വര്‍ധിത ഊര്‍ജ്ജവുമായി ഇന്ത്യന്‍ സമുദ്രോത്പന്ന കയറ്റുമതി മേഖല; 102 പുതിയ ഫിഷറീസ് സ്ഥാപനങ്ങള്‍ക്ക് കൂടി യൂറോപ്യന്‍ യൂണിയന്‍ അംഗീകാരം

ഇന്ത്യന്‍ സമുദ്രോത്പന്ന മേഖലയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയലും വാണിജ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് നിര്‍ണായക നേട്ടം കൈവരിക്കാനായത്.

New Update
marine products export

കൊച്ചി: രാജ്യത്തെ സമുദ്രോത്പന്ന കയറ്റുമതി മേഖലയ്ക്ക് പുത്തന്‍ ഉണര്‍വേകി യൂറോപ്യന്‍ യൂണിയനിലേക്ക് ഇന്ത്യയില്‍ നിന്നുള്ള സമുദ്രോത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനായി 102 പുതിയ ഫിഷറീസ് സ്ഥാപനങ്ങള്‍ക്ക് കൂടി ഇയു അംഗീകാരം നല്‍കി. 

Advertisment

ഇതോടെ അമേരിക്കന്‍ ചുങ്കമടക്കമുള്ള വെല്ലുവിളികളെ മറികടന്ന് യൂറോപ്യന്‍ വിപണിയില്‍ ശക്തമായി ചുവടുറപ്പിക്കാന്‍ ഈ നീക്കം ഇന്ത്യയ്ക്ക് സഹായകമാകും.

യൂറോപ്യന്‍ യൂണിയന്‍ അംഗീകാരമുള്ള ഇന്ത്യന്‍ സമുദ്രോത്പന്ന കയറ്റുമതി സ്ഥാപനങ്ങളുടെ എണ്ണം പുതിയ നീക്കത്തോടെ 538-ല്‍ നിന്ന് 604 ആയി ഉയര്‍ന്നു. വലിയ ലാഭസാധ്യതകളുള്ള യൂറോപ്യന്‍ സമുദ്രോത്പന്ന വിപണിയില്‍ ഇന്ത്യയുടെ സാന്നിധ്യം വര്‍ദ്ധിക്കുന്നതോടെ നമ്മുടെ വിദേശനാണ്യ ശേഖരവും വര്‍ധിക്കും.

ഇന്ത്യന്‍ സമുദ്രോത്പന്ന മേഖലയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയലും വാണിജ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് നിര്‍ണായക നേട്ടം കൈവരിക്കാനായത്.

സമുദ്രോത്പന്നങ്ങളുടെ ഉത്പാദനം മുതല്‍ വിപണനം വരെയുള്ള എല്ലാ ഘട്ടങ്ങളിലും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെയും (മറൈന്‍ പ്രൊഡക്ട്സ് എക്സ്പോര്‍ട്ട് ഡെവലപ്മെന്‍റ് അതോറിറ്റി- എംപിഇഡിഎ) എക്സ്പോര്‍ട്ട് ഇന്‍സ്പെക്ഷന്‍ കൗണ്‍സിലിന്‍റെയും (ഇഐസി) ശ്രമങ്ങളും നേട്ടത്തിന് പിന്നിലുണ്ട്.

സമുദ്രോത്പന്നങ്ങളുടെ ഉത്പാദനം മുതല്‍ കയറ്റുമതി വരെയുള്ള എല്ലാ ഘട്ടങ്ങളിലും ഉയര്‍ന്ന ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ സൂചനയാണ് ഈ നേട്ടമെന്ന് എംപിഇഡിഎ ചെയര്‍മാന്‍ ഡി.വി. സ്വാമി പറഞ്ഞു.

