/sathyam/media/media_files/2025/09/24/photos376-2025-09-24-06-37-16.jpg)
കൊച്ചി:'ഓപ്പറേഷൻ നുംഖൂർ' എന്ന പേരിൽ നടത്തുന്ന പരിശോധന തുടരാൻ കസ്റ്റംസ്. രാജ്യ സുരക്ഷയെ തന്നെ ബാധിക്കുന്ന പ്രശ്നങ്ങളുണ്ടെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിൽ വിവരങ്ങൾ മറ്റ് കേന്ദ്ര ഏജൻസികൾക്ക് കൈമാറാനാണ് നീക്കം.
ഭൂട്ടാനിൽ നിന്നടക്കം അനധികൃതമായി വാഹനങ്ങൾ കടത്തുന്നതിന് പിന്നിൽ കോയമ്പത്തൂർ കേന്ദ്രീകരിച്ചുള്ള തട്ടിപ്പ് സംഘമെന്നാണ് കസ്റ്റംസിൻ്റെ കണ്ടെത്തൽ. രണ്ട് വർഷത്തിനിടെ കേരളത്തിലെത്തിച്ചത് 200 ഓളം വാഹനങ്ങൾ.
ഇന്ത്യൻ ആർമിയുടെയും, ഇന്ത്യൻ എംബസിയുടെയും പേരിൽ വ്യാജരേഖ ചമച്ച് പരിവാഹൻ സൈറ്റിലും കൃത്രിമം കാട്ടിയായിരുന്നു വാഹനക്കടത്ത്. ജി.എസ്.ടി തട്ടിപ്പും നടത്തി.
കണ്ടെയ്നറുകളിൽ കാറുകൾ കടത്തുന്നതിനൊപ്പം കള്ളപ്പണവും സ്വർണ്ണവും മയക്കുമരുന്നും എത്തിക്കുന്നുണ്ടോയെന്ന സംശയവും കസ്റ്റംസിനുണ്ട്. തീവ്രവാദ ബന്ധവും നിഴലിക്കുന്ന പശ്ചാത്തലത്തിൽ കേന്ദ്ര ഏജൻസികളുടെ സഹായം തേടിയേക്കും.
കടത്തിയത് ഭൂട്ടാൻ ആർമിയുടെ വാഹനങ്ങളാണോയെന്ന് സ്ഥിരീകരിക്കാൻ കസ്റ്റംസിനായിട്ടില്ല. തുടർ നടപടികളുടെ ഭാഗമായി സിനിമാതാരങ്ങൾ ഉൾപ്പെടെയുളള വാഹന ഉടമകളെ വിളിച്ച് വരുത്തി ചോദ്യം ചെയ്യും. കസ്റ്റംസ് നിയമപ്രകാരം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം അവശ്യമെങ്കിൽ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്കും കസ്റ്റംസ് കടന്നേക്കും.