/sathyam/media/media_files/2025/01/25/OLoblv6W7MSMkdUnmGcB.jpg)
കൊച്ചി: വിമാനത്തിൽ കയറിയ യാത്രക്കാരനെ ഇറക്കിവിട്ട സംഭവത്തിൽ, ഇൻഡിഗോ എയർലൈൻസ് 1.22 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി.
​ഐ.ആർ.എസ്. (IRS) ഉദ്യോഗസ്ഥനായ എറണാകുളം നെട്ടൂർ സ്വദേശി ടി.പി. സലിം കുമാർ, ഇൻഡിഗോ എയർലൈൻസിനെതിരെ നൽകിയ പരാതിയിലാണ് ഉത്തരവ്.
​2019 ഡിസംബർ 14-ന് മുംബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്ത പരാതിക്കാരനെ, വിമാനത്തിൽ കയറി സീറ്റിൽ ഇരുന്ന ശേഷം 'ഓപ്പറേഷണൽ/ടെക്നിക്കൽ ഇഷ്യു' എന്ന കാരണം പറഞ്ഞ് യാത്ര വിലക്കുകയായിരുന്നു.
​അന്നേ ദിവസം തന്നെയുള്ള മറ്റൊരു വിമാനത്തിൽ യാത്ര അനുവദിക്കാമെന്നുംടിക്കറ്റ് തുക പൂർണ്ണമായി തിരികെ നൽകുമെന്നും, വിശ്രമത്തിനും ഭക്ഷണത്തിനുമുള്ള സൗകര്യങ്ങൾ ഒരുക്കുമെന്നും എയർലൈൻസ് ഉറപ്പുനൽകിയിരുന്നു. എന്നാൽ അന്നത്തെ വിമാനത്തിൽ സ്ഥലം നൽകാതെ അടുത്ത ദിവസം പുറപ്പെട്ട വിമാനത്തിലാണ് തുടർ യാത്ര അനുവദിച്ചത്.
​
പരാതിക്കാരന് താമസ സൗകര്യം (Accommodation) നിഷേധിച്ച എയർലൈൻസ്, പകരം എയർപോർട്ട് ലോഞ്ചിലേക്ക് സൗജന്യമായി പ്രവേശനം വാഗ്ദാനം ചെയ്തു.
എന്നാൽ, ബോർഡിംഗ് സമയത്ത് ലോഞ്ചിൽ കഴിച്ച ആഹാരത്തിനും മറ്റുമായി 2,150 /- രൂപ നൽകണമെന്ന് ആവശ്യപ്പെടുകയും, പണം നൽകുന്നത് വരെ വിമാനത്തിൽ പ്രവേശിക്കുന്നത് തടയുകയും, ഷട്ടിൽ ബസിൽ നിന്ന് തിരിച്ചിറക്കുകയും ചെയ്‌തതിലൂടെ പൊതുമധ്യത്തിൽ അപമാനിക്കപ്പെടുകയും ചെയ്തതായി പരാതിക്കാരൻ കോടതിയെ അറിയിച്ചു.
സാങ്കേതിക കാരണങ്ങളാലാണ് യാത്രക്കാരനെ തിരിച്ച് ഇറക്കേണ്ടി വന്നതാണെന്നും, വ്യോമയാന ചട്ടങ്ങൾ എല്ലാം പാലിച്ചു എന്നും കോടതിയെ അറിയിച്ചു. കൂടാതെ, 10,000 രൂപ യാത്രാ വൗച്ചറായും പിന്നീട് 10,000 രൂപ എക്സ് ഗ്രേഷ്യയായും നൽകിയെങ്കിലും പരാതിക്കാരൻ നിരസിച്ചു എന്നും ഇൻഡിഗോ ബോധിപ്പിച്ചു.
വിമാനത്തിൽ കയറിയ ശേഷം യാത്രക്കാരനെ ഇറക്കിവിടുന്നത് സേവനത്തിലെ ന്യൂനതയാണ്. കൂടാതെ യാത്ര നിരസിച്ചപ്പോൾ നൽകിയ ഉറപ്പുകൾ പാലിക്കാതെ വന്നത് എയർലൈൻസിന്റെ ഭാഗത്തുനിന്നുള്ള ഗുരുതരമായ വീഴ്ചയാണ്.
ലോഞ്ചിൽ ചെലവാകുന്ന പണം പൂർണ്ണമായും എയർലൈൻസ് വഹിക്കാമെന്ന് ഉറപ്പ് നൽകിയിട്ടും, പിന്നീട് ബോർഡിംഗ് സമയത്ത് പണം അടയ്ക്കാൻ നിർബന്ധിച്ച് പരസ്യമായി അപമാനിച്ച നടപടി വഞ്ചനയും അധാർമ്മികമായ വ്യാപാര രീതിയുമാണെന്ന് കോടതി വിലയിരുത്തി.
​വ്യാമയാന മന്ത്രാലയത്തിൻ്റെ ചട്ടങ്ങൾ, ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം നഷ്ടപരിഹാരം നേടുന്നതിന് തടസമാകില്ല എന്ന് ഇൻഡിഗോയുടെ നിലപാട് തള്ളികൊണ്ട് കോടതി കോടതി വ്യക്തമാക്കി.
ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം ലഭിക്കാവുന്ന നഷ്ടപരിഹാരത്തിനുള്ള അവകാശം ഈ ചട്ടങ്ങൾക്ക് ഇല്ലാതാക്കാൻ കഴിയില്ലെന്ന് ഡി.ബി ബിനു അധ്യക്ഷനും, വി.രാമചന്ദ്രൻ ടി.എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
​
ലോഞ്ച് ആക്സസ് ഇനത്തിൽ അധികമായി ഈടാക്കിയ 2,150/- രൂപയും,യാത്ര നിരസിച്ച തീയതിയിൽ ബുക്ക് ചെയ്ത സിനിമാ ടിക്കറ്റ് തുകയായ 626/- രൂപയും 9% പലിശയോടെ തിരികെ നൽകണം.
കൂടാതെ, മാനസിക പ്രയാസത്തിനും ധന നഷ്ടത്തിനും കോടതി ചെലവിനത്തിലും 1,20,000/- രൂപ നഷ്ടപരിഹാരവും 45 ദിവസത്തിനകം പരാതിക്കാരന് നൽകാൻ എതിർകക്ഷിക്ക് കോടതി ഉത്തരവ് നൽകി. പരാതിക്കാരന് വേണ്ടി അഡ്വ: ടി. സഞ്ജയ് കോടതിയിൽ ഹാജരായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us