/sathyam/media/media_files/2025/04/28/XhrVumbLeKijtToRqKWK.jpg)
കൊച്ചി: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവ ഡോക്ടറുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളിയുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും.
ചൊവ്വാഴ്ച തൃക്കാക്കര പൊലീസ് വേടനെ ആറേകാല്‍ മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇന്നലെ രാവിലെ 10ന് അന്വേഷണോദ്യോഗസ്ഥന് മുന്നില്‍ ഹാജരായ വേടന്‍ വൈകീട്ട് 4.15 ഓടെയാണ് മടങ്ങിയത്. കോടതിയുടെ പരിഗണനയിലുള്ള കേസായതിനാല്‍ സംസാരിക്കാനില്ലെന്ന് വേടന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ വീണ്ടും ഹാജരാകും. 114 ചോദ്യങ്ങളടങ്ങിയ ചോദ്യാവലി പ്രകാരമാണ് അന്വേഷകസംഘം വേടനില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നത്.
തൃക്കാക്കര എസ്എച്ച്ഒ കിരണ്‍ സി നായരുടെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍. കേസില്‍ ഹൈക്കോടതി വേടന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
2021 ഓഗസ്ത് മുതല്‍ 2023 മാര്‍ച്ചുവരെയുള്ള കാലയളവില്‍ കോഴിക്കോടും കൊച്ചിയിലുമടക്കം അഞ്ചിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്നും പിന്നീട് വിവാഹം കഴിക്കാതെ ഒഴിവാക്കിയെന്നുമാണ് യുവതിയുടെ പരാതി. പാട്ട് പുറത്തിറക്കാനെന്ന പേരില്‍ 31,000 രൂപ തട്ടിയെന്നും പരാതിയില്‍ ആരോപിക്കുന്നു.