ആംബുലൻസുകൾ റോഡിൽ ജീവന് ഭീഷണിയായി  മാറുന്നുവോ ?

ആംബുലൻസുകളുടെ വേഗം, രോഗിയുടെ അവസ്ഥ അനുസരിച്ച് നിയന്ത്രിക്കണം. ആംബുലൻസ് ഓടിക്കുന്നവർക്ക് കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങളും പരിശീലനവും കൊടുക്കണം. പരിശീലനം കിട്ടിയവർ  മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കുന്നില്ലെങ്കിൽ തൽസ്ഥാനത്ത് നിന്ന് അവരെ ഒഴിവാക്കുക. 

New Update
ambulance accident-2

എറണാകുളം: ആംബുലൻസുകൾ ഇത്ര വേഗത്തിൽ പായേണ്ട ആവശ്യമുണ്ടോ എന്ന് പോതുജനങ്ങൾ ചോദിച്ചു തുടങ്ങി. കഴിഞ്ഞ കുറെ നാളുകളായി ആംബുലൻസുകൾ ഉണ്ടാക്കുന്ന അപകടങ്ങൾ വർദ്ധിച്ചു വരുന്നതിന്റെ വെളിച്ചത്തിലാണ് ജനങ്ങൾ പ്രതികരിച്ചു തുടങ്ങിയത്.  

Advertisment

മൃതദേഹവുമായി സൈറൺ മുഴക്കി പാഞ്ഞ ആംബുലൻസ് അപകടത്തിൽപ്പെട്ടത് അടുത്ത നാളിലാണ്. മൃതദേഹവുമായി പോകുന്ന ആംബുലൻസ് എന്തിനാണ് ഇത്രയും വേഗത്തിൽ, മറ്റുള്ളവരെ ഭീഷണിപ്പെടുത്തി പായുന്നത് ! 

അത്യാസന്ന നിലയിൽ ആയ രോഗിയുടെ ജീവൻ രക്ഷിക്കാൻ വേണ്ടിയാണല്ലോ കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് രോഗികളെ ആംബുലൻസിൽ നീക്കുന്നത്. എന്നാൽ, രോഗിയെ ആംബുലൻസിലേക്ക് കയറ്റിയ ഉടനെ തന്നെ സൈറൺ ഇട്ട് ആംബുലൻസ് ഒറ്റ പാച്ചിലാണ്. 

കുതിച്ചു പാഞ്ഞ് വരുന്ന ആംബുലൻസിന് വേണ്ടി വാഹനങ്ങൾ വഴി ഒരുക്കി കൊടുക്കാറുണ്ട്. ഈ വഴിയിലൂടെ ആംബുലൻസുകൾക്ക് തടസ്സമില്ലാതെ യാത്ര ചെയ്യാൻ സാധിക്കുമ്പോൾ പിന്നെ അമിതവേഗത്തിൽ ആംബുലൻസ് പായുന്നത് എന്തിനാണ് എന്നാണ് ജനങ്ങൾ ചോദിക്കുന്നത്. 

ambulance and car accident

ഇക്കഴിഞ്ഞ ദിവസം ഒരു വനിതാ പോലീസ് ഓഫീസർ തിരക്കേറിയ റോഡിൽ ഓടി നടന്ന് ഒരു ആംബുലൻസിന് വഴിയൊരുക്കി കൊടുത്തതും, രോഗിയില്ലാത്ത ആംബുലൻസ് ആയിരുന്നു സൈറൺ മുഴക്കി വന്നത് എന്നും പിന്നീട് മാധ്യമങ്ങൾ കണ്ടെത്തി  വാർത്തയാക്കിയിരുന്നുവല്ലോ.

ഇന്നലെ കോട്ടയത്ത് ഒരു ആംബുലൻസ് അപകടത്തിൽപ്പെട്ട വാർത്തയും പുറത്തുവന്നിട്ടുണ്ട്. അത്യാസന്ന നിലയിലായ രോഗികളെയും കൊണ്ട് പോകുന്ന ആംബുലൻസുകൾ വേഗത്തിൽ പോകുന്നതിന് ആരും തടസ്സമല്ല. എന്നാൽ  മിതമായ വേഗത്തിലും അതീവ ശ്രദ്ധയിലും വേണം ആംബുലൻസ് ഓടിക്കേണ്ടതെന്ന് ജനങ്ങൾ അഭിപ്രായപ്പെടുന്നു.

അമിതവേഗത്തിൽ ആംബുലൻസ് ഓടിക്കുന്നത് ഇപ്പോൾ ഡ്രൈവർമാർക്ക് ഹരമാണ് എന്ന് തോന്നുന്നു. റോഡിൽ അവർക്ക് കിട്ടുന്ന മുന്തിയ പരിഗണന തന്നെയാണ് കാരണം. അവരുടെ അമിത വേഗം ചോദ്യം ചെയ്യാൻ ആരും ധൈര്യപ്പെടുകയില്ല എന്നതും മറ്റൊരു കാരണമാണ്. 

ambulance accident

ആംബുലൻസിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട അനേകം വാഹനങ്ങളും ആളുകളുമുണ്ട്. ആംബുലൻസുകളുടെ വേഗം നിയന്ത്രിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു. 

പല ആംബുലൻസുകളും പുറത്തുനിന്ന് നോക്കിയാൽ അകം കാണാൻ പറ്റാത്ത വിധം അടച്ച് മൂടിയതാണ്. ആംബുലൻസിന്റെ ഉള്ളിൽ രോഗി തന്നെയാണോ എന്ന് പുറത്തുള്ളവർക്ക് അറിയാൻ പറ്റത്തില്ല. അതുകൊണ്ടാണല്ലോ രോഗി ഇല്ലാത്ത ആംബുലൻസിന് വേണ്ടി വഴിയൊരുക്കി വനിതാ പോലീസ് ഓഫീസർ ഇളിഭ്യ ആയത്.

ആംബുലൻസുകളുടെ വേഗം, രോഗിയുടെ അവസ്ഥ അനുസരിച്ച് നിയന്ത്രിക്കണം. ആംബുലൻസ് ഓടിക്കുന്നവർക്ക് കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങളും പരിശീലനവും കൊടുക്കണം. പരിശീലനം കിട്ടിയവർ  മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കുന്നില്ലെങ്കിൽ തൽസ്ഥാനത്ത് നിന്ന് അവരെ ഒഴിവാക്കുക. 

അശ്രദ്ധമായി ആംബുലൻസ് ഓടിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കണം. ആംബുലൻസുകളുടെ അകം, പുറത്ത് നിന്ന് കാണാവുന്ന വിധത്തിൽ അല്ല എങ്കിൽ  ആംബുലൻസുകളുടെ ബോഡി പരിഷ്കരിക്കുക. മൃതദേഹവുമായി പോകുന്ന ആംബുലൻസുകൾ സൈറൺ മുഴക്കേണ്ടതുണ്ടോ എന്ന് പരിശോധിക്കണം. ഓരോ ജീവനും വിലപ്പെട്ടതാണ്.

Advertisment