കാലടി : പഠനത്തോടൊപ്പം ജോലി ഉറപ്പ് വരുത്തുന്ന രൂപത്തിൽ വിദ്യാർത്ഥികളെ ഒരുക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ ‘വിജ്ഞാന തൊഴിൽ പദ്ധതി’ ക്ക് രൂപം നൽകിയതായി വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി അറിയിച്ചു. കേരള നോളജ് ഇക്കോണമി മിഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക.
കാലടി മുഖ്യ ക്യാമ്പസിലും സർവ്വകലാശാലയുടെ വിവിധ പ്രാദേശിക കേന്ദ്രങ്ങളിലും പഠിക്കുന്ന അവസാന വർഷ വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുന്ന വിധത്തിലാണ് പദ്ധതിയുടെ ഒന്നാം ഘട്ടം തയ്യാറാക്കിയിരിക്കുന്നത്. ഈ അധ്യയന വർഷം തന്നെ പദ്ധതിക്ക് തുടക്കം കുറിക്കും. പദ്ധതിയുടെ ഉദ്ഘാടനം സെപ്തംബറിൽ നടക്കും.
വിവിധ തൊഴിലുകൾ, സ്വയം തൊഴിൽ സംരംഭങ്ങൾ എന്നിങ്ങനെ വിവിധ മേഖലകളിൽ വിദ്യാർത്ഥികൾക്ക് ഓറിയന്റേഷൻ നൽകും. വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായ തൊഴിലുകളുമായുളള നൈപുണ്യ വിടവ് അതത് മേഖലകളിലെ അധ്യാപകരെയും തൊഴിൽ ദാതാക്കളുടെയും സഹായത്തോടെ പരിശോധിക്കും. എല്ലാ വിദ്യാർത്ഥികൾക്കും ഇന്റർവ്യൂ പരിശീലനം, ഇംഗ്ലീഷ് ഭാഷാ നൈപുണ്യം ഉൾപ്പെടെയുളള സോഫ്റ്റ് സ്കിൽ പരിശീലനം നിർബന്ധമാക്കും.
സി എസ് ആർ ഫണ്ട് കണ്ടെത്തി, ഉയർന്ന സ്കിൽ കോഴ്സുകളിൽ വിദ്യാർത്ഥികൾക്ക് പ്രവേശനം ഉറപ്പാക്കും. മൂന്ന് മാസത്തിനുളളിൽ സർവ്വകലാശാലയിലെ അവസാന വർഷ വിദ്യാർത്ഥികൾക്കും കഴിഞ്ഞ മൂന്ന് വർഷത്തിനുളളിൽ പഠനം പൂർത്തിയാക്കിയ സോഫ്റ്റ് സ്കിൽ കോഴ്സുകൾ ആവശ്യമുളള വിദ്യാർത്ഥികൾക്കും യോഗ്യതയ്ക്കനുസരിച്ച് കോഴ്സുകൾ നൽകും. ഡിസംബറിൽ പ്ലേയ്സ്‍മെന്റ് ഡ്രൈവ് നടത്തും, പ്രൊഫ. കെ. കെ. ഗീതാകുമാരി പറഞ്ഞു.
കേരള നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി. എസ്. ശ്രീകലയുമായി സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ ഭരണ നിർവ്വഹണ സമുച്ചയത്തിൽ നടത്തിയ യോഗത്തിൽ വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി, സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. കെ. എസ്. അരുൺകുമാർ, ആർ. അജയൻ, ഡോ. വി. ലിസി മാത്യു, രജിസ്ട്രാർ ഡോ. മോത്തി ജോർജ് എന്നിവർ പങ്കെടുത്തു.