/sathyam/media/media_files/2025/09/12/shafi-parambil-vd-satheesan-pc-vishnunath-2025-09-12-15-21-22.jpg)
കൊച്ചി: ലൈംഗിക ആരോപണത്തെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കർശന നിലപാടെടുത്ത പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ സൈബർ ആക്രമണത്തിൽ പ്രതിക്കൂട്ടിലായി പഴയ എ ഗ്രൂപ്പിലെ ഒരു വിഭാഗം.
കെ.പി.സി.സി വർക്കിംഗ് പ്രസിഡൻ്റുമാരായ ഷാഫി പറമ്പിൽ, പിസി വിഷ്ണുനാഥ്, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിപക്ഷ നേതാവിനെ സൈബർ ആക്രമണത്തിന് ഇരയാക്കുന്നതെന്ന ആരോപണമാണ് ഉയരുന്നത്.
നിലവിൽ സൈബർ വെട്ടുകിളി കൂട്ടങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് കെപിസിസി വർക്കിംഗ് പ്രസിഡണ്ട് കൂടിയായ വിഷ്ണുനാഥാണെന്നും കർട്ടന് പിന്നിൽ കരുക്കൾ നീക്കുന്നത് ഇദ്ദേഹമാണെന്നുമുള്ള ആരോപണങ്ങളും പുറത്തുവന്നിട്ടുണ്ട്.
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് രാഹുൽ മത്സരിച്ചപ്പോൾ പഴയ എ ഗ്രൂപ്പിനെ പൊടിതട്ടിയെടുത്ത് സംസ്ഥാനതലത്തിൽ ഏകോപനം നിർവഹിച്ചാണ് ഷാഫിയും സംഘവും ഇദ്ദേഹത്തെ ജയിപ്പിച്ചെടുത്തത്. തുടർന്നാണ് കെ സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും മാറി സണ്ണി ജോസഫ് ചുമതലയിൽ ഏൽക്കുന്നത്.
അദ്ദേഹത്തിന് ഒപ്പം വർക്കിംഗ് പ്രസിഡന്‍റുമാരായി എത്തിയ ഷാഫിയും വിഷ്ണുനാഥും പാർട്ടിയിൽ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനുള്ള നീക്കങ്ങൾ ഊർജിതപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടയിലാണ് രാഹുലിന് നേരെ ലൈംഗിക ആരോപണം വിവാദം ഉയർന്നത്.
ഇതോടെ കടുത്ത നിലപാടെടുത്ത പ്രതിപക്ഷ നേതാവ് രാഹുലിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നും പുറത്താക്കണമെന്ന് ആവശ്യമുയർത്തി.
കോൺഗ്രസിൽ ഇന്നോളം കേട്ടിട്ടില്ലാത്ത വിധം പുറത്തുവന്നതും വരാത്തതുമായി അതീവ ഗുരുതരമായ ആരോപണങ്ങൾ ആയിരുന്നു രാഹുലിനെതിരെ ഉയർന്നത്. ഈ സാഹചര്യത്തിൽ ആയിരുന്നു പ്രതിപക്ഷ നേതാവ് ശക്തമായ നിലപാട് സ്വീകരിച്ചത്.
പാലക്കാട് നിന്നുള്ള നിയമസഭാംഗമായ രാഹുലിനെ ആരോപണത്തെ തുടർന്ന് പാർലമെൻററി പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്യണമെന്ന നിലപാടും ആദ്യമെടുത്തത് പ്രതിപക്ഷ നേതാവായിരുന്നു.
ഈ രണ്ടു കാര്യങ്ങളും പാർട്ടിയിലും മുതിർന്ന നേതാക്കളുമായും ചർച്ചചെയ്ത ശേഷമാണ് നടപ്പിലാക്കിയത്. മുതിർന്ന നേതാക്കൾ അടക്കം പാർട്ടിയിലെ ഭൂരിപക്ഷവും പ്രതിപക്ഷ നേതാവിന്റെ നിലപാടിനൊപ്പം എത്തുകയായിരുന്നു. എന്നാൽ ആദ്യം മുതൽ തന്നെ ഷാഫി പറമ്പിൽ രാഹുലിനെതിരായ നടപടിയെ പരസ്യമായി തള്ളി രംഗത്ത് വന്നിരുന്നു.
തുടർന്ന് പ്രതിപക്ഷ നേതാവിനെതിരെ വ്യാപകമായ സൈബർ ആക്രമണവും അരങ്ങേറി. എന്നാൽ വിഷയത്തിൽ നിലപാട് പറയാതെ കർട്ടന് പിന്നിൽ വിഷ്ണുനാഥ് കരുക്കൾ നീക്കുന്നു എന്ന് ആരോപണമാണ് നിലവിൽ പാർട്ടിയിലെ ചിലർ തന്നെ ഉയർത്തുന്നത്.
പ്രതിപക്ഷ നേതാവിനെതിരായ സൈബർ ആക്രമണത്തിലെ വെട്ടുകിളികൾക്ക് ചുക്കാൻ പിടിക്കുന്നത് വിഷ്ണുനാഥാണെന്ന ഗുരുതര ആരോപണമാണ് നിലവിൽ ഉയർന്നുവന്നിരിക്കുന്നത്.
രാഹുലിനെതിരെ സ്വീകരിച്ച നടപടികൾ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ പൂർണ്ണ സമ്മതത്തോടെ കൂടിയായിരുന്നു. എന്നാൽ പ്രതിപക്ഷനേതാവിനെതിരായ പഴയ എ ഗ്രൂപ്പിൻ്റെ ആക്രമണത്തെ ഇല്ലാതാക്കാൻ സണ്ണി ജോസഫ് ഇടപെടുന്നില്ലെന്ന വാദവും ഉയർന്നു കഴിഞ്ഞു.
കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച് ഉയർന്നുവന്ന വിവാദത്തിൽ സണ്ണി ജോസഫ് അഴകൊഴമ്പൻ സമീപനമാണ് സ്വീകരിക്കുന്നതെന്നും ചില നേതാക്കൾ വ്യക്തമാക്കുന്നു.
രാഹുലിനെ പഴയ എ ഗ്രൂപ്പിലെ ഒരു വിഭാഗം പിന്തുണയ്ക്കുമ്പോഴും പുറത്തുവന്ന ഫോൺ സംഭാഷണത്തിൽ ഉൾപ്പെട്ടിരിക്കുന്നത് രാഹുലിന്റെ ശബ്ദമല്ലെന്ന് പറയാൻ ഇവരോ രാഹുലോ, തയ്യാറായിട്ടില്ല എന്നതും യാഥാർത്ഥ്യമാണ്.
രാഹുലിന്റെ വിഷയത്തിൽ പാർട്ടിക്കുള്ളിൽ സൃഷ്ടിക്കപ്പെട്ട ചേരിതിരിവ് പരമാവധി മുതലെടുത്ത് നേതൃത്വത്തിലേക്ക് ഉയരാനാണ് പി സി വിഷ്ണുനാഥിന്റെ ശ്രമമെന്നും ഒരു വിഭാഗം നേതാക്കൾ പറയുന്നു.
ഇത്തരത്തിൽ പ്രതിപക്ഷ നേതാവിനെതിരായ സൈബർ ആക്രമണം രൂക്ഷമായതോടെ കോൺഗ്രസ് ഉൾപാർട്ടി രാഷ്ട്രീയം കലങ്ങിമറിയുകയാണ്.