/sathyam/media/media_files/2025/08/06/paliyekkara-toll-2025-08-06-20-20-28.jpg)
കൊച്ചി: ദേശീയപാതയിലെ പാലിയേക്കര ടോള്‍ പിരിവ് വിലക്ക് തുടരും.
മുരിങ്ങൂരില്‍ സര്‍വീസ് റോഡ് ഇടിഞ്ഞ പ്രശ്‌നം പൂര്‍ണമായി പരിഹരിക്കപ്പെട്ടിട്ടില്ലെന്നും മുരിങ്ങൂരില്‍ സംഭവിച്ചത് ഏത് ഭാഗത്ത് വേണമെങ്കിലും സംഭവിക്കാമെന്നുമുള്ള ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ടോള്‍ പിരിവ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് ഹൈക്കോടതി നീട്ടിയത്.
വിഷയം ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. അതുവരെ ടോള്‍ പിരിവ് വിലക്ക് തുടരുമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
ദേശീയ പാതയിലെ ഗതാഗതക്കുരുക്കിനെത്തുടര്‍ന്ന് ടോള്‍ പിരിവ് ഹൈക്കോടതി തടഞ്ഞത് ഒരു മാസം മുമ്പാണ്.
ടോള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇടക്കാല ഉത്തരവ് സെപ്റ്റംബര്‍ 22 ന് ഉണ്ടാകും എന്നാണ് കരുതിയിരുന്നത്.
വാദത്തിനിടെ ചില വ്യവസ്ഥകളോടെ ടോള്‍ പുനരാരംഭിക്കുന്നത് അനുവദിക്കാമെന്ന് കോടതി കഴിഞ്ഞ ദിവസം പരാമര്‍ശിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം മുരിങ്ങൂരില്‍ സര്‍വീസ് റോഡ് ഇടിഞ്ഞ് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ടോള്‍ പിരിവ് പുനരാരംഭിക്കുന്നതില്‍ തീരുമാനം ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു.
മുരിങ്ങൂരില്‍ സര്‍വീസ് റോഡ് ഇടിഞ്ഞതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനം അറിയിക്കാം എന്നാണ് കോടതി വ്യക്തമാക്കിയത്.