/sathyam/media/media_files/2025/09/19/agola-ayyappa-sangamam-2025-09-19-17-00-36.jpg)
കൊച്ചി: പമ്പയില്‍ നടക്കുന്ന ആഗോള അയ്യപ്പസംഗമത്തിന് പോകാന്‍ ക്ഷേത്ര ഫണ്ട് ഉപയോഗിക്കാമെന്ന മലബാര്‍ ദേവസ്വം ബോര്‍ഡ് ഉത്തരവിന് സ്റ്റേ.
അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ പോകുന്ന ക്ഷേത്ര ജീവനക്കാരുടെ ചെലവുകള്‍ക്ക് ദേവസ്വം ബോര്‍ഡ്, ക്ഷേത്ര ഫണ്ട് എന്നിവയില്‍ നിന്നും പണം എടുക്കാമെന്നായിരുന്നു മലബാര്‍ ദേവസ്വം കമ്മീഷണര്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്.
ഇതു ചോദ്യം ചെയ്ത് കാസര്‍കോട് നീലേശ്വരം സ്വദേശിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഹര്‍ജി പരിഗണിച്ച കോടതി ക്ഷേത്രത്തിന്റെ തനതു ഫണ്ട് എന്തിന് ഇക്കാര്യത്തിനായി ഉപയോഗിക്കുന്നുവെന്ന് ചോദിച്ചു. എന്തിനാണ് ഇങ്ങനെ പണം ചെലവഴിക്കുന്നതെന്നും കോടതി ചോദിച്ചു.
തുടര്‍ന്ന് മലബാര്‍ ദേവസ്വം കമ്മീഷണറുടെ ഉത്തരവ് ഹൈക്കോടതി ദേവസ്വം ബെഞ്ച് സ്‌റ്റേ ചെയ്തു. ക്ഷേത്ര ഫണ്ട് അയ്യപ്പ സംഗമത്തിനായി പോകുന്നവരുടെ ചെലവിനായി ഉപയോഗിക്കാമെന്ന ഉത്തരവ് ഹൈക്കോടതി നിര്‍ദേശത്തിന്റെ ലംഘനമാണെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പമ്പയിലെ ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ പോകുന്ന ക്ഷേത്ര ജീവനക്കാര്‍ക്ക് അവരവരുടെ ക്ഷേത്രങ്ങളിലെ തനത് ഫണ്ട് ചെലവിനായി ഉപയോഗിക്കാമെന്നാണ് മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്.
ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ജീവനക്കാര്‍ക്ക് പമ്പയിലേക്ക് പോകാനുള്ള യാത്ര ചെലവടക്കം ക്ഷേത്രങ്ങളുടെ ഫണ്ടില്‍ നിന്ന് വിനിയോഗിക്കാമെന്ന് ഉത്തരവില്‍ സൂചിപ്പിക്കുന്നു.
ആഗോള അയ്യപ്പ സംഗമത്തിലേക്ക് മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രതിനിധികളെ അയക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അഭ്യര്‍ത്ഥിച്ചിരുന്നു.
തുടര്‍ന്നാണ് തനത് ഫണ്ട് വിനിയോഗിച്ച സംഗമത്തിന് പോകാന്‍ അനുമതി നല്‍കിയത്. അയ്യപ്പ സംഗമം എല്ലാം സ്‌പോണ്‍സര്‍ഷിപ്പ് വഴിയാണെന്നും മറ്റു ദേവസ്വം ഫണ്ടുകള്‍ സംഗമത്തിനായി ഉപയോഗിക്കില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ ഉറപ്പ് നല്‍കിയിരുന്നു.