ശബരിമലയിലെ സ്വര്‍ണപ്പാളികളില്‍ നാലര കിലോ എങ്ങനെ കുറഞ്ഞു?. അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

പെട്രോളോ മറ്റോ ആണെങ്കില്‍ ആവിയായി പോകാമെന്ന് വിചാരിക്കാം.

New Update
highcourt

കൊച്ചി:  ശബരിമല സന്നിധാനത്തിലെ സ്വര്‍ണപ്പാളി പൊതിഞ്ഞ ദ്വാരപാലക ശില്‍പ്പങ്ങളുടെയും പീഠത്തിലെയും തൂക്കത്തിലെ കുറവില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി.

Advertisment

നാലു കിലോ എവിടെപ്പോയെന്ന് കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ വ്യക്തത വേണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.

ഇക്കാര്യത്തില്‍ ദേവസ്വം ചീഫ് വിജിലന്‍സ് ഓഫീസര്‍ അന്വേഷിക്കണമെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് ഉത്തരവിട്ടു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അന്വേഷണവുമായി സഹകരിക്കണമെന്നും, എല്ലാ രേഖകളും ഉടന്‍ തന്നെ ദേവസ്വം ചീഫ് വിജിലന്‍സ് ഓഫീസര്‍ക്ക് കൈമാറണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

പെട്രോളോ മറ്റോ ആണെങ്കില്‍ ആവിയായി പോകാമെന്ന് വിചാരിക്കാം. എന്നാല്‍ സ്വര്‍ണം പൊതിഞ്ഞ ചെമ്പുപാളികളുടെ ഭാരം എങ്ങനെ കുറയുമെന്ന് കോടതി ചോദിച്ചു.

ഇക്കാര്യം നിസ്സാരമായി കാണാനാകില്ലെന്ന് ദേവസ്വം ബെഞ്ച് അഭിപ്രായപ്പെട്ടു.

 മൂന്നാഴ്ചയ്ക്കകം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ദേവസ്വം ചീഫ് വിജലന്‍സ് ഓഫീസര്‍ക്ക് ഇടക്കാല ഉത്തരവില്‍ നിര്‍ദേശം നല്‍കി.

 ഇക്കാര്യത്തില്‍ സത്യം വെളിച്ചം കാണട്ടെയെന്ന് കോടതി നിരീക്ഷിച്ചു. 1999 ല്‍ ദ്വാരപാലക ശില്പങ്ങള്‍ സ്വര്‍ണം പൊതിഞ്ഞതായി രേഖകളുണ്ട്.

 പിന്നെ എന്തിനാണ് 2019 ല്‍ വീണ്ടും സ്വര്‍ണം പൊതിയാന്‍ കൊണ്ടുപോയതെന്നും കോടതി നേരത്തെ ആരാഞ്ഞിരുന്നു.

ദ്വാരപാലക ശില്പങ്ങളും സ്വര്‍ണപ്പാളികളും പീഠവും 2019 ല്‍ അഴിച്ചെടുത്തപ്പോള്‍ 42. 8 കിലോ ഉണ്ടായിരുന്നു. ഇത് അറ്റകുറ്റപ്പണികള്‍ക്കായി ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ചശേഷം 38. 258 കിലോയായി കുറഞ്ഞു.

ഇതിലാണ് ഹൈക്കോടതി വ്യക്തത തേടിയത്. സ്വര്‍ണപ്പാളികള്‍ക്ക് 25 കിലോ 400 ഗ്രാം ഭാരവും, രണ്ട് പീഠങ്ങള്‍ക്ക് 17 കിലോ 400 ഗ്രാം ഭാരം എന്നിങ്ങനെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹാജരാക്കിയ രേഖകളിലുള്ളത്.

 ചെന്നൈയിലെ അറ്റകുറ്റപ്പണിക്ക് ശേഷം സ്വര്‍ണ്ണപ്പാളികള്‍ ഒന്നര മാസത്തിന് ശേഷമാണ് തിരിച്ചെത്തിക്കുന്നത്.

Advertisment