/sathyam/media/media_files/2025/04/24/rfjFVXfROErYaHCDdYcy.jpg)
കൊച്ചി: സമഗ്ര നഗരനയം രൂപപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള കേരള അർബൻ കോൺക്ലേവ് സെപ്റ്റംബർ 12 മുതൽ കൊച്ചിയിൽ നടക്കുമെന്ന് മന്ത്രി എം. ബി രാജേഷ് പറഞ്ഞു.
സെപ്റ്റംബർ 12 മുതൽ 13 വരെ കൊച്ചി ഗ്രാൻഡ് ഹയാത്ത് കൺവെൻഷൻ സെന്ററിലാണ് കോൺക്ലേവ് നടക്കുന്നത്.
'അസ്പിറിങ് സിറ്റീസ്, ത്രൈവിംഗ് കമ്മ്യൂണിറ്റീസ്' എന്ന ആശയത്തിൽ നടക്കുന്ന അന്താരാഷ്ട്ര കോൺക്ലേവ് 12ന് രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് എറണാകുളം ഗവ ഗസ്റ്റ് ഹൗസിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ മന്ത്രി അറിയിച്ചു.
രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം നഗരനയത്തിന് രൂപം നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. ശാസ്ത്രീയമായ നഗര നയം രൂപീകരിക്കുന്നതിനായി പരിഗണനാവിഷയങ്ങളെ 10 മേഖലകളായി തിരിച്ചാണ് നഗരനയ കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്.
ഈ 10 മേഖലകൾ കേന്ദ്രീകരിച്ചുള്ള ചർച്ചകൾ അർബൻ കോൺക്ലേവിൽ നടക്കും. നഗരങ്ങളെ കേവലം ഭൗതിക വികസനത്തിന്റെ കേന്ദ്രങ്ങളായി മാത്രം ചുരുക്കാതെ മനുഷ്യരുടെ ജീവിത നിലവാരം ഉയർത്തി, സാമൂഹിക നീതി, പരിസ്ഥിതി സൗഹൃദം, സാംസ്കാരിക വൈവിധ്യം എന്നിവയ്ക്ക് ഊന്നൽ നൽകുക എന്നതാണ് നഗരനയത്തിലൂടെ സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.
കേരളം നേരിടുന്ന കാലാവസ്ഥാ പ്രതിസന്ധി, ജനസംഖ്യാ സമ്മർദ്ദങ്ങൾ, തൊഴിൽ-വിദ്യാഭ്യാസ മേഖലകളിലെ വെല്ലുവിളികൾ എന്നിവയ്ക്കുള്ള പരിഹാരങ്ങളും കോൺക്ലേവിൽ ചർച്ചയാകും. ഉദ്ഘാടന ചടങ്ങിൽ മന്ത്രി എം.ബി. രാജേഷ് അധ്യക്ഷനാകും. കേന്ദ്ര ഭവനനിർമ്മാണ, നഗരകാര്യ വകുപ്പ് മന്ത്രി മനോഹർലാൽ ഖട്ടാർ മുഖ്യാതിഥിയാകും.