സപ്ലൈകോ ഗോൾഡൻ ജൂബിലി: സമാപന സമ്മേളനം ഒക്ടോബർ 18ന്

New Update
supplyco 50

കൊച്ചി: സപ്ലൈകോയുടെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഒക്ടോബർ 18 എറണാകുളം ബോൾഗാട്ടി പാലസിൽ നടക്കും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പരിപാടി ഉദ്ഘാടനം ചെയ്യും. 

Advertisment

രണ്ട് സെഷനുകളിലായിട്ടാണ് സമാപന സമ്മേളനം നടത്തുന്നത്. 1974 ൽ സ്ഥാപിതമായ സപ്ലൈകോയിൽ പ്രഗൽഭരും ദീർഘദർശികളുമായ അനവധി മാനേജിംഗ് ഡയറക്ടർമാർ ചുമതല വഹിച്ചിട്ടുണ്ട്. മാനേജിംഗ് ഡയറക്ടർമാരെ ആദരിക്കുന്ന ചടങ്ങാണ് രാവിലെ പത്തിന് ആരംഭിക്കുക. 

സപ്ലൈകോയുട ചരിത്രവും നാഴികക്കല്ലുകളും വിവരിക്കുന്ന ഒരു കോഫി ടേബിൾ ബുക്കും പഴയ മാനേജിംഗ് ഡയറക്ടർമാരുടെ അനുഭവക്കുറിപ്പുകൾ അടങ്ങിയ സുവനീറും അന്നേദിവസം മന്ത്രി ജി ആർ അനിൽ പുറത്തിറക്കും. 

കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ അധ്യക്ഷൻ ആകുന്ന ചടങ്ങിൽ ഹൈബി ഈഡൻ എംപി, അനൂപ് ജേക്കബ് എംഎൽഎ തുടങ്ങിയവർ മുഖ്യാതിഥികൾ ആയിരിക്കും. 

സപ്ലൈകോ ചെയർമാൻ എം ജി രാജമാണിക്യം സപ്ലൈകോയുടെ ഭാവി പരിപാടികൾ വിശദീകരിക്കുന്ന വിഷൻ ഡോക്യുമെന്റ് അവതരിപ്പിക്കും. പഴയ മാനേജിംഗ് ഡയറക്ടർമാർ അവരുടെ സപ്ലൈകോയിലെ അനുഭവങ്ങൾ പങ്കുവെയ്ക്കും. 

സപ്ലൈകോ ഓണത്തോടനുബന്ധിച്ച് നടത്തിയ ലക്കി ഡ്രോ വിജയികളുടെ സമ്മാനവിതരണവും, 2025 ഓണത്തിന് കൂടുതൽ വില്പന നിർവഹിച്ച സപ്ലൈകോ ജീവനക്കാർക്കുള്ള സമ്മാനവിതരണവും ബോൾഗാട്ടി പാലസിൽ നടക്കും. 

സപ്ലൈകോ മാനേജിംഗ് ഡയറക്ടർ വി എം ജയകൃഷ്ണൻ, ജനറൽ മാനേജർ വി കെ അബ്ദുൽ ഖാദർ തുടങ്ങിയവർ സംസാരിക്കും. 

ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കുന്ന രണ്ടാമത്തെ സെഷനിൽ സപ്ലൈകോയുടെ വളർച്ചയ്ക്ക് ഒപ്പം നിന്ന വിതരണക്കാർ, ബാങ്കുകൾ, സപ്ലൈകോയുമായി ചേർന്ന് പ്രവർത്തിക്കുന്ന മറ്റു സ്ഥാപനങ്ങൾ തുടങ്ങിയവരെ ആദരിക്കും. 

മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യുന്ന ഈ ചടങ്ങിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അധ്യക്ഷൻ ആയിരിക്കും. കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ, ഹൈബി ഈഡൻ എംപി എന്നിവർ പങ്കെടുക്കും.

Advertisment