/sathyam/media/media_files/fUOaCaoVPV8UnBdGRxwO.jpg)
കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കൂടുതൽ പേരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിൽ കോടതി പൊലീസിനോട് റിപ്പോർട്ട് തേടി.
ലിസ്റ്റിൻ സ്റ്റീഫൻ, സുജിത് നായർ എന്നിവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരൻ നൽകിയ ഹരജിയിൽ എറണാകുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് റിപ്പോർട്ട് തേടിയത്.
സിറാജ് വലിയതറ ആണ് പരാതിക്കാരൻ. സിനിമക്കായി മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന പരാതിയിൽ നിർമാതാക്കൾക്കെതിരെ കേസെടുത്തിരുന്നു.
സൗബിൻ ഷാഹിറടക്കമുള്ളവരെ ചോദ്യം ചെയ്യുകയും പിന്നീട് ഇവർക്ക് ഉപാധികളോടെ മുൻകൂർ ജാമ്യം നൽകുകയും ചെയ്തിരുന്നു.
അരൂർ സ്വദേശിയായ സിറാജ് വലിയത്തറ നൽകിയ പരാതിയിലാണ് കേസിന്റെ തുടക്കം. 2022ൽ ചിത്രം തുടങ്ങുന്നതിന് മുൻപ് സിറാജ് ഏഴ് കോടി രൂപ നിക്ഷേപമായി നൽകി. ചിത്രത്തിന്റെ ലാഭത്തിന്റെ 40 ശതമാനം നൽകാമെന്ന് നിർമാതാക്കൾ വാഗ്ദാനം ചെയ്തു.
എന്നാൽ, 2024ൽ ചിത്രം ലോകമെമ്പാടും 250 കോടിയിലധികം രൂപ നേടി ചരിത്രവിജയം നേടിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്.
വലിയ ലാഭമുണ്ടായിട്ടും തനിക്ക് വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകാതെ നിർമാതാക്കൾ വഞ്ചിച്ചുവെന്നാണ് സിറാജിന്റെ ആരോപണം. ഈ വിഷയത്തിൽ പലതവണ നിർമാതാക്കളെ സമീപിച്ചിട്ടും ഫലമുണ്ടായില്ല. ഇതോടെയാണ് കൊച്ചി മരട് പൊലീസിൽ പരാതി നൽകിയത്.