/sathyam/media/media_files/2025/01/30/Ct5DOxNXzxCQXGhT7Kac.jpg)
കൊച്ചി:ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. ദ്വാരപാലക ശില്‍പത്തില്‍ സ്വര്‍ണം പൂശുന്നതുമായി ബന്ധപ്പെട്ട ക്രമക്കേട് സിബിഐ അന്വേഷിക്കണം എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു.
1998ല്‍ വിജയ് മല്യ നല്‍കിയ സ്വര്‍ണത്തില്‍ എത്ര ബാക്കിയുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. 2019 ല്‍ അറ്റകുറ്റകുറ്റപ്പണിക്കായി സ്വര്‍ണപ്പാളികള്‍ കൊണ്ടുപോയപ്പോള്‍ നാല്‍പതോളം ദിവസമാണ് ഇത് ചെന്നൈയില്‍ എത്താന്‍ എടുത്തത്.
ഇക്കാലയളവില്‍ എന്താണ് നടന്നത് എന്ന് പുറത്ത് വരണം. സ്വര്‍ണം അടിച്ചുമാറ്റാനുള്ള നടപടികള്‍ ആയിരുന്നോ നടന്നത് അതോ പൂജ നടത്തി പണമുണ്ടാക്കുകയായിരുന്നോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ആലുവയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
തട്ടിപ്പ് പുറത്തുവന്ന പശ്ചാത്തലത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, ദേവസ്വം മന്ത്രി എന്നിവര്‍ രാജിവയ്ക്കണം.
2019 ല്‍ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്‍, അന്നത്തെ ബോര്‍ഡ് പ്രസിഡന്റ് എന്നിവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണം. സ്വര്‍ണപ്പാളി ക്രമക്കേടില്‍ സിബിഐ അന്വേഷണം വേണം. നടപടികള്‍ ഉണ്ടായില്ലെങ്കില്‍ യുഡിഎഫ് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.