പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു. ചികിത്സാ പിഴവെന്ന് ആരോപണം

അപകട നിലയിൽ ആയിട്ടും ആദ്യ ഘട്ടത്തിൽ യുവതിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ അധികൃതർ വിസമ്മതിച്ചതായും ആരോപണമുണ്ട്. 

New Update
w-412,h-232,croprect-1x0x1278x719,imgid-01kdxxqvdt66z6h4anqenf7t24,imgname-kavyamol-death-1767309569466

കൊച്ചി: വടക്കൻ പറവൂരിലെ ഡോൺ ബോസ്‌കോ ആശുപത്രിയിൽ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു. ചികിത്സാ പിഴവാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. 

Advertisment

പട്ടണം പള്ളിയിൽ കാവ്യമോളാണ്‌ (30) ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഡിസംബർ 24ന് ആയിരുന്നു പറവൂർ ഡോൺബോസ്കോ ആശുപത്രിയിൽ യുവതിയുടെ രണ്ടാമത്തെ പ്രസവം നടന്നത്. 

പകൽ 12:50 ന് പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. പ്രസവ ശേഷം അമിത രക്തസ്രാവം ഉണ്ടെന്നും യൂട്രസ് നീക്കം ചെയ്യണമെന്നും ഡോക്ടർമാർ പറഞ്ഞു.

തുടർന്ന് കാവ്യയുടെ യൂട്രസ് നീക്കം ചെയ്തു. ഇതോടെ യുവതിയുടെ നില ഗുരുതമാവുകയായിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു. അപകട നിലയിൽ ആയിട്ടും ആദ്യ ഘട്ടത്തിൽ യുവതിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ അധികൃതർ വിസമ്മതിച്ചതായും ആരോപണമുണ്ട്. 

വൈകുന്നേരം നാല് മണിയോടെ ഹൃദയാഘാതം ഉണ്ടായതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് കൊച്ചിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ വെന്‍റിലേറ്റർ സൗകര്യമുള്ള ആംബുലൻസ് ആശുപത്രി അധികൃതർ തന്നെ ഏർപ്പാടാക്കി 9.30ന് അവിടെയെത്തിച്ചു.

ആന്തരികാവയവങ്ങളുടെ പ്രവർത്തനം തകരാറിലായതോടെ ഗുരുതരാവസ്ഥയിലാകുകയും ബുധനാഴ്ച വൈകുന്നേരം 5.45ന് മസ്തിഷ്‌ക മരണം സംഭവിക്കുകയും ചെയ്തു. 

എറണാകുളം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം സംസ്കാരം നടത്തി. സംഭവത്തിൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. 

ഇതേ ആശുപത്രിയുടെ ചികിത്സാ പിഴവിൽ നിരവധി ആളുകൾക്ക് ജീവൻ നഷ്ടമായത് ഉൾപ്പടെയുള്ള അനുഭവങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നുണ്ട്. എന്നാല്‍, ചികിത്സാ പിഴവ് ഉണ്ടായെന്ന ആരോപണം ആശുപത്രി നിഷേധിക്കുകയാണ്.

Advertisment