/sathyam/media/media_files/2025/11/01/1001373035-2025-11-01-13-06-37.jpg)
കൊച്ചി : സംസ്ഥാനത്തെ പാർട്ടിയുടെ പ്രവർത്തനങ്ങൾ വിലയിരുത്താനും തർക്കങ്ങൾ പരിഹരിക്കാനും ഇലക്ഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും കെപിസിസി രൂപീകരിച്ച കോർ കമ്മിറ്റിയും ജംബോയെന്ന് വിമർശനം.
സംസ്ഥാനത്തെ പ്രധാന നേതാക്കളെമാത്രം ഉൾപ്പെടുത്തേണ്ട കമ്മറ്റിയിൽ എഐസിസിയുടെ സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, പ്രവർത്തകസമിതി അംഗങ്ങൾ എന്നിവര്‍ക്കൊപ്പം വര്‍ക്കിങ് പ്രസിഡന്‍റുമാരും അല്ലാത്തവരുമായി 18 പേരാണ് ഉൾപ്പെട്ടിരിക്കുന്നത്.
കോർ കമ്മിറ്റിയിൽ അംഗങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്ന മാനദണ്ഡം കൃത്യമായുള്ളതല്ല എന്ന വിമർശനവും ഉയർന്നിട്ടുണ്ട്.
വളരെ വർഷങ്ങൾക്കു മുമ്പേ കേരള രാഷ്ട്രീയത്തിൽ നിന്നും വിരമിച്ച എ കെ ആൻറണി അടക്കമുള്ളവരും കോർ കമ്മിറ്റിയിൽ ഉൾപ്പെട്ടിട്ടുണ്ട്.
മുൻ കെപിസിസി പ്രസിഡൻ്റുമാർ, പാർട്ടി വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ, മുതിർന്ന നേതാക്കൾ, കെപിസിസി ഭാരവാഹികൾ, പ്രതിപക്ഷനേതാവ്, യു.ഡി.എഫ് കൺവീനർ എന്ന മാനദണ്ഡത്തിലാണ് നിലവിൽ കോർ കമ്മിറ്റി രൂപീകരിച്ചിട്ടുള്ളത്.
നിലവിലെ രാഷ്ട്രീയകാര്യ സമിതിയിലും ഈ നേതാക്കൾ എല്ലാം തന്നെ ഉൾപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്തു നിന്നുള്ള എം പി എന്ന നിലയിലും സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി എന്ന നിലയിലും കെസി വേണുഗോപാലിനെ കമ്മറ്റിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് അംഗീകരിക്കാം.
എന്നാല്‍ ഏത് കമ്മറ്റി സംസ്ഥാനത്ത് നിലവിൽ വന്നാലും പ്രവർത്തകസമിതി അംഗങ്ങളെ ഉൾപ്പെടുത്തുന്ന പ്രവണത ഇതിലും തുടർന്നിട്ടുണ്ട്.
സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിച്ച എ കെ ആൻറണിയെ പാർട്ടിയുടെ ദൈനംദിന കാര്യങ്ങൾ വിലയിരുത്തുന്ന കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത് എന്തിനെന്ന ചോദ്യത്തിനു ഉത്തരമില്ല.
പ്രവര്‍ത്തക സമിതിയിലെ കൊടിക്കുന്നില്‍ സുരേഷ്, ഒരു മാനദണ്ഡത്തിലും ഉള്‍പ്പെടാത്ത ഷാനിമോള്‍ ഉസ്മാന്‍ എന്നിവരൊക്കെ കോര്‍ കമ്മറ്റിയിലും വന്നു ചേര്‍ന്നു.
മുൻ കെപിസിസി അധ്യക്ഷന്മാരെ കമ്മിറ്റിയിൽ ഉൾപ്പെടുത്തുമ്പോൾ നിലവിൽ സജീവമായി രാഷ്ട്രീയത്തിൽ ഇടപെടാത്ത മുല്ലപ്പള്ളി രാമചന്ദ്രന്‍, വി എം സുധീരന്‍ പോലുള്ളവരും എം എം ഹസനുമൊക്കെ കയറിക്കൂടി. കോര്‍ കമ്മിറ്റിയിലും എന്തിനും ഏതിനും 'കോര്‍ക്കാന്‍' ചിലരുണ്ട് എന്നതില്‍ ആശ്വസിക്കാം.
ഉമ്മൻചാണ്ടി സർക്കാരിൻ്റെ തുടർഭരണ സാധ്യതകളെ തുരങ്കം വെച്ചവരെ ഒഴിവാക്കേണ്ടതായിരുന്നു എന്ന വാദവും ഉയർന്നു കഴിഞ്ഞിട്ടുണ്ട്.
കെപിസിസി അധ്യക്ഷന് പുറമേ മൂന്ന് വർക്കിംഗ് പ്രസിഡണ്ട് മാരെ കൂടി ഉൾപ്പെടുത്തിയതിന്റെ സാംഗത്യവും ഇതുവരെ ആർക്കും പിടികിട്ടിയിട്ടില്ല. കമ്മിറ്റിയുടെ ആകെ ഗൌരവം നഷ്ടമാക്കിയതാണ് ഈ തീരുമാനം.
പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ വീടുകളില്‍നിന്നും ഉള്‍പ്പെടെ പരാതി ഉയര്‍ന്നവിധം സ്ത്രീ വിഷയത്തില്‍ ആരോപണ വിധേയനായ നേതാവിനെ സംരക്ഷിക്കാന്‍ വേണ്ടി കോടികളുടെ പി ആര്‍ ചെയ്ത് പാര്‍ട്ടിയുടെ നിലവിലെ അനുകൂല സാഹചര്യം ഇല്ലാതാക്കിയ ഷാഫി പറമ്പില്‍വരെ പാര്‍ട്ടിയെ നന്നാക്കാനുള്ള കമ്മിറ്റിയില്‍ എത്തിയിരിക്കുന്നു.
അതേസമയം, സംസ്ഥാനത്തെ വിഷയങ്ങൾ കൃത്യമായി മനസ്സിലാക്കുന്നവരും തീരുമാനങ്ങള്‍ എടുക്കാന്‍ കെല്‍പ്പുള്ളവരുമായ നേതാക്കളെ വെളിയിൽ നിർത്തുകയും ചെയ്തിരിക്കുന്നു.
രാഷ്ട്രീയകാര്യ സമിതിക്ക് പിന്നാലെ മറ്റൊരു കമ്മിറ്റി കൂടി സൃഷ്ടിച്ച് എല്ലാം ജംബോ ആക്കിയിരിക്കുകയാണ് ഫലത്തില്‍ ചെയ്തിരിക്കുന്നതെന്നും വിമർശനമുണ്ട്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us