പ്രതികൂല കാലാവസ്ഥയിൽ നെല്ലുണക്കാൻ കഴിയാത്ത ചെറുകിട നെൽ കർഷകർക്ക് ആശ്വാസമായി അമൃത സർവകലാശാലയുടെ കണ്ടുപിടുത്തം. മഴക്കാലത്തും വിളവ് ഉണക്കാൻ പറ്റുന്ന നൂതന സാങ്കേതിക സംവിധാനമാണ് അമൃത സർവ്വകലാശാലയ്ക്ക് കീഴിലുള്ള അമൃത ടെക്നോളജി എനേബിളിംഗ് സെന്‍റര്‍ വികസിപ്പിച്ചത്

New Update
rice drayer

കൊച്ചി: ലോകത്തിലെ രണ്ടാമത്തെ വലിയ നെല്ലുത്പാദക രാജ്യമായ ഇന്ത്യയിൽ, വിളവെടുപ്പ് കാലത്തെ മഴ നെൽ കർഷകർക്ക് ഭീമമായ നഷ്ടമാണ് വരുത്തിവെക്കുന്നത്. 

Advertisment

കേരളത്തിൽ ആറുമാസത്തോളം നീളുന്ന മഴക്കാലം നെൽകൃഷിയെ സാരമായി ബാധിച്ചിരുന്നു. ഈ വെല്ലുവിളി മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് അമൃത സർവ്വകലാശാല പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചത്.  

സർവ്വകലാശാലയ്ക്ക് കീഴിലുള്ള അമൃത ടെക്നോളജി എനേബിളിംഗ് സെന്‍റര്‍ വികസിപ്പിച്ച നെല്ലുണക്ക് യന്ത്രം, മാസങ്ങൾ നീളുന്ന മഴക്കാലത്ത് സംസ്ഥാനത്തെ നെൽ കർഷകർ നേരിടുന്ന വലിയ പ്രതിസന്ധിക്ക് പരിഹാരമാകും. 

കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പിൻ്റെ പിന്തുണയോടെ വികസിപ്പിച്ച ഈ 'നിയന്ത്രിത അന്തരീക്ഷ വിളവെടുപ്പ് ഉണക്കൽ സംവിധാനം' (Controlled Environment Harvest Drying System) ഉപയോഗിച്ച് നെല്ലിൻ്റെ പോഷക-ഔഷധ ഗുണങ്ങളോ സുഗന്ധമോ നഷ്ടപ്പെടാതെ ഏകീകൃത താപനിലയിൽ ഉണക്കിയെടുക്കാൻ സാധിക്കും

മഴ കാരണം ഈർപ്പം തങ്ങി നെല്ലിൽ പൂപ്പൽ പിടിക്കുന്നത് മൂലമുള്ള നഷ്ടം ഇതോടെ പൂർണ്ണമായി ഒഴിവാക്കാം. നിലവിൽ രണ്ട് ടണ്ണിന് മുകളിലുള്ള നെല്ല് ഉണക്കാനുള്ള സംവിധാനമാണ് പലയിടത്തും പ്രവർത്തിക്കുന്നത്. 

ഇത് ചെറുകിട മില്ലുകൾക്കും കർഷകർക്കും പ്രയോജനം ചെയ്യുന്നില്ലെന്ന് കണ്ടത്തിയതോടെയാണ് പുതിയ സംവിധാനം വികസിപ്പിക്കാൻ നടപടി തുടങ്ങിയത്.

അമൃത വിശ്വവിദ്യാപീഠം ചാൻസലർ മാതാ അമൃതാനന്ദമയി ദേവിയുടെ നിർദേശപ്രകാരമാണ് ഈ വിഷയത്തിൽ ഗവേഷണം ആരംഭിച്ചത്. അമൃത സർവ്വകലാശാല ഡീൻ ഡോ. കൃഷ്ണശ്രീ അച്യുതൻ്റെ നേതൃത്വത്തിൽ വികസിപ്പിച്ച യന്ത്രത്തിന് ഒരേസമയം 400 കിലോഗ്രാം നെല്ല് ഉണക്കാനാകും. 

rice drayer-2

നവര, ജീരകശാല, ഗന്ധകശാല, രക്തശാലി തുടങ്ങിയ കേരളത്തിൻ്റെ പൈതൃക നെല്ലിനങ്ങളെ സംരക്ഷിക്കുകയും അവയുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുകയുമാണ് ഈ സംവിധാനത്തിൻ്റെ പ്രധാന ലക്ഷ്യമെന്ന് അമൃത സർവ്വകലാശാല ഡീൻ ഡോ. കൃഷ്ണശ്രീ അച്യുതൻ പറഞ്ഞു.

മുൻപ് രണ്ട് ദിവസത്തിലധികമാണ് നെല്ല് ഉണക്കാൻ സമയം എടുത്തിരുന്നത് എങ്കിൽ ഈ സംവിധാനത്തിലൂടെ വെറും 4 മണിക്കൂർ കൊണ്ട് നെല്ല് ഉണക്കിയെടുക്കാൻ സാധിക്കുന്നുണ്ട് എന്ന് കർഷകരും ചെറുകിട മില്ലുടമകളും വ്യക്തമാക്കുന്നു

മാറി മറിയുന്ന കാലാവസ്ഥ വ്യതിയാനം മൂലം ദുരിതമനുഭവിക്കുന്ന കേരളത്തിലെതടക്കമുള്ള നെൽ കർഷകർക്ക് പുതിയ സംവിധാനത്തിലൂടെ വിള സംരക്ഷണം സാധ്യമാകും. 

ഇത് വഴി കർഷകർക്ക് നെൽകൃഷിയിൽ ആത്മവിശ്വാസം വീണ്ടെടുക്കാനും ഓരോ ധാന്യത്തിനും മികച്ച വില ഉറപ്പാക്കാനും സാധിക്കുകയും ചെയ്യും.

Advertisment