കേരള വനിതാ കമ്മീഷന്‍ അധ്യക്ഷ പി.സതീദേവിയുടെ നേതൃത്വത്തില്‍ രണ്ട് ദിവസങ്ങളിലായി നടത്തിയ അദാലത്തില്‍ 57 പരാതികള്‍ തീര്‍പ്പാക്കി

New Update
vanitha commission sitting

കൊച്ചി: കേരള വനിതാ കമ്മീഷന്‍ അധ്യക്ഷ പി.സതീദേവിയുടെ നേതൃത്വത്തില്‍ വൈഎംസിഎ ഹാളില്‍ രണ്ട് ദിവസങ്ങളിലായി നടത്തിയ അദാലത്തില്‍ 57 പരാതികള്‍ തീര്‍പ്പാക്കി. 

Advertisment

ഒമ്പത് പരാതികളിൽ പോലീസില്‍ നിന്നും രണ്ട് പരാതികളിൽ ജാഗ്രത സമിതികളിൽ നിന്നും റിപ്പോർട്ട് തേടും. 180 പരാതികളാണ് കമ്മീഷന് മുമ്പാകെ എത്തിയത്. 112 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. പുതിയതായി 5 പരാതികൾ കൂടി ലഭിച്ചു.

വനിതാ കമ്മീഷന് മുമ്പാകെ എത്തുന്ന പരാതികളിൽ അധികവും വൈവാഹിക ജീവിതത്തിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് പി സതീദേവി പറഞ്ഞു. ഭാര്യ-ഭർത്താക്കന്മാർ തമ്മിൽ പരസ്പരം ധാരണയില്ലാത്തതിൻ്റെ  പ്രശ്നങ്ങളാണ് കൂടുതലായിട്ടും പരാതികളായി വരുന്നത്. 

ഇത്തരം പ്രശ്നങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ആരോഗ്യകരമായ ബന്ധങ്ങൾ (ഹെൽത്തി റിലേഷൻഷിപ്പ്) സംബന്ധിച്ച കൃത്യമായിട്ടുള്ള ധാരണ സമൂഹത്തിൽ ഉണ്ടാക്കിയെടുക്കുന്നതിനായി ഇടപെടൽ ശക്തിപ്പെടുത്തണമെന്ന് അധ്യക്ഷ പറഞ്ഞു.

ഭാര്യ-ഭർത്താക്കന്മാർ തമ്മിലുള്ള വഴക്കുകൾ ഏറ്റവും കൂടുതലായി ബാധിക്കുന്നത് കുട്ടികളെയാണ്. കുട്ടികളുടെ മുമ്പിൽ വെച്ച് ബന്ധങ്ങൾ വഷളാക്കുന്നത് യഥാർത്ഥത്തിൽ കുട്ടികൾക്ക് കുടുംബ - ദാമ്പത്യ ബന്ധത്തെക്കുറിച്ചും കൃത്യമായിട്ടുള്ള  ധാരണയില്ലാതെ വളരാൻ കാരണമാകുന്നു. 

വീടുകൾക്കകത്ത് ഉണ്ടാകുന്ന അകൽച്ച, കുട്ടികളിൽ വിവാഹ ജീവിതത്തെക്കുറിച്ച്  വികലമായിട്ടുള്ള കാഴ്ചപ്പാടുണ്ടാക്കാൻ ഇടവരുന്നുണ്ട്. വനിതാ കമ്മീഷൻ നടത്തുന്ന പരിപാടികളിൽ പ്രധാനപ്പെട്ട വിഷയമായി 'ഹെൽത്തി റിലേഷൻഷിപ്പ്' പ്രശ്നം ഏറ്റെടുത്തിട്ടുണ്ട്. 

പ്രണയ - ദാമ്പത്യബന്ധത്തിലായാലും അതുപോലെ വീടിനകത്ത് മറ്റു കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധങ്ങളായാലും ഒട്ടും ജനാധിപത്യപരമല്ലാത്ത ഒരു അന്തരീക്ഷം ഇപ്പോഴും വീടുകൾക്കകത്ത് നിലനിൽക്കുന്നുണ്ട്.

vanitha commission sitting-2

സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച പരാതികളും കമ്മീഷന് മുമ്പിൽ വരുന്നുണ്ട്. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ വായ്പകളിലൂടെ സാമ്പത്തിക നഷ്ടം ഉണ്ടായതായുള്ള നിരവധി പരാതികളുണ്ട്. ഇതിന് പരിഹാരമായി, കുടുംബശ്രീ സംവിധാനത്തിൻ്റെ ഭാഗമായി 4% പലിശ നിരക്കിൽ വായ്പ ലഭ്യമാക്കുന്നതിന് വേണ്ടിയിട്ടുള്ള സംവിധാനം ഉപയോഗപ്പെടുത്തണം. 

കുടുംബശ്രീ പോലുള്ള വായ്പാ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നത് ഉചിതവും ഉത്തരവാദിത്തമുള്ളതുമായിരിക്കും. കൂടാതെ ഓക്സിലറി ഗ്രൂപ്പുകളുടെ ഭാഗമായി നൈപുണ്യ പരിശീലനത്തിനും സ്വയം സംരംഭങ്ങൾ തുടങ്ങുന്നതിനും സർക്കാർ തന്നെ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇത് പരമാവധി പ്രയോജനപ്പെടുത്തണം. 

തൊഴിലിടങ്ങളിലെ പ്രശ്നങ്ങളും, ഫ്ലാറ്റുകളിൽ താമസിക്കുന്നവരുടെ മെയിന്റനൻസുമായി ബന്ധപ്പെട്ട പരാതികളും കമ്മീഷൻ്റെ മുമ്പാകെ വരുന്നുണ്ട്. തൊഴിൽ സ്ഥാപനങ്ങളിലെ പരാതികൾ തീർപ്പ് കൽപ്പിക്കാൻ ഇന്റേണൽ കമ്മിറ്റികളോട് തന്നെയാണ് കമ്മീഷൻ ആവശ്യപ്പെടാറുള്ളത്.

ഒറ്റപ്പെട്ട് താമസിക്കുന്ന സ്ത്രീകളുടെ (വിധവകൾ, അവിവാഹിതർ) അവസ്ഥ വളരെ ശോചനീയമാണ്. ഇവർക്ക് അയൽവാസികളിൽ നിന്ന് പോലും വളരെയധികം പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. അവർക്ക് പരിരക്ഷ നൽകാൻ വാർഡ് തലത്തിൽ ജാഗ്രതാ സമിതികൾ കൃത്യമായി ഇടപെടണമെന്നും സുരക്ഷിതത്വം ഉറപ്പാക്കണമെന്നും കമ്മീഷൻ അധ്യക്ഷ നിർദ്ദേശിച്ചു.

കമ്മീഷൻ മെമ്പർമാരായ അഡ്വ. ഇന്ദിര രവീന്ദ്രൻ, എലിസബത്ത് മാമൻ മത്തായി, വി ആർ മഹിളാമണി, കമ്മീഷൻ ഡയറക്ടർ ഷാജി സുഗുണൻ, പാനൽ അഭിഭാഷകരായ അഡ്വ. സ്മിത ഗോപി, അഡ്വ. കെ വി രാജേഷ്, അഡ്വ വി എ അമ്പിളി, കൗൺസിലർ ബി പ്രമോദ് എന്നിവർ പരാതികൾ കേട്ടു.

Advertisment