/sathyam/media/media_files/2025/09/18/ak-antony-swami-sachithananda-2025-09-18-12-59-44.jpg)
കൊച്ചി: ശിവഗിരിയിലെ പൊലീസ് നടപടിയിൽ എ.കെ ആന്റണി പറഞ്ഞത് ശരിവെച്ച് ഇ.കെ നായനാർ സർക്കാർ നിയമിച്ച കമ്മീഷൻ റിപ്പോർട്ട്. നിയമസഭാ വെബ്‌സെറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള റിപ്പോർട്ടിലെ 350-ാം പേജിലാണ് ഇത് സംബന്ധിച്ച ന്യായീകരണമുള്ളത്.
1995 ഒക്ടോബർ 11നാണ് ശിവഗിരിയിൽ പോലീസ് നടപടി ഉണ്ടായത്. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് പോലീസ് നടപടി ഉണ്ടായതെന്നാണ് ആന്റണി പറയുന്നത്.
പിന്നീട് അധികാരത്തിൽ വന്ന ഇ.കെ നായനാർ സർക്കാർ ശിവഗിരിയിലെ പോലീസ് നടപടിയെക്കുറിച്ച് അന്വേഷിക്കാൻ റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി വി.ഭാസ്‌കരൻ നമ്പ്യാരെ നിയമിച്ചത്.
തുടർന്ന് നടന്ന കമ്മീഷന്റെ അന്വേഷണത്തിനൊടുവിലാണ് പൊലീസ് നടപടിക്ക് കമ്മീഷൻ ക്ലീൻ ചിറ്റ് കൊടുത്തത്. ശിവഗിരിയിൽ പൊലീസ് നടപടി അനിവാര്യമായിരുന്നുവെന്നും നടപടിക്ക് നേതൃത്വം കൊടുത്ത അന്നത്തെ തിരുവനന്തപുരം റൂറൽ എസ്.പി ശങ്കർ റെഡിയെ റിപ്പോർട്ടിൽ വാനോളം പുകഴ്ത്തുകയും ചെയ്തിട്ടുണ്ട്.
ഉത്തമനും മാതൃക പോലീസ് ഉദ്യോഗസ്ഥനും എന്നാണ് അദ്ദേഹത്തെ കമ്മീഷൻ വിശേഷിപ്പിച്ചിട്ടുള്ളത്.
'പൊലീസ് ബലപ്രയോഗം നടത്തി, ഇത് അംഗീകരിക്കപ്പെടേണ്ടതാണ്. മഠത്തിലേക്ക് പ്രവേശിക്കുന്നതിനും, തടസ്സങ്ങൾ നീക്കം ചെയ്യുന്നതിനും, കല്ലേറിൽ നിന്ന് സ്വയം രക്ഷപ്പെടുന്നതിനും അമീൻമാരേയും സന്യാസിമാരേയും സമാധാനപരമായി ഓഫീസിലേക്ക് നയിക്കുന്നതിന്മാണ് അവർക്ക് ബലം പ്രയോഗിക്കേണ്ടി വന്നത്' എന്നാണ് ആക്ഷൻ ടേക്കൺ റിപ്പോർട്ടിൽ പോലീസ് ബലപ്രയോഗത്തെപ്പറ്റിയും അതിന് വഴിതെളിച്ച സാഹചര്യങ്ങൾ എന്തൊക്കെയായിരുന്നു എന്നും കമ്മീഷൻ റിപ്പോർട്ടിനെ ഉദ്ധരിച്ചു പറയുന്നത്.
'വളരെ അതിശയോക്തിപരമായ വാങ്മൂല തെളിവുകളുടെ ബാഹുല്യത്തിൽ പോലീസ് അതിക്രമം നടന്നില്ലെന്നാണ് കമ്മീഷന്റെ നിഗമനം.
