/sathyam/media/media_files/2025/10/15/abin-varkey-kc-venugopal-2025-10-15-16-20-09.jpg)
കൊച്ചി: യൂത്ത് കോൺഗ്രസ് പുന:സംഘടനയെ ചൊല്ലി ഐ ഗ്രൂപ്പിന് അമർഷം. അബിന് വേണ്ടി അരയും തലയും മുറുക്കി രംഗത്തിറങ്ങിയ ചെന്നിത്തലയെയും ഗ്രൂപ്പിൻ്റെ താൽപര്യത്തെയും കറിവേപ്പില പോലെ വലിച്ചെറിഞ്ഞ നേതൃത്വത്തിൻ്റെ നടപടിയിലാണ് പാർട്ടിയിൽ അമർഷം പുകയുന്നത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷനായ അബിനെ ദേശീയ സെക്രട്ടറിയാക്കിയത് സംസ്ഥാന രാഷ്ട്രീയത്തിൽ നിന്നും മാറ്റി നിർത്താനാണെന്നാണ് ഗ്രൂപ്പിൻ്റെ വിലയിരുത്തൽ. ഇതിന് പിന്നിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലാണെന്നും ഗ്രൂപ്പ് സംശയിക്കുന്നു. അതുകൊണ്ട് തന്നെയാണ് വിഷയത്തിൽ ഗ്രൂപ്പ് നേതൃത്വം ഹൈക്കമാൻ്റിന് പരാതി നൽകിയിട്ടുള്ളത്.
ഇതിനിടെ മൂവാറ്റുപുഴയിൽ നിന്നും ആരംഭിക്കുന്ന കോൺഗ്രസിൻ്റെ വിശ്വാസ സംരക്ഷണ റാലിയിലേക്ക് മുമ്പ് ചെന്നിത്തലയുടെ പടയൊരുക്കം മോഡലിൽ അബിൻ എത്തിയതും പാർട്ടിക്കുള്ളിൽ ചർച്ചയായിട്ടുണ്ട്.
രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പകരക്കാരനാവാൻ അബിനും ഗ്രൂപ്പ് നേതൃത്വവും നടത്തിയ ശ്രമങ്ങൾ അതിരുകടന്നുവെന്നും ചില നേതാക്കൾ അഭിപ്രായപ്പെടുന്നു. രാഹുലിനെതിരായ വിഷയം ആളിക്കത്തിക്കാൻ എണ്ണ പകർന്നതിന് പിന്നിൽ ഐ ഗ്രൂപ്പും അബിനുമുണ്ടെന്നാണ് രാഹുൽ - ഷാഫി പക്ഷങ്ങളുടെ ആരോപണം.
ഇതിന് പുറമേ നിലവിൽ അദ്ധ്യക്ഷനായി തിരഞ്ഞെടുത്ത ഒ.ജെ ജനീഷിനെ താറടിക്കുന്ന തരത്തിൽ തൃശ്ശൂരിലെ ഒരു ഡി.സി.സി അംഗം നൽകിയ പരാതി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിന് പിന്നിലും ഐ ഗ്രൂപ്പിലെ ചിലരെ നേതൃത്വത്തിന് സംശയമുണ്ട്. അബിൻ ഇത്തവണയും അദ്ധ്യക്ഷ സ്ഥാനത്ത് എത്താഞ്ഞതിന് പിന്നിലെ പല കാരണങ്ങളിൽ ഒന്ന് ഇതാണെന്നും പറയപ്പെടുന്നു.
കഴിഞ്ഞ ദിവസം തൻ്റെ അതൃപ്തി മാധ്യമങ്ങൾക്ക് മുമ്പിൽ പൊതിഞ്ഞ് പ്രകടിപ്പിച്ചെങ്കിലും കെ.പി.സി സി അദ്ധ്യക്ഷൻ സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഇത് മുഖവിലയ്ക്കെടുക്കാൻ തയ്യാറായില്ല.
അബിൻ്റെ പരസ്യ പ്രതിഷേധത്തിൽ കേന്ദ്ര നേതൃത്വത്തിനും അതൃപ്തിയുണ്ട്. മൂക്കാതെ പഴുത്ത ചിലർ ചില സ്ഥാനങ്ങളിൽ എത്തിയതാണ് നിലവിലെ പ്രശ്നങ്ങളുടെ മൂല കാരണമെന്നാണ് യൂത്ത് കോൺഗ്രസിലെ വിഷയങ്ങളെപ്പറ്റി ഒരു മുതിർന്ന നേതാവ് വ്യക്തമാക്കിയത്.
അവരവർ അർഹിക്കാത്ത സ്ഥാനം പാർട്ടി ചിലർക്ക് നൽകുന്നതാണ് കാലാകാലങ്ങളിൽ ഇത്തരം പ്രശ്നങ്ങൾ ഉടലെടുക്കാൻ കാരണമെന്നും രാഷ്ട്രീയ കാര്യസമിതി അംഗം കൂടിയായ അദ്ദേഹം വ്യക്തമാക്കുന്നു.
അബിനെ അനുകൂലിച്ചും പ്രതികൂലിച്ചും നേതാക്കൾ രംഗത്ത് വന്നെങ്കിലും മാധ്യമങ്ങൾക്ക് മുമ്പിലുള്ള അബിൻ്റെ പ്രതികരണം അപക്വമായെന്ന വിലയിരുത്തലാണ് ഭൂരിഭാഗം നേതാക്കൾക്കുമുള്ളത്.
എന്നാൽ കെ.സി വേണുഗോപാലും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുമാണ് ഇതിൻ്റെ പിന്നിലെ സൂത്രധാരർ എന്നും ഇത്തരം പ്രവണതകൾ അനുവദിക്കാനാവില്ലെന്നുമാണ് ഐ ഗ്രൂപ്പിൻ്റെ തീരുമാനം.
സംഘടനാ തിരഞ്ഞെടുപ്പിൽ മത്സരിക്കാത്ത ബിനു ചുള്ളിയിലിനെ വർക്കിംഗ് പ്രസിഡൻ്റാക്കിയത് അബിന് ലഭിക്കേണ്ടിയിരുന്ന നിയമസഭാ സീറ്റ് വെട്ടാനാണെന്നും ഐ ഗ്രൂപ്പ് വിലയിരുത്തുന്നു. അതുകൊണ്ട് തന്നെ നടക്കാനിരിക്കുന്ന പാർട്ടി പുന:സംഘടനയിൽ നിലപാട് കടുപ്പിക്കാനുമാണ് ഗ്രൂപ്പ് തീരുമാനം.