/sathyam/media/media_files/2025/06/19/sateeshan-nilambur-2025-06-19-11-16-14.webp)
കൊച്ചി: കസ്റ്റഡി മർദനവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ട ബാധ്യതയുണ്ടെന്ന് വി.ഡി സതീശൻ പറഞ്ഞു.
മേലുദ്യോഗസ്ഥർ അറിഞ്ഞിട്ടും മർദനം മറച്ചുവെച്ചു. മനുഷ്യാവകാശത്തിന്റെ ലംഘനമാണ് നടന്നത്. ഒരു ഫേസ്ബുക്ക് പോസ്റ്റ് പോലും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായില്ല.
ഇതൊന്നും അറിയുന്നില്ലെങ്കിൽ പിന്നെന്തിനാണ് പൊലീസിലെ ഇന്റലിജൻസ് സംവിധാനം? അറിഞ്ഞില്ലെങ്കിൽ അതങ്ങ് പിരിച്ചുവിടുന്നതാകും നല്ലതെന്നും സതീശൻ പ്രതികരിച്ചു.
തിളക്കമാർന്ന ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിൽ വരും. അങ്ങനെ സംഭവിച്ചില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകുമെന്നും വെള്ളാപ്പള്ളിക്ക് മറുപടിയായി സതീശൻ പറഞ്ഞു.
പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയാകാനുള്ള റിഹേഴ്‌സൽ നടത്തുകയാണെന്ന് വെള്ളാപ്പള്ളി പരിഹസിച്ചിരുന്നു. വെള്ളാപ്പള്ളി ആർക്കുവേണ്ടിയാണ് സംസാരിക്കുന്നതെന്ന് എല്ലാവർക്കും അറിയാം.
വെള്ളാപ്പള്ളിയുടെ വെല്ലുവിളി നേരത്തേ സ്വീകരിച്ചതാണ്. വർഗീയ പരാമർശങ്ങൾ നടത്തിയ വെള്ളാപ്പള്ളി ഗുരുദേവന്റെ പകർപ്പാണെന്ന് പറഞ്ഞത് ആരാണെന്നും സതീശൻ ചോദിച്ചു.