യൂറോപ്യന്‍ യൂണിയന്‍ അംഗീകാരമുള്ള ഫിഷറിസ് സ്ഥാപനങ്ങളുടെ കുറവ് കയറ്റുമതിക്കാര്‍ക്ക് വലിയ തടസ്സമായിരുന്നു. പുതിയ കരാര്‍ ഗുണമേന്‍മയുള്ള ഉത്പന്നങ്ങളിലൂടെ യൂറോപ്യന്‍ വിപണിയില്‍ സാന്നിധ്യം വര്‍ദ്ധിപ്പിക്കാന്‍ കയറ്റുമതിക്കാര്‍ക്ക് മികച്ച അവസരം നല്‍കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബെല്‍ജിയം, സ്പെയിന്‍, ഇറ്റലി എന്നിവയാണ് യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍ ഇന്ത്യയുടെ പ്രധാന വിപണികള്‍. 2025 ഒക്ടോബര്‍ 1-ന് പ്രാബല്യത്തില്‍ വരുന്ന ഇന്ത്യ-ഇഎഫ് ടിഎ വ്യാപാര കരാര്‍ വഴി നോര്‍വേ, സ്വിറ്റ്സര്‍ലാന്‍ഡ് തുടങ്ങിയ ഇഎഫ് ടിഎ രാജ്യങ്ങളിലേക്കും വിപണി പ്രവേശനം സാധ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സമുദ്രോത്പന്ന കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി എംപിഇഡിഎ സ്വീകരിച്ച നടപടികളില്‍ അക്വാകള്‍ച്ചറില്‍ ഗുഡ് മാനേജ്മെന്‍റ് പ്രാക്ടീസസ് (ജിഎംപി)  അവബോധം, ഫാം എന്‍ റോള്‍മെന്‍റ്, പ്രീ-ഹാര്‍വെസ്റ്റ് ടെസ്റ്റിംഗ് (പിഎച് ടി) വഴി അവശിഷ്ടങ്ങള്‍ നിരീക്ഷിക്കല്‍, ഉത്പാദനം മുതല്‍ സംസ്കരണം വരെയുള്ള ഹസാപ് മാനദണ്ഡങ്ങള്‍ പാലിക്കല്‍ എന്നിവ ഉള്‍പ്പെടുന്നു.

പുതിയ 102  കൊഞ്ച് സംസ്കരണ പ്ലാന്‍റുകള്‍ക്ക് ഇയു അംഗീകാരം നേടിയെടുക്കാന്‍ അക്ഷീണം പ്രയത്നിച്ച എംപിഇഡിഎക്ക് നന്ദി അറിയിക്കുന്നതായി ഗുജറാത്തിലെ ഓള്‍പ്പാഡിലുള്ള മയങ്ക് അക്വാകള്‍ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡിന്‍റെ എംഡി ഡോ. മനോജ് ശര്‍മ്മ ട്വീറ്റ് ചെയ്തു.

ഇയു അംഗീകാരത്തിനായി നിരവധി നാളുകളായുള്ള ശ്രമത്തിന്‍റെ ഫലപ്രാപ്തിയില്‍ എംപിഇഡിഎയുടെയും ഇഐസിയുടെയും നിരന്തരമായ ശ്രമങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന് തമിഴ്നാട്ടിലെ തൂത്തുക്കുടിയിലുള്ള ഐലന്‍ഡ് എക്സ്പോര്‍ട്സിലെ സന്തോഷ് പ്രഭു ചൂണ്ടിക്കാട്ടി.

അമേരിക്കയുമായുള്ള താരിഫ് പ്രശ്നങ്ങള്‍ വെല്ലുവിളിയോടൊപ്പം ഇയു പോലുള്ള പുതിയ വിപണികളിലേക്ക് കടക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ച അവസരം കൂടിയാണെന്ന് കൊല്‍ക്കത്തയിലെ ബസു ഇന്‍റര്‍നാഷണലിലെ വിജയ് ഗോപാല്‍ പറഞ്ഞു. ഇക്കാര്യത്തില്‍ എംപിഇഡിഎ നല്‍കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും പിന്തുണയ്ക്കും അദ്ദേഹം നന്ദി പ്രകാശിപ്പിച്ചു.

