കൊട്ടിഘോഷിച്ച് ആരംഭിക്കുന്ന പുതിയ മലയാളം വാർത്താ ചാനൽ സംപ്രേഷണം തുടങ്ങും മുൻപ് തന്നെ 'എയറിൽ'. സ്ഥാപനത്തിലെ നിർണായക ചുമതലക്കാരൻ ഉദ്ഘാടനത്തിന് മുൻപേ രാജിവച്ച് പുറത്തു പോയി. രാജിയ്ക്ക് കാരണം സഹജീവനക്കാരുമായുണ്ടായ അഭിപ്രായ ഭിന്നത. ക്ഷീണം മാറ്റാൻ റിപ്പോർട്ടറിൽ നിന്നുൾപ്പെടെ പ്രമുഖ മാധ്യമപ്രവർത്തകരെ സ്വന്തം പാളയത്തിലെത്തിക്കാൻ നീക്കവുമായി ബി​ഗ് ടി.വി. ചാനൽ കൂടുമാറ്റങ്ങൾ വീണ്ടും തകൃതിയാകുമ്പോൾ

അനിൽ അയിരൂരിൻ്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന അജി പുഷ്കറാണ് ചാനലിനെ തുടക്കത്തിലെ വിവാദത്തിലേക്ക് തള്ളി വിട്ടത്. 

New Update
BIG-TV

കൊച്ചി: മലയാളത്തിൽ പുതുതായി വരുന്ന വാർത്താ ചാനൽ സംപ്രേഷണം ആരംഭിക്കുന്നതിന് മുൻപ് തന്നെ വിവാദം 'എയറിൽ' .

Advertisment

ചാനലിൻ്റെ ഓഗ്മെൻ്റഡ് റിയാലിറ്റി വിഭാഗം ഹെഡും ക്യാമറ വിഭാഗം മേധാവിയുമായ ആൾ രാജി വെച്ചതാണ് ചാനൽ എയറിൽ വരുന്നതിനും മുൻപ് തന്നെ വിവാദം എയറിലാകാൻ കാരണം. 

ട്വൻ്റി ഫോർ ന്യൂസ്, റിപ്പോർട്ടർ ടി വി, സീ കേരളം ചാനലുകളിൽ പ്രവർത്തിച്ചിരുന്ന അനിൽ അയിരൂരിൻ്റെ നേതൃത്വത്തിൽ തുടങ്ങുന്ന ബിഗ് ടിവി വാർത്താ ചാനലിലാണ് പുത്തരിയിൽ കല്ലുകടിച്ചത് പോലെ വിവാദം കൊടിയേറിയിരിക്കുന്നത്. 


അനിൽ അയിരൂരിൻ്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന അജി പുഷ്കറാണ് ചാനലിനെ തുടക്കത്തിലെ വിവാദത്തിലേക്ക് തള്ളി വിട്ടത്. 


റിപോർട്ടർ ടിവിയിൽ  പ്രൊമോ പ്രൊഡ്യൂസറായി പ്രവർത്തിക്കുന്ന ജി. ഗോപനെ  ബിഗ് ടിവിയിൽ എടുത്തതാണ് അജി പുഷ്കറിനെ പ്രകോപിപ്പിച്ചത്. അജി പുഷ്കർ റിപ്പോർട്ടർ വിട്ടത് ഗോപനുമായുളള ഭിന്നതയെ തുടർന്നായിരുന്നു. 

ഇത് നന്നായി അറിയുന്ന അനിൽ അയിരൂർ, ഗോപനെ ബിഗ് ടിവിയിൽ ഉയർന്ന പദവിയിൽ നിയമിച്ചതാണ് അജി പുഷ്കറിനെ രോഷാകുലനാക്കിയത്. 

ട്വൻ്റി ഫോർ ന്യൂസിൽ പ്രവർത്തിക്കുന്ന കാലം മുതൽ അനിൽ അയിരൂരിൻ്റെ വിശ്വസ്ത വൃന്ദത്തിൽപ്പെട്ടയാളാണ് ജി.ഗോപൻ. ആർ. ശ്രീകണ്ഠൻ നായരുമായി പിണങ്ങി ട്വൻ്റി ഫോറിൽ നിന്ന് ഇറങ്ങി അനിൽ അയിരൂർ റിപോർട്ടർ ടിവിയിലേക്ക് വന്നപ്പോൾ ടീമായി ഒപ്പം വന്നവരാണ് അജി പുഷ്കറും ജി.ഗോപനും. 


