/sathyam/media/media_files/2025/01/13/NAM1QCrnG7nNqbZuxPzW.jpg)
കൊച്ചി:ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്‍പങ്ങളില്‍ സ്വര്‍ണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട സംഭവത്തില്‍ വിവാദങ്ങള്‍ പുരോഗമിക്കെ മോഷണ പരാതിയുമായി ശബരിമല കര്‍മ്മസമിതി.
ദ്വാരപാലക ശില്‍പങ്ങളില്‍ പൊതിഞ്ഞ സ്വര്‍ണം നഷ്ടപ്പെട്ട സംഭവത്തില്‍ മോഷണം, വിശ്വാസ വഞ്ചന, സംഘടിത കൊള്ള എന്നിവ സംശയിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ശബരിമല കര്‍മ്മസമിതി ജനറല്‍ കണ്‍വീനര്‍ എസ് ജെ ആര്‍. കുമാര്‍ പൊലീസില്‍ പരാതി നല്‍കിയത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, ബോര്‍ഡിന്റെ ഉദ്യോഗസ്ഥര്‍, ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് എന്നിവരെ പ്രതിചേര്‍ത്ത് അന്വേഷണം നടത്തണം എന്നും മോഷ്ടിക്കപ്പെട്ട വസ്തുക്കള്‍ ലഭിച്ച ആളുകളെയും പിന്നില്‍ പ്രവര്‍ത്തിച്ചവരെയും കണ്ടെത്തണം എന്നാണ് സന്നിധാനം പോലീസില്‍ പരാതിയിലെ ആവശ്യം.
നേരത്തെ വിശ്വഹിന്ദു പരിഷത്തും സമാനമായ ആവശ്യം ഉന്നയിച്ച് പൊലീസിനെ സമീപിച്ചിരുന്നു. സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍ വിളയലാണ് സന്നിധാനം പൊലീസില്‍ സമാനമായ പരാതി നല്‍കിയത്.
1999-ല്‍ വിജയ് മല്യയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ ശബരിമലയില്‍ സ്വര്‍ണം പൂശിയിരുന്നു. 2019-20 ല്‍ സ്വര്‍ണ്ണ ആവരണങ്ങള്‍ അപ്രത്യക്ഷമായതായും അവയ്ക്ക് പകരം സ്വര്‍ണ്ണം പൂശിയ ചെമ്പാണ് ഉപയോഗിച്ചിരിക്കുന്നത് എന്നും പരാതി ആരോപിക്കുന്നു.
സ്വര്‍ണ്ണാവരണം ചെയ്ത ചെമ്പ് തകിടുകള്‍ അറ്റകുറ്റപ്പണിയ്ക്കായി ദേവസ്വം ബോര്‍ഡ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയതില്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ല.
അറ്റകുറ്റപ്പണിയ്ക്കായി നല്‍കിയ ക്ലാഡിംഗുകള്‍ തിരികെ എത്തിച്ചപ്പോള്‍ യഥാര്‍ത്ഥ ഭാരമായ 42.800 കിലോയില്‍ നിന്ന് 4.541 കിലോഗ്രാം കുറവുണ്ടായി എന്നും പരാതിയില്‍ പറയുന്നു.
'ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ സ്വര്‍ണ്ണാവരണം ചെയ്ത തകിടുകള്‍ അറ്റകുറ്റപ്പണികള്‍ നടത്താനുള്ള തീരുമാനം ടെന്‍ഡര്‍ ക്ഷണിക്കാതെയാണ് എടുത്തത്. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയതെന്നും പരാതി ആരോപിക്കുന്നു.