മുത്തങ്ങ വെടിവെപ്പ് അന്നത്തെ സാഹചര്യത്തില്‍ ഉണ്ടായത്. ആരും ആഗ്രഹിച്ചതല്ല. സി കെ ജാനുവിനെ യുഡിഎഫ് ചേര്‍ത്തുപിടിക്കുമെന്ന് വി ഡി സതീശന്‍

ഇങ്ങോട്ട് സമീപിച്ചവരെയാണ് നിലവില്‍ ഉള്‍പ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്നണി വിട്ടവരെ തിരിച്ചെത്തിക്കുന്നത് ചര്‍ച്ചയായില്ലെന്നും അതിന്റെ അര്‍ത്ഥം വാതിലുകള്‍ അടച്ചെന്നല്ലെന്നും അദ്ദേഹം പറഞ്ഞു.

New Update
satheesan

കൊച്ചി: മുത്തങ്ങ വെടിവെപ്പ് അന്നത്തെ സാഹചര്യത്തില്‍ ഉണ്ടായതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആരും ആഗ്രഹിച്ചതല്ലെന്നും സി കെ ജാനുവിനെ യുഡിഎഫ് ചേര്‍ത്തുപിടിക്കുമെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

Advertisment

ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന യുഡിഎഫ് യോഗത്തിന് ശേഷമായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. യോഗത്തില്‍ പി വി അന്‍വറിനെയും സി കെ ജാനുവിനെയും വിഷ്ണുപുരം ചന്ദ്രശേഖരനെയും മുന്നണിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമെടുത്തിരുന്നു.


മൂന്ന് പാര്‍ട്ടികളും ഒരു വ്യവസ്ഥയും മുന്നോട്ട് വെച്ചിട്ടില്ലെന്നും സതീശന്‍ പറഞ്ഞു. ജോസ് കെ മാണി വിഭാഗത്തെ മുന്നണിയുടെ ഭാഗമാക്കുമോയെന്ന ചോദ്യത്തിന് ഒരു പാര്‍ട്ടിയുമായും ഇപ്പോള്‍ ചര്‍ച്ച നടത്തുന്നില്ലെന്നായിരുന്നു മറുപടി. 


ഇങ്ങോട്ട് സമീപിച്ചവരെയാണ് നിലവില്‍ ഉള്‍പ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്നണി വിട്ടവരെ തിരിച്ചെത്തിക്കുന്നത് ചര്‍ച്ചയായില്ലെന്നും അതിന്റെ അര്‍ത്ഥം വാതിലുകള്‍ അടച്ചെന്നല്ലെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മുമായോ ബിജെപിയുമായോ പ്രാദേശിക സഖ്യം പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'തോല്‍വി മറയ്ക്കാന്‍ ബോംബും വാളുകളുമായി സിപിഎം അക്രമം നടത്തുന്നു. കേരളം ഈ അക്രമം തിരിച്ചറിയും. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. 


പാര്‍ട്ടികളെ മാത്രം ചേര്‍ത്തല്ല യുഡിഎഫ് അടിത്തറ വിപുലീകരിക്കുന്നത്. വലിയ പൊളിറ്റിക്കല്‍ പ്ലാറ്റ്ഫോം സൃഷ്ടിക്കാനാണ് യുഡിഎഫ് നീക്കം. സിപിഎം, ബിജെപി പാര്‍ട്ടികളുമായി പ്രാദേശിക തലത്തില്‍ ഒരുതരത്തിലും സഹകരിക്കില്ല, വി ഡി സതീശന്‍ പറഞ്ഞു.


മൂന്നാം പിണറായി സര്‍ക്കാര്‍ വരില്ലെന്നും നൂറ് സീറ്റ് യുഡിഎഫ് നേടുമെന്നും വി ഡി സതീശന്‍ പറഞ്ഞു. തോറ്റെന്ന് ഇതുവരെ എല്‍ഡിഎഫ് മനസ്സിലാക്കിയിട്ടില്ല. തോറ്റിട്ടില്ല എന്നാണ് ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്. 

തിരുത്തലിന് എല്‍ഡിഎഫ് തയ്യാറല്ല. തിരുത്താതെ ഇങ്ങനെ തന്നെ പോയാല്‍ മതി എല്ലാം പൂര്‍ണമാകും. യുഡിഎഫിന് ഭൂരിപക്ഷ പ്രീണനമോ ന്യൂനപക്ഷ പ്രീണനമോ ഇല്ല. മുനമ്പത്തും പള്ളുരുത്തിയിലും ഒക്കെ യുഡിഎഫ് സ്വീകരിച്ച നയം ഇതാണ്. 

യുഡിഎഫിന്റേത് കൃത്യമായ രാഷ്ട്രീയ നിലപാടുകളാണ് അതില്‍ ആകാശം ഇടിഞ്ഞു വീണാലും വെള്ളം ചേര്‍ക്കില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

Advertisment