ന്യൂനപക്ഷ വിഭാഗ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഒന്നിച്ചുള്ള മുന്നേറ്റം അനിവാര്യം : മന്ത്രി വി അബ്ദുറഹിമാന്‍

വികസന പ്രവര്‍ത്തനങ്ങളില്‍ നിന്ന് ആരും ഒറ്റപ്പെടാനോ പിന്നോട്ടു പോകാനോ പാടില്ല.പരസ്പര സ്‌നേഹത്തിലും സൗഹാര്‍ദ്ദത്തിലും ജീവിച്ചുകൊണ്ട്, പൊതുവികസനത്തോടൊപ്പം ചേര്‍ന്നു യാത്ര ചെയ്യുമ്പോഴാണു ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സുരക്ഷിതമാകുന്നത്. 

New Update
V Abdurahiman11

കൊച്ചി: സംസ്ഥാനത്തിന്റെ വികസന പാതയില്‍ കൈകോര്‍ത്ത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഒന്നിച്ചു മുന്നേറണമെന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. 

Advertisment

വിഷന്‍ 2031 ന്യൂനപക്ഷ ക്ഷേമ വകുപ്പ് സംസ്ഥാനതല സെമിനാര്‍ ഉദ്ഘാടനം, മാര്‍ഗ്ഗദീപം സ്‌കോളര്‍ഷിപ്പ് വിതരണം, ചീഫ് മിനിസ്റ്റേഴ്‌സ് റിസര്‍ച്ച് ഫെലോഷിപ്പ് പദ്ധതി പ്രഖ്യാപനവും ഫോര്‍ട്ട് കൊച്ചി വെളി ഗ്രൗണ്ടില്‍ ചേര്‍ന്ന യോഗത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 

വികസന പ്രവര്‍ത്തനങ്ങളില്‍ നിന്ന് ആരും ഒറ്റപ്പെടാനോ പിന്നോട്ടു പോകാനോ പാടില്ല. 

പരസ്പര സ്‌നേഹത്തിലും സൗഹാര്‍ദ്ദത്തിലും ജീവിച്ചുകൊണ്ട്, പൊതുവികസനത്തോടൊപ്പം ചേര്‍ന്നു യാത്ര ചെയ്യുമ്പോഴാണു ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സുരക്ഷിതമാകുന്നത്. 

ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമായി കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയ സ്‌കോളര്‍ഷിപ്പുകള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുകയാണ്. 

ഇതില്‍ ഏറ്റവും പ്രധാനം, 2024-25 മുതല്‍ ആരംഭിച്ച 'മാര്‍ഗദീപം' സ്‌കോളര്‍ഷിപ്പാണ്. 

ഈ സാമ്പത്തിക വര്‍ഷം ഏകദേശം 20 കോടി രൂപ വകയിരുത്തി. ആദ്യ ഘട്ടത്തില്‍ 1,21,667 വിദ്യാര്‍ത്ഥികള്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടിയിട്ടുണ്ട്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ 2,58,321 അപേക്ഷകള്‍ ലഭ്യമായിട്ടുണ്ട്. 

അതില്‍ 2,54,942 വിദ്യാര്‍ത്ഥികളുടെ അപേക്ഷകള്‍, സ്ഥാപനമേധാവികള്‍ പരിശോധന നടത്തിയാണ് അര്‍ഹരായവരെ തിരഞ്ഞെടുത്തത്. 

ആദ്യ അപേക്ഷകളില്‍ തിരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു വരും ദിവസങ്ങളില്‍ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യും. 

ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കായി കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 'മാര്‍ഗ്ഗദീപം' സ്‌കോളര്‍ഷിപ്പ്, ഇന്ത്യയില്‍ തന്നെ ഒരു സംസ്ഥാനം ഈ വിഭാഗത്തിന് നല്‍കുന്ന ഏറ്റവും വലിയ പദ്ധതികളിലൊന്നാണ്. ഏകദേശം 1.21 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതു പ്രയോജനപ്പെടുകയെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയ മൗലാനാ ആസാദ് നാഷണല്‍ ഫെല്ലോഷിപ്പിന് പകരമായിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ 'സി എം റിസര്‍ച്ച് സ്‌കോളര്‍ഷിപ്പ് ഫോര്‍ മൈനോറിറ്റീസ്'എന്ന പേരില്‍ പുതിയ സ്‌കോളര്‍ഷിപ്പ് നടപ്പിലാക്കാന്‍ പോകുന്നത്. 

