയോഗം റദ്ദാക്കിയതിനെതിരായ വിമർശനം ശക്തം ആകുമ്പോഴും അതിനെ പ്രതിരോധിക്കാൻ തന്നെയാണ് മുസ്ളീം ലീഗ് നേതൃത്വത്തിൻെറ തീരുമാനം.
വിശദീകരണയോഗം സംബന്ധിച്ച് നടക്കുന്നത് വ്യാജ പ്രചാരണമെന്നാണ് നിലമ്പൂർ മണ്ഡലം കമ്മിറ്റിയുടെ പ്രതികരണം.
പരിപാടിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന പോസ്റ്ററുകൾ വ്യാജമാണെന്നും ഇത്തരമൊരു പരിപാടി പ്രഖ്യാപിച്ചിട്ടില്ലന്നുമാണ് മണ്ഡലം കമ്മിറ്റിയുടെ വിശദീകരണം.
എന്നാൽ മലപ്പുറം ജില്ലയെ തെറ്റായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ മുസ്ളീം ലീഗ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയടക്കമുളളവർ ഇതിൻെറ ഭാഗമാകും