ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ കാലുകൾ അറ്റുപോയ മാധ്യമപ്രവർത്തകന് നഷ്ടപരിഹാരത്തിന് അർഹതയുണ്ട്

റെയിൽവെ ആക്ടിലെ 'സ്വയം വരുത്തിവച്ച പരിക്ക് ' എന്നത് മനപ്പൂർവ്വമായ ഉദ്ദേശത്തോടെ ചെയ്യുന്നതാകണമെന്നും കേവലമായ അശ്രദ്ധയിൽ സംഭവിക്കുന്ന അപകടം അത്തരത്തിലുള്ളതല്ലെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് എസ് മനു യാത്രക്കാരന് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്.

New Update
highcourt

കൊച്ചി : ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ കാലുകൾ അറ്റുപോയ യാത്രക്കാരന് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന ഉത്തരവുമായി ഹൈക്കോടതി. 

Advertisment

റെയിൽവെ ക്ലെയിംസ് ട്രിബ്യൂണൽ ഉത്തരവിനെതിരെ മാധ്യമ പ്രവർത്തകനായിരുന്ന യാത്രക്കാരൻ സിദ്ധാർത്ഥ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി.


ട്രെയിനിൽ ഓടിക്കയറിയത് മൂലമുള്ള പരിക്ക് യാത്രക്കാരന്റെ പിഴവ് മൂലമെന്നും യാത്രക്കാരൻ നഷ്ട പരിഹാരത്തിനർഹനല്ല എന്നുമായിരുന്നു ട്രിബ്യൂണൽ വിധിച്ചത്. 


എന്നാൽ, റെയിൽവെ ആക്ടിലെ 'സ്വയം വരുത്തിവച്ച പരിക്ക് ' എന്നത് മനപ്പൂർവ്വമായ ഉദ്ദേശത്തോടെ ചെയ്യുന്നതാകണമെന്നും കേവലമായ അശ്രദ്ധയിൽ സംഭവിക്കുന്ന അപകടം അത്തരത്തിലുള്ളതല്ലെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് എസ് മനു യാത്രക്കാരന് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. എട്ടു ലക്ഷം രൂപയാണ് റയിൽവെ നഷ്ടപരിഹാരമായി നൽകേണ്ടത്.

2022 നവംബർ 19 നാണ് കൈരളി ടി വിയിൽ മാധ്യമ പ്രവർത്തകനായിരുന്ന സിദ്ധാർത്ഥ് ഡൽഹിയിലേക്ക് ട്രെയിൻ കയറുന്നത്.


സൂറത്ത് റെയിൽവേ സ്റ്റേഷനിൽ വെള്ളം വാങ്ങാനിറങ്ങിയ സിദ്ധാർത്ഥ് ട്രയിൻ ഓടി തുടങ്ങിയപ്പൊൾ കയറാൻ ശ്രമിക്കുകയും വീഴുകയുമായിരുന്നു. 


അപകടത്തിൽ രണ്ട് കാലുകളും നഷ്ടപ്പെട്ട സിദ്ധാർത്ഥിന് ആശ്വാസമാണ് ഹൈക്കോടതി വിധി. ഹർജിക്കാരന് വേണ്ടി പി ആദിൽ, മുഹമ്മദ് ഇബ്രാഹിം, ഷബീർ അലി എന്നിവർ ഹാജരായി.

Advertisment