ജനക്കൂട്ടം റോഷാകുലരായപ്പോൾ ഒന്നോ രണ്ടോ പോലീസ് ഉദ്യോഗസ്ഥർ ധൃതി പിടിച്ച് പ്രവർത്തിക്കുകയോ അൽപം അധികാര പരിധി കടക്കുകയോ ചെയ്താൽ വിന്യസിക്കപ്പെട്ട മുഴുവൻ പോലീസുകാരേയും ബാധിക്കും വിധം ഇതിനെ പോലീസ് അതിക്രമം എന്ന് പറയാനാവില്ല.
എല്ലാ പ്രതികൂല കാലാവസ്ഥകളോടും പോലീസ് ഗണ്യമായ സംയമനത്തോടെയാണ് പെരുമാറിയത്' എന്നാണ് നായനാർ സർക്കാരിന്റെ ആക്ഷൻ ടേക്കൺ റിപ്പോർട്ടിൽ സുവ്യക്തമായി എഴുതിവെച്ച ശേഷമാണ് എ.കെ ആന്റണിയെ ഇപ്പോൾ പിണറായി വിജയനും സി.പി.എമ്മും കുറ്റപ്പെടുത്തുന്നതിന് പിന്നിൽ രാഷ്ട്രീയമായ ദുരുദ്ദേശമുണ്ടെന്നും വാദമുണ്ട്.
റിപ്പോർട്ട് നിയമസഭയിൽ വെച്ച കാലത്ത് എകെ ആന്റണി പ്രതിപക്ഷ നേതാവായിരുന്നു. 2001 ൽ 100 സീറ്റ് നേടി ആന്റണിയുടെ നേതൃത്വത്തിൽ യു.ഡി.എഫ് അധികാരത്തിൽ വന്നു.
ഇക്കാലങ്ങളിൽ കോൺഗ്രസിലെ സർവശക്തനായിരുന്ന ആന്റണി ഈ റിപ്പോർട്ടുകൾ ഉപയോഗിച്ച് വേണ്ട രീതിയിൽ കാര്യങ്ങൾ സുതാര്യമായി വെളിച്ചത്ത് കൊണ്ടുവന്നോ എന്നതും ചിന്തനീയമാണ്.
നായനാർ സർക്കാർ ഭാസ്‌കരൻ നമ്പ്യാർ കമ്മീഷനെ നിയമിച്ച കാലത്ത് പിണറായി വിജയൻ നായനാർ മന്ത്രിസഭയിൽ സഹകരണ വൈദ്യുതി മന്ത്രിയായിരുന്നു.
ശിവഗിരി മഠത്തിലെ സ്വാമിമാർ തമ്മിലുണ്ടായ അധികാര തർക്കങ്ങളും കോടതി വ്യവഹാരങ്ങളുമാണ് ഒടുവിൽ പോലീസ് നടപടിയിലേക്കെത്തിച്ചത്.
കോൺഗ്രസിന് വലിയ തിരിച്ചടി ഉണ്ടാക്കിയ സംഭവമായിരുന്നു ശിവഗിരിയിലെ പോലീസ് നടപടി. ഇത്തേുടർന്ന് 1996ലെ നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വമ്പൻ പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്.
ആന്റണിയുടെ വാദങ്ങളെ ശരിവെച്ച് ശിവഗിരി മഠത്തിലെ സച്ചിദാനന്ദ സ്വാമിയും രംഗത്ത് വന്നിട്ടുണ്ട്. അന്നത്തെ പൊലീസ് നടപടി സർക്കാരിന്റെ കടമയായിരുന്നുവെന്നും അതിൽ അന്നത്തെ സർക്കാരിന് തെറ്റ് പറ്റിയിട്ടില്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്.
പ്രകാശാനന്ദയ്ക്ക് അധികാരം കൈമാറണമെന്ന കോടതി വിധി നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥമാണെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. മുഖ്യമന്ത്രി സഭയിൽ പറഞ്ഞത് രാഷ്ട്രീയമാണെന്നും അതിനോട് പ്രതികരിക്കാൻ താനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.