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ ഗവേഷണ പഠനം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ ഈ പദ്ധതി സഹായിക്കും. 

ഇതിന്റെ ഭാഗമായി, യുജിസി അംഗീകാരമുള്ള സര്‍വ്വകലാശാലകളില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 7,20,000/ (ഏഴു ലക്ഷത്തി ഇരുപതിനായിരം രൂപ) ഓരോ വര്‍ഷവും സ്‌കോളര്‍ഷിപ്പായി നല്‍കും. 

ഹോസ്റ്റല്‍ ഫീസ്, ഭക്ഷണം, മറ്റ് ഗവേഷണ ചെലവുകള്‍ എന്നിവ ഉള്‍പ്പെടെ ഗവേഷണത്തിനായി ഒരു വിദ്യാര്‍ത്ഥിക്കു വരുന്ന മുഴുവന്‍ തുകയും ഈ സ്‌കോളര്‍ഷിപ്പിലൂടെ നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

കേന്ദ്രം നിര്‍ത്തലാക്കിയ സുപ്രധാനമായ ഒരു സ്‌കോളര്‍ഷിപ്പ് പദ്ധതി സംസ്ഥാനം ഏറ്റെടുത്തു പുനരാരംഭിക്കുകയാണ്.

ഇത്തരത്തില്‍ ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനായി ധാരാളം പുതിയ പദ്ധതികള്‍ നടപ്പിലാക്കുകയാണ്. സര്‍ക്കാര്‍ സര്‍വീസുകളിലെയും കേന്ദ്ര സര്‍വീസുകളിലെയും ന്യൂനപക്ഷ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുന്നതിനായി നിരവധി പരിശീലന കേന്ദ്രങ്ങള്‍ നിലവില്‍ ആരംഭിച്ചിട്ടുണ്ട്.

ഇതിലൂടെ പിഎസ്‌സി മുഖാന്തരം 180-ല്‍ അധികം വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ലഭിച്ചു. ഐഎഎസ്, ഐപിഎസ് പോലുള്ള സിവില്‍ സര്‍വീസ് പരീക്ഷകള്‍ക്കായുള്ള പരിശീലന കോഴ്‌സുകളും നിലവിലുണ്ട്.

വിദേശ രാജ്യങ്ങളില്‍ പോകാന്‍ ആഗ്രഹിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ രാജ്യങ്ങളിലെ ഭാഷകള്‍ പഠിപ്പിക്കുന്ന ഭാഷാപഠന കേന്ദ്രങ്ങള്‍ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. 

കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ക്ക് മറ്റു വിഭാഗങ്ങളോടൊപ്പം ചേര്‍ന്ന് പൊതു വികസനത്തില്‍ പങ്കാളികളാകാന്‍ കഴിയുന്ന രീതിയിലുള്ള പദ്ധതികളാണ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്.‌

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് തലയുയര്‍ത്തി നില്‍ക്കാനും, അവരുടെ വിശ്വാസങ്ങള്‍, ആചാരങ്ങള്‍ എന്നിവ അനുഷ്ഠിക്കാനും അറിവുനേടുന്നതിനും പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. 

ഈ സ്വാതന്ത്ര്യത്തിന് ഒരു കോട്ടവും വരാതിരിക്കാന്‍ സംസ്ഥാനം പ്രതിജ്ഞാബദ്ധമാണ്. കേരളത്തിലെ ജനങ്ങള്‍ പരസ്പരം സ്‌നേഹിച്ചും ബഹുമാനിച്ചും സഹോദരങ്ങളെപ്പോലെ ജീവിക്കണം. 

അഭിപ്രായവ്യത്യാസങ്ങള്‍ ഇല്ലാതായാല്‍ മാത്രമേ സ്ഥിരമായിട്ടുള്ള അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കഴിയുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. 

സംസ്ഥാനത്തിന്റെ അടുത്ത അഞ്ചുവര്‍ഷത്തേക്കുള്ള കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായി ന്യൂനപക്ഷ വിഭാഗങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണു നവകേരള സൃഷ്ടിയും ന്യൂനപക്ഷവും എന്ന സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്. 

ന്യൂനപക്ഷ വിഭാഗം നേരിടുന്നതും പരിഹരിക്കപ്പെടേണ്ടതുമായ കാര്യങ്ങള്‍ സെമിനാറില്‍ ചര്‍ച്ച ചെയ്യണം- മന്ത്രി പറഞ്ഞു. 

Advertisment