/sathyam/media/media_files/2025/08/06/paliyekkara-toll-2025-08-06-20-20-28.jpg)
കൊച്ചി: പാലിയേക്കരയില്‍ ടോള്‍ പിരിവ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി നീട്ടി. മുരിങ്ങൂരില്‍ സര്‍വീസ് റോഡ് തകര്‍ന്നതിനെത്തുടര്‍ന്ന് റോഡു ഗതാഗതം താറുമാറായ കാര്യം ജില്ലാ കലക്ടര്‍ കോടതിയെ അറിയിച്ചു.
കഴിഞ്ഞദിവസം നന്നാക്കിയ സര്‍വീസ് റോഡാണ് ഇന്നലെ തകര്‍ന്നത്. തകര്‍ന്ന റോഡ് നന്നാക്കിയിട്ട് വരൂ, എന്നിട്ടാകാം ടോള്‍ പിരിക്കുന്നത് എന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.
സര്‍വീസ് റോഡ് ഇടിഞ്ഞതില്‍ എന്താണ് അടിയന്തര പരിഹാരം എന്ന് കോടതി ചോദിച്ചു. ഇടിഞ്ഞ ഭാഗത്തിന്റെ അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ച കോടതി, ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ സമര്‍പ്പിച്ച ശേഷം ടോള്‍ പിരിവില്‍ ഉത്തരവ് പറയാമെന്ന് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.
ഏതെങ്കിലും ചെറിയ ചെറിയ പ്രശ്‌നങ്ങളുടെ പേരില്‍ ടോള്‍ പിരിവ് തടയുന്നത് ശരിയല്ലെന്ന് ദേശീയ പാത അതോറിറ്റിയും കേന്ദ്രസര്‍ക്കാരും കോടതിയില്‍ വാദിച്ചു.
റോഡിന്റെ പാര്‍ശ്വ ഭിത്തി കെട്ടാന്‍ കരാര്‍ ഏറ്റെടുത്ത കമ്പനി കുഴിച്ചതുകൊണ്ടാണ് റോഡ് തകരാന്‍ ഇടയാക്കിയതെന്നും എന്‍എച്ച്എഐ വ്യക്തമാക്കി.
എന്നാല്‍ ഈ വാദം ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കര്‍ വി മേനോന്‍ എന്നിവരടങ്ങിയ ബെഞ്ച് തള്ളി. ആദ്യം റോഡ് നന്നാക്കട്ടെ, എന്നിട്ടാകാം ടോള്‍ എന്ന് കോടതി നിരീക്ഷിച്ചു.