എന്നാൽ മാനേജ്മെൻ്റുമായുള്ള ഭിന്നതയെ തുടർന്ന് റിപോർട്ടർ ടിവിയിൽ നിന്നും അനിൽ അയിരൂർ ഇറങ്ങിയപ്പോൾ അജി പുഷ്കറും ജി. ഗോപനും അവിടെ തുടർന്നു. പിന്നീട്  ഉണ്ടായ ഭിന്നതകളെ തുടർന്നാണ് ഇരുവരും അകന്നത്. 


ഗോപൻ്റെ മേൽനോട്ടത്തിലുള്ള റിപോർട്ടറിലെ ഗ്രാഫിക്സ് വിഭാഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും തുടർന്ന് ഉണ്ടായ  ചില പരാതികളുമായിരുന്നു ഭിന്നതക്ക് വഴിവെച്ചത്. 

പരാതി വന്നതിന് പിന്നാലെ അജി പുഷ്കർ റിപ്പോർട്ടർ വിട്ടു. റിപോർട്ടറിൽ നിന്ന് സീ കേരളം ബിസിനസ്സ് ഹെഡായി പോയ അനിൽ ആയിരൂർ അവിടെ നിന്നും മാനേജ് മെൻ്റുമായി തെറ്റി പുറത്തുവന്നു. 

പുതിയ ചാനൽ തുടങ്ങുന്നതിനുള്ള നീക്കത്തിലാണ് അജി പുഷ്കറും അനിൽ അയിരൂരും വീണ്ടും ഒരുമിച്ചത്. എന്നാൽ യോജിപ്പ് അൽപ്പായുസായി പോയി. ജി. ഗോപനെ കൊണ്ടുവരാനുള്ള തീരുമാനത്തോട് കലഹിച്ച് രാജി വെച്ച അജി പുഷ്കർ വൈകാതെ റിപോർട്ടർ ടിവിയിലേക്ക് മടങ്ങിയേക്കും. 


ഗോപൻ പോയ നഷ്ടം നികത്താൻ ആളെ തിരയുന്ന  റിപോർട്ടർ മാനേജ്മെൻറ്  ഓഗ്മെൻ്റഡ് റിയാലിറ്റി പ്രെഡക്ഷനിൽ പരിചയ സമ്പന്നനായ അജി പുഷ്കറിനെ തിരിച്ചെടുക്കാൻ നിർബന്ധിതമായി എന്നാണ് സൂചന.


ജനുവരി പകുതിയോടെ ലോഞ്ച് ചെയ്യാൻ ലക്ഷ്യമിട്ട് നീങ്ങുന്നതിന് ഇടയിലാണ് ബിഗ് ടിവിയെ രാജി വിവാദം ഗ്രസിച്ചിരിക്കുന്നത്.

മീഡിയാ വണിൽ നിന്ന് ഇറങ്ങിയ വേണു ബാലകൃഷ്ണൻ്റെ നേതൃത്വത്തിലുള്ള ടീമാണ് അനിൽ അയിരൂരിൻ്റെ പുതിയ വാർത്താ ചാനൽ സംരംഭത്തിൽ പ്രവർത്തിക്കുന്നത്. 


വേണുവിൻ്റെ തൊട്ടുതാഴെ സുപ്രധാന പദവിയിൽ സുജയ പാർവതി എത്തും. ഇപ്പോൾ റിപ്പോർട്ടർ ടി വി യിൽ പ്രവർത്തിക്കുന്ന സുജയ , ഏറ്റവും അവസാന ഘട്ടത്തിൽ മാത്രമേ ടീമിൽ ജോയിൻ ചെയ്യുകയുള്ളു. 


ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ബ്യൂറോ ചീഫ് ആയിരുന്ന ജോഷി കുര്യൻ ബിഗ് ടിവിയിൽ ജോയിൻ ചെയ്തു. ന്യൂസ് മലയാളം ചാനലിൽ നിന്ന് ലക്ഷ്മ  പത്മ, ന്യൂസ് 18 ചാനലിൽ നിന്ന് അപർണ കുറുപ്പ് എന്നിവരും ബിഗ് ടീവി ടീമിൽ എത്തിയിട്ടുണ്ട്.

റിപോർട്ടർ ടി വി യിൽ നിന്ന് കൂടുതൽ പേർ അനിൽ അയിരൂരിന്ന് ഒപ്പം ചേരുമെന്ന് സൂചനയുണ്ട് ശമ്പള വിതരണം പൂർത്തിയായാൽ  ഉടൻ തന്നെ രാജി ഉണ്ടായേക്കും.

Advertisment