എറണാകുളത്ത് പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. സ്വകാര്യ ആശുപത്രിയിലെ ചികിത്സാപിഴവുമൂലമാണെന്നാരോപിച്ച്‌ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി

പകൽ 12.50ന് പെൺകുഞ്ഞിന് ജന്മം നൽകി. അരമണിക്കൂർ കഴിഞ്ഞപ്പോൾ അമിതരക്തസ്രാവമുണ്ടെന്നും രക്തസ്രാവം നിൽക്കാത്തതിനാൽ ഗർഭപാത്രം നീക്കംചെയ്യണമെന്നും ഡോക്ടർ പറഞ്ഞതനുസരിച്ച് സമ്മതം നൽകിയെന്നും കൂടുതൽ സൗകര്യങ്ങളുള്ള മറ്റേതെങ്കിലും ആശുപത്രിയിൽ കൊണ്ടുപോകാൻ ചോദിച്ചിട്ടും അനുവദിച്ചില്ലെന്നും കാവ്യയുടെ അച്ഛൻ പ്രകാശൻ പറഞ്ഞു.

New Update
img(197)

കൊച്ചി: എറണാകുളം പറവൂരിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. പട്ടണം പള്ളിയിൽ കാവ്യമോളാണ്‌ (30) ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. 

Advertisment

പറവൂരിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സാപിഴവുമൂലമാണെന്നാരോപിച്ച്‌ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. പറവൂർ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

കഴിഞ്ഞ 24ന് സ്വകാര്യ ആശുപത്രിയിലായിരുന്നു കാവ്യയുടെ രണ്ടാമത്തെ പ്രസവം. മുറിയിൽനിന്ന്‌ നടന്നാണ് കാവ്യ പ്രസവമുറിയിലേക്ക് പോയതെന്ന് ബന്ധുക്കൾ പറഞ്ഞു. 

പകൽ 12.50ന് പെൺകുഞ്ഞിന് ജന്മം നൽകി. അരമണിക്കൂർ കഴിഞ്ഞപ്പോൾ അമിതരക്തസ്രാവമുണ്ടെന്നും രക്തസ്രാവം നിൽക്കാത്തതിനാൽ ഗർഭപാത്രം നീക്കംചെയ്യണമെന്നും ഡോക്ടർ പറഞ്ഞതനുസരിച്ച് സമ്മതം നൽകിയെന്നും കൂടുതൽ സൗകര്യങ്ങളുള്ള മറ്റേതെങ്കിലും ആശുപത്രിയിൽ കൊണ്ടുപോകാൻ ചോദിച്ചിട്ടും അനുവദിച്ചില്ലെന്നും കാവ്യയുടെ അച്ഛൻ പ്രകാശൻ പറഞ്ഞു.

തുടർന്ന് വൈകിട്ട് നാലോടെ ഹൃദയാഘാതം ഉണ്ടായതായി ഡോക്ടർമാർ പറഞ്ഞു. ആരോഗ്യനില വഷളായതിനാൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസ് ആശുപത്രി അധികൃതർതന്നെ ഏർപ്പാടാക്കി 9.30ന് അവിടെയെത്തിച്ചു. 

ആന്തരികാവയവങ്ങളുടെ പ്രവർത്തനം തകരാറിലായതോടെ ഗുരുതരാവസ്ഥയിലാകുകയും ബുധൻ വൈകിട്ട് 5.45ന് മസ്തിഷ്‌കമരണം സംഭവിക്കുകയുമായിരുന്നു. 

എറണാകുളം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കാരം നടത്തി. ഭർത്താവ്: സനീഷ് (ഏഴിക്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ). മകൻ: ജൈത്രവ്. അമ്മ: സൈന.​

Advertisment