2023 മുതല്‍ ഇയു അംഗീകാരത്തിനായി അപേക്ഷിച്ചിരുന്നതാണെന്ന് മഹാരാഷ്ട്രയിലെ താലോജയിലുള്ള ഇലാഫ് കോള്‍ഡ് സ്റ്റോറേജിലെ അബ്ദുള്ള മേത്ത പറഞ്ഞു. ഇത് യാഥാര്‍ത്ഥ്യമായതോടെ യൂറോപ്യന്‍ യൂണിയനിലേക്ക് പ്രവേശിക്കുന്നതില്‍ വളരെ ആവേശത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

തൂത്തുക്കുടിയിലെ എസ്.വി. സീഫുഡ്സിലെ കേശവന്‍, ഭുവനേശ്വറിലെ ആശാദീപ് അക്വാകള്‍ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡിലെ പവന്‍ തിവാരി, തൂത്തുക്കുടിയിലെ ദേവ സീഫുഡ്സിലെ ജ്ഞാനരാജ, ഫ്രണ്ട്ലൈന്‍ എക്സ്പോര്‍ട്സിലെ നിയാസ് കോയ, ഗുജറാത്തിലെ വേരാവലിലുള്ള നിഷിന്‍ഡോ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഡയറക്ടര്‍ ദുര്‍ഗേഷ് ഖൊരാവ എന്നിവരും തങ്ങളുടെ കമ്പനികള്‍ക്ക് ഇയു ലിസ്റ്റിംഗില്‍ ഇടം നേടാന്‍ സഹായിച്ചതിന് എംപിഇഡിഎയുടെയും ഇഐസിയുടെയും ശ്രമങ്ങളെ പ്രശംസിച്ചു.

2024-25 കാലയളവില്‍ 62,408.45 കോടി രൂപയുടെ (7.45 ബില്യണ്‍ യുഎസ് ഡോളര്‍) മൂല്യമുള്ള 16,98,170 മെട്രിക് ടണ്‍ സമുദ്രോത്പന്നങ്ങളാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. യുഎസ്എയും ചൈനയുമാണ് ഇന്ത്യയില്‍ നിന്നുള്ള സമുദ്രോത്പന്നങ്ങളുടെ പ്രധാന ഇറക്കുമതിക്കാര്‍. ഈ കാലയളവില്‍ അളവിലും മൂല്യത്തിലും മുന്നിട്ട് നിന്നത് ശീതീകരിച്ച ചെമ്മീനാണ്

ഇന്ത്യയില്‍ നിന്നുള്ള സമുദ്രോത്പന്ന കയറ്റുമതിയില്‍ മൂന്നാമത്തെ വലിയ വിപണിയാണ് യൂറോപ്യന്‍ യൂണിയന്‍. ഇത് ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ 15.10% വരും. 2024-2025 കാലയളവില്‍ യൂറോപ്യന്‍ യൂണിയനിലേക്ക് 9429.56 കോടി രൂപയുടെ (1125.60 ദശലക്ഷം യുഎസ് ഡോളര്‍) മൂല്യമുള്ള 2,15,080 മെട്രിക് ടണ്‍ സമുദ്രോത്പന്നങ്ങളാണ് ഇന്ത്യ കയറ്റുമതി ചെയ്തത്.

ഈ കയറ്റുമതിയില്‍ അളവിലും മൂല്യത്തിലും വര്‍ദ്ധനവ് രേഖപ്പെടുത്തി. യൂറോപ്യന്‍ യൂണിയനിലേക്ക് പ്രധാനമായും കയറ്റുമതി ചെയ്ത ഇനങ്ങള്‍ ശീതീകരിച്ച ചെമ്മീന്‍, കണവ, കൂന്തല്‍ എന്നിവയാണ്.
2024-ല്‍ 67.84 ബില്യണ്‍ യുഎസ് ഡോളറിന്‍റെ സമുദ്രോത്പന്നങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ ഇറക്കുമതി ചെയ്തപ്പോള്‍, അതില്‍ ഇന്ത്യയുടെ പങ്ക് 1.50% മാത്രമായിരുന്നു. 

ശീതീകരിച്ച ചെമ്മീന്‍, ഫ്രോസണ്‍ സെഫലോപോഡുകള്‍, മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളായ ചെമ്മീന്‍, ട്യൂണ എന്നിവയുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യയ്ക്ക് വലിയ സാധ്യതയുണ്ട്. കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് അംഗീകാരം ലഭിച്ചത് ഇത്തരം വ്യാപാര സാധ്യതകള്‍ക്ക് ഉത്തേജനമാകും.

marine products ERNAKULAM
